ന്യൂഡല്‍ഹി: മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയും മകനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരാണെന്നു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡ. ഈ മാസം എട്ടാം തീയതി മുതല്‍ രാഹുല്‍ ഗാന്ധി അമേരിക്ക സന്ദര്‍ശനം നടത്താനിരിക്കെ പിടിഎയ്ക്ക നല്കിയ അഭിമുഖത്തിലാണ് സാം ഇത്തരത്തില്‍് അഭിപ്രായപ്പെട്ടത്. രാഹുലിന് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള എല്ലാ കഴിവുകളുമുണ്ട്. പിതാവ് രാജീവ് ഗാന്ധിയെക്കാള്‍ ബുദ്ധിശാലിയും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിവുള്ളയാളുമാണ് രാഹുല്‍. ഇരുവരും ഇന്ത്യയെന്ന എന്ന ആശയത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാളുകളാണ്.
രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശന വേളയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപി നടത്തിയ വിമര്‍ശനങ്ങളെയും പിത്രോഡ തള്ളി.
ആശയവിനിമയത്തിന്റെ കാര്യത്തില്‍ സ്വദേശമോ വിദേശമോ എന്ന വേര്‍തിരിവില്ല. എവിടെയിരുന്നു പറഞ്ഞാലും ലോകം മുഴുവന്‍ തല്‍സമയം കേള്‍ക്കും. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ രാജ്യത്തിനെതിരായ വിമര്‍ശനമായി വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ നേതാവിന്റെ ഉത്തവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു
അടുത്ത ആഴ്ച്ചത്തെ രാഹുലിന്റെ യുഎസ് സന്ദര്‍ശനത്തെക്കുറിച്ച് സംസാരിച്ച പിത്രോഡ രാഹുലുമായി പരമാവധി ആളുകള്‍ക്ക് ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുമെന്നു പറഞ്ഞു. ദേശീയ പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുമായി ആശയവിനിമയം നടത്തും ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലവന്‍ പറഞ്ഞു.
സെപ്തംബര്‍ എട്ടു മുതല്‍ 10 വരെ യുഎസ് സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി വാഷിംഗ്ടണ്‍ ഡിസിയിലും ഡാളസിലും ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലും ടെക്‌സസ് സര്‍വകലാശാലയിലും ഉള്‍പ്പെടെ നിരവധി ആശയവിനിമയങ്ങള്‍ നടത്തും.
രാഹുലിനെക്കുറിച്ച് സാം പിത്രഡോ പറഞ്ഞതിങ്ങനെ. രാഹുല്‍ കൂടുതല്‍ ബുദ്ധിജീവിയാണ്, ചിന്തകനാണ്. രാഹുലിനും രാജീവിനും വലിയ വ്യക്തിപരമായ ആവശ്യങ്ങളൊന്നുമില്ല. ജനങ്ങളോടൊപ്പം നില്ക്കുകയാണ് ഇവരുടെ പ്രധാന താത്പര്യമെന്നു മനസിലാക്കിയതായും കോണ്‍ഗ്രസ് നേതാവ് ചിക്കാഗോയില്‍ നിന്ന് പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്താമക്കി.
രാഹുല്‍ ജീവിതത്തില്‍ രണ്ട് വലിയ ആഘാതങ്ങളിലൂടെ കടന്നുപോയി, മുത്തശ്ശിയും പിതാവിന്റെയും മരണങ്ങളെ നേരിട്ട് അഭിമുഖീകരിക്കേണ്ടി വന്നു.
രാഹുല്‍ഗാന്ധി ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നു രണ്ട് ഭാരത് ജോഡോ യാത്രകളിലുടെ കൂടുതല്‍ വ്യക്തമായി. രാഹുലിനെ അപകീര്‍ത്തിപ്പെടുത്താനായി എതിരാളികള്‍ വ്യക്തിഹത്യ കാമ്പയിനുകള്‍ നടത്തിയപ്പോഴും രാഹുല്‍ പതറിയില്ല. സാധാരണ ഒരാള്‍ പതറിപ്പോകുമായിരുന്ന സ്ഥലത്തു നിന്നാണ് രാഹുല്‍ ഉയര്‍ത്തെഴുന്നേറ്റ് പ്രവര്‍ത്തിക്കുന്നതെന്നും സാം പിത്രോഡാ കൂട്ടിച്ചേര്‍ത്തു