വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ജോ ബൈഡനേയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനേയും ആരും കൊല്ലാന്‍ പോലും ശ്രമിക്കുന്നില്ലെന്ന പോസ്റ്റ് ഡിലീറ്റ് ചെയ്ത് ടെക് ബില്ല്യണയര്‍ എലോണ്‍ മസ്‌ക്. ചിലര്‍ ഡൊണാള്‍ഡ് ട്രംപിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് എക്സിലെ ഒരു ഉപയോക്താവ് എലോണ്‍ മസ്‌കിനോട് ചോദിച്ചു. ഇതിന് മറുപടിയായാണ് പ്രസിഡന്‍റ് ജോ ബൈഡനേയും ഡൊമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസിനെയും ആരും കൊല്ലാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടെന്ന് മസ്ക് ചോദിച്ചത്.
മസ്കിന്‍റെ പരാമർശത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. വിമർശനം ശക്തമായതോടെ പണി പാളിയെന്ന് മനസിലാക്കിയ മസ്ക് കുറിപ്പ് മുക്കി തടിയൂരുകയായിരുന്നു. നേരത്തേ തൻ്റെ അനുകൂലിയായി കണക്കാക്കപ്പെടുന്ന ഇലോണ്‍ മസ്‌കിനെ താന്‍ പ്രസിഡന്റായാല്‍ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇരുവരും തമ്മിൽ വലിയ സൗഹൃദമാണ് ഉള്ളതെന്ന് ഏവർക്കും അറിയുന്നതാണ്.