വാഷിങ്ടൺ: റഷ്യക്കെതിരായ യുദ്ധത്തിൽ നാറ്റോ സഖ്യത്തിന്റെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന യുക്രെയ്ൻ ആവശ്യത്തിൽ തീരുമാനമെടുക്കാതെ യു.എസും ബ്രിട്ടനും. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറും വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയാണ് വ്യക്തമായ നിലപാട് സ്വീകരിക്കാതെ അവസാനിപ്പിച്ചത്.
സ്റ്റോം ഷാഡോ മിസൈലിനെ കുറിച്ച് മാത്രമല്ല, പശ്ചിമേഷ്യ ഉൾപ്പെടെ മറ്റു നിരവധി തന്ത്രപ്രധാന വിഷയങ്ങളിലും ചർച്ച നടന്നെന്ന് കൂടിക്കാഴ്ചക്ക് ശേഷം കെയിർ സ്റ്റാർമർ പറഞ്ഞു. ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകിയാൽ നാറ്റോ സഖ്യം റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിലാണെന്ന് കണക്കാക്കുമെന്നും യുദ്ധത്തിന്റെ സ്വഭാവം മാറുമെന്നും വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, പുടിന്റെ യുദ്ധഭീഷണി ബൈഡൻ തള്ളി. പുടിനെ കുറിച്ച് താൻ അധികം ചിന്തിക്കുന്നില്ലെന്നും ബൈഡൻ പ്രതികരിച്ചു. 305 കിലോമീറ്റർ വരെ ദൂരത്തുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ കഴിയുന്ന ബ്രിട്ടന്റെ സ്റ്റോം ഷാഡോ മിസൈലുകളടക്കം ഉപയോഗിക്കാൻ അനുമതി നൽകണമെന്നാണ് യുക്രെയ്ന്റെ ആവശ്യം.