കൊച്ചി: നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത്. കൊച്ചിയിലെ നടിയുടെ വീട്ടിൽ ലഹരി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്നും അത്തരം പാർട്ടികളിൽ പെൺകുട്ടികളും യുവാക്കളും ഉൾപ്പെടെ പങ്കെടുത്തുവെന്നാണ് ആരോപണം. എസ്എസ് മ്യൂസിക്കിന്റെ ഒരു ചർച്ചയ്ക്കിടെയാണ് ഗായിക സുചിത്ര നടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
റിമയുടെ കരിയറിനെ ഇത്തരം പാർട്ടികൾ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു പാർട്ടിയിലും ഉപയോഗിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഗായിക പറയുന്നു. ഇത്തരത്തിൽ പെൺകുട്ടികളേ ഉൾപ്പെടെ പങ്കെടുപ്പിക്കുന്ന പാർട്ടികൾ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവർ ചോദിക്കുന്നുണ്ട്.
റിമയുടെ വീട്ടിലെ പാർട്ടിയിൽ എത്രയെത്ര പെൺകുട്ടികൾ പങ്കെടുത്തുവെന്ന് അറിയാമോയെന്ന് ചോദിക്കുന്ന ഗായിക തനിക്ക് ആദ്യം ഇത്തരം കാര്യങ്ങൾ റിമയെക്കുറിച്ച് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നുണ്ട്. റിമയുടെ വീട്ടിലെ പാർട്ടിയിൽ പങ്കെടുത്ത ചില മലയാളം ഗായകർ അവിടെ നടക്കുന്ന കാര്യങ്ങൾ വളരെ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു.
‘റിമ കല്ലിങ്കലിന്റെ കരിയറിനെ ബാധിച്ചെങ്കിൽ, അത് പ്രധാനമായും അവർ നടത്തിയ പാർട്ടികളാണ്. ചില കാര്യങ്ങൾ ഒരിക്കലും മുതിർന്നവരുടെ പാർട്ടിയിൽ പോലും ഉപയോഗിക്കരുത്. കൊച്ചിയിലെ റെയ്ഡുകളെല്ലാം നടന്നത് റിമ കല്ലിങ്കലിനും അവരുടെ അന്നത്തെ കാമുകൻ ആഷിഖ് അബുവിനുമെതിരെയല്ലേ ?”സുചിത്ര പറയുന്നു.
റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ, എത്ര പെൺകുട്ടികൾ ലഹരിവസ്തുക്കളുമായി പാർട്ടി നടത്തിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോയെന്ന് സുചിത്ര ചോദിച്ചു. പുരുഷന്മാരും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്ന് അവർ പറഞ്ഞു.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ശക്തമായ ഭാഷയിലാണ് നടിക്കെതിരെ കമന്റുകളിൽ പ്രതിഷേധം ഉയരുന്നത്. ഇത്രയും പരസ്യമായി ഒരാൾ നടിയെക്കുറിച്ച് പറഞ്ഞിട്ടും എന്തുകൊണ്ടാണ് അധികൃതർ വിഷയത്തിൽ നടപടിയെടുക്കാൻ തയ്യാറാകാത്തതെന്നും ചോദ്യം ഉയരുന്നുണ്ട്. മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, വിവാദവിഷയമായ ‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ എടുത്തത് കൊണ്ട് മാത്രം താൻ മാഫിയ തലവൻ ആകില്ലെന്നും നിയമസംവിധാനം വഴി ലഹരി മാഫിയയെ കണ്ടെത്താമെന്നും ആഷിക്ക് അബു പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണമെന്നും ടെലിവിഷൻ അഭിമുഖത്തിൽ ആഷിക്ക് അബു പറഞ്ഞു.
‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ ഞാൻ സംവിധാനം ചെയ്തു അത് ഇന്നുമൊരു കൾട്ട് ആയി ആളുകൾ ആസ്വദിക്കുന്നുണ്ട്. അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം എന്റെ മേൽ വന്നത്. ഇത്തരത്തിൽ വാദം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. പരാതി കൊടുത്താൽ എന്തായാലും അതിന്മേൽ അന്വേഷണം ഉണ്ടാകുമല്ലോ. ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാൽ അതിൽ അന്വേഷണം വേണമെന്നാണ് എന്റെ അഭിപ്രായം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ അതിൽ അന്വേഷണം വേണം. ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം,’ ആഷിഖ് അബു പറഞ്ഞു.
മട്ടാഞ്ചേരി ഗ്യാങ്ങിന്റെ തലവൻ താൻ ആണെന്നുള്ള വാദത്തിനും ആഷിഖ് അബു മറുപടി നൽകുന്നുണ്ട്. ‘ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ്. ഞങ്ങൾ സുഹൃത്തുക്കൾ ആയിട്ടുള്ളവരാണ് ആ ഗ്യാങ്ങിൽ ഉള്ളത്. സുഹൃത്ത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങൾക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമർശനങ്ങളായി കണ്ടാൽ മതി,’ ആഷിഖ് അബു പറഞ്ഞു.