വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രസിഡന്റ് മത്സരത്തിലേയ്ക്ക് ഡെമോക്രാറ്റ് നാമനിര്‍ദ്ദേശം ഏറ്റെടുത്തതിനുശേഷം തന്റെ റിപ്പബ്ലിക്കന്‍ എതിരാളിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപുമായി നടത്തിയ ആദ്യത്തെ പൊതു സംവാദം 90 മിനിറ്റ് നീണ്ടുനിന്ന തീപാറിയ വാക്ക് പോരുകള്‍ക്കൊടുവില്‍ അവസാനിച്ചു.
തന്റെ മുന്‍ സംവാദത്തില്‍ അന്നത്തെ എതിരാളിയായിരുന്ന പ്രസിഡന്റ് ജോ ബൈഡനെ നിര്‍ത്തിപ്പൊരിച്ച ട്രംപിന് കമലയ്ക്കുമുമ്പില്‍ പഴയ പ്രകടനം അതേ നിലയില്‍ തുടരാന്‍ കഴിഞ്ഞില്ല. എതിരാളിയെ വ്യക്തഹത്യ നടത്തിയും വംശീയാധിക്ഷേപം നടത്തിയും പോലും ദുര്‍ബലമാക്കുന്ന ട്രംപ് തന്ത്രം കമലയ്ക്കുമുന്നില്‍ അത്രകണ്ട് ഫലപ്രദമായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ട്രംപിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആക്രമണശൈലിയെക്കുറിച്ചും നന്നായി പഠിച്ചറിഞ്ഞ് ഗൃഹപാഠം ചെയ്തുകൊണ്ടാണ് കമല സംവാദത്തിനെത്തിയത് എന്ന് അവരുടെ മികച്ച പ്രകടനം തെളിയിച്ചു.
പക്ഷെ ഇരുവരും തങ്ങളുടെ വാദങ്ങളും നിലപാടുകളും ആരോപണങ്ങളും നിരത്തുന്നതില്‍ ചടുലമായ നീക്കങ്ങളാണ് നടത്തിയതെന്ന് വ്യക്തമാണ്.
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ട്രംപിന്റെ ദൗര്‍ബല്യമാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ പ്രചാരണം അക്കാര്യത്തില്‍ മിതത്വം പാലിക്കണമെന്ന് അറിയിച്ചിരുന്നു. പക്ഷെ അപ്രതീക്ഷിതമായി കമല തന്നെ ട്രംപിനെ ചില ഘട്ടങ്ങളില്‍ വ്യക്തിരമായി ആക്രമിച്ചതോടെ ട്രംപും പഴയ പാതയിലേക്ക് തിരിഞ്ഞു.