ലോസാഞ്ചലസ്: ലോക സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മൂത്ത സഹോദരന്‍ ടിറ്റോ ജാക്‌സന്‍ (70) അന്തരിച്ചു.
ജാക്‌സന്‍ സഹോദരങ്ങള്‍ 9 പേരിലെ മൂന്നാമനായിരുന്നു ടിറ്റോ. മൈക്കല്‍ ജാക്‌സനും ഉള്‍പ്പെട്ട ‘ജാക്‌സന്‍ 5’ കുടുംബ ബാന്‍ഡിലെ അംഗമായിരുന്നു. ബാന്‍ഡിലെ പശ്ചാത്തലഗായകനും ഗിറ്റാറിസ്റ്റുമായിരുന്ന ടിറ്റോ പിന്നീട് ടിറ്റോ ടൈം (2016), വണ്‍ വേ സ്ട്രീറ്റ് (2017) സോളോ ആല്‍ബങ്ങളിലൂടെയും ശ്രദ്ധ നേടി.
പിതാവ് ജോ ജാക്‌സന്റെ ശിക്ഷണത്തിലായിരുന്നു എല്ലാവരും സംഗീതം അഭ്യസിച്ചത്. മൈക്കലിനും ടിറ്റോയ്ക്കും പുറമേ ജാക്കി, ജെര്‍മെയ്ന്‍, മാര്‍ലോണ്‍ എന്നിവരായിരുന്നു ബാന്‍ഡിലെ മറ്റ് അംഗങ്ങള്‍. ‘എബിസി’, ‘ഐ വാണ്ട് യു ബാക്ക്’ തുടങ്ങിയ ശ്രദ്ധേയമായ സംഗീത ആല്‍ബങ്ങളിലൂടെ 1970കളില്‍ ഇവര്‍ തരംഗം സൃഷ്ടിച്ചു. 2009 ജൂണില്‍ 50-ാം വയസ്സിലായിരുന്നു മൈക്കല്‍ ജാക്‌സന്റെ മരണം. ടിറ്റോയുടെ മക്കളായ ടിജെ ടാജ്, ടാരില്‍ എന്നിവര്‍ക്ക് 3ടി എന്ന പേരില്‍ സ്വന്തം സംഗീതബാന്‍ഡുണ്ട്