വിക്ടോറിയ: കാനഡയിലെ വിക്ടോറിയയിൽ നടന്ന ‘ഡാൻസ് ടു ക്യൂർ കാൻസർ’ എന്ന പരിപാടിയിലൂടെ കാൻസർ രോഗികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ഹൈമാവതി സൈബീഷ്.
ഡോക്ടർ സൈബീഷിന്‍റെയും രശ്മിയുടെയും മകളായ ഹൈമാവതി, നുപുര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് ആർട്ടിസ്റ്റ്ക് ഡയറക്ടറായ ഗായത്രിദേവി വിജയകുമാറിന്‍റെ ശിഷ്യയാണ്. അഞ്ചാം വയസ്സുമുതൽ ഭരതനാട്യവും കുച്ചിപ്പുടിയും അഭ്യസിക്കുന്ന ഹൈമാവതി, തന്‍റെ കലാപ്രതിഭ കാൻസർ രോഗികളുടെ സേവനത്തിനായി ഉപയോഗിക്കുകയാണ്.
ബ്രിട്ടിഷ് കൊളംബിയ കാൻസർ ഫൗണ്ടേഷന്‍റെ കീഴിലുള്ള, വാൻകൂവർ ഐലൻഡ് കാൻസർ സെന്‍ററിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൈമാവതി ഈ പരിപാടി സംഘടിപ്പിച്ചത്. കാൻസർ ചികിത്സയ്ക്കുള്ള ഉപകരണങ്ങൾ വാങ്ങുകയും, റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതിനാണ് സമാഹരിച്ച തുക ഉപയോഗിക്കുക.