വാഷിംഗ്ടൺ: ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ബഹിരാകാശ നടത്ത ദൗത്യം ‘പൊളാരിസ് ഡോണ്‍’ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി. സിവിലിയന്‍ ബഹിരാകാശ പര്യവേഷണത്തിന്‌റെയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സ്‌പേസ് എക്‌സിന്‌റെ സുപ്രധാന പദ്ധതികളുടെയും ഒരു പ്രധാന നാഴികക്കല്ലാണ് പൊളാരിസ് ദൗത്യം.
ഭൂമിയില്‍ നിന്ന് 650 ൽ ഏറെ കിമീ അകലെയാണ് സ്‌പേസ് വാക്ക് നടത്തിയത്. സ്‌പേസ് എക്‌സ് നടത്തുന്ന ആദ്യ സ്പേസ് വാക്ക് ആണിത്. ഷിഫ്റ്റ്4 സിഇഒ ജാരെഡ് ഐസക്മാന് വേണ്ടി സ്‌പേസ് എക്‌സ് നടത്തുന്ന മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശ യാത്രയാണ് പൊളാരിസ് ഡോൺ.
2024 സെപ്തംബര്‍ 10-നാണ് നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കോടീശ്വരനായ ജാരെഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള നാല് സിവിലിയന്‍ ബഹിരാകാശയാത്രികര്‍ അടങ്ങുന്ന പോളാരിസ് ഡോണ്‍ സംഘം വിക്ഷേപിച്ചത്. 1,400 കിലോമീറ്റര്‍ ഉയരത്തില്‍ എത്തി ദൗത്യം ഇതിനകം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. അപ്പോളോ യുഗത്തിനുശേഷം മനുഷ്യന്‍ നേടിയ ഏറ്റവും ഉയര്‍ന്ന ഭൗമ ഭ്രമണപഥമാണിത്.
ഈ അഞ്ചുദിന ദൗത്യത്തില്‍ മലയാളിയായ മെഡിക്കൽ വിദഗ്ധൻ ഡോ. അനിൽ മേനോന്റെ പങ്കാളി അന്ന ഉള്‍പ്പെടെ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര.
ഷിഫ്റ്റ്4 പേയ്മെന്റ്സ് സിഇഒ ജാറഡ് ഐസക്മാൻ, സ്പേസ് എക്സ് എൻജിനീയർമാരായ സാറാ ഗിലിസ്, അന്ന മേനോൻ, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ ഇരുപതുകാരൻ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് സംഘാംഗങ്ങൾ. ഇതുവരെ പരിശീലനം ലഭിച്ച, സർക്കാരിന്റെ ഭാഗമായി നടക്കുന്ന ബഹിരക്ഷ ദൗത്യത്തിന്റെ ഭാഗമായവർ മാത്രമാണ് ‘സ്പേസ് വാക്’ നടത്തിയിട്ടുള്ളത്.