ന്യൂയോർക്ക്: കാഴ്ചയില്ലാത്തവർക്ക് കാണാൻ സഹായിക്കുന്ന ഉപകരണം ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്ക് നിർമിക്കുന്നു. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവർക്ക് ന്യൂറാലിങ്കിന്റെ ‘ബ്ലൈൻഡ് സൈറ്റ്’ എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാണാൻ സാധിക്കുമെന്നും സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചെന്നും ശതകോടീശ്വരനായ ഇലോൺ മസ്‌ക് അറിയിച്ചു.
ദൃശ്യങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറിന്റെ ഭാഗമായ വിഷ്വൽ കോർട്ടക്സിന് കേട് പറ്റിയിട്ടില്ലെങ്കിൽ, ജന്മനാ അന്ധതയുള്ളവർക്കു പോലും കാഴ്ച ‘അനുഭവിക്കാൻ’ ഇതുവഴി സാധിക്കും. തുടക്കത്തിൽ പഴയ വിഡിയോ ഗെയിമുകളിലേതുപോലെ കുറഞ്ഞ റെസലൂഷനിലായിരിക്കും കാഴ്ചയെങ്കിലും ഭാവിയിൽ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് റഡാർ പോലെ സ്വാഭാവിക കാഴ്ചശക്തിയെക്കാൾ വ്യക്തമായി കാണാൻ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഉപകരണം നിർമിക്കുന്നതിനുള്ള അനുമതി നൽകിയതിനൊപ്പം എഫ്ഡിഎയിൽ നിന്നുള്ള ‘ബ്രേക്ക് ത്രൂ ഡിവൈസ്’ പദവിയും ന്യൂറാലിങ്കിന്റെ ‘ബ്ലൈൻഡ് സൈറ്റ്’ ഉപകരണത്തിന് ലഭിച്ചു. ജീവനു ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്‌ക്കോ രോഗനിർണയത്തിനോ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കാണ് എഫ്ഡിഎ ബ്രേക്ക്ത്രൂ ഡിവൈസ് പദവി നൽകുക. ചിന്തകളിലൂടെ കംപ്യൂട്ടർ ഉപകരണങ്ങൾ നിയന്ത്രിക്കാൻ മനുഷ്യനെ പ്രാപ്തമാക്കുന്ന ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പ് മനുഷ്യരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 8 പേരിൽ കൂടി ഈ ഉപകരണം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കമ്പനി.
‘സ്റ്റാർ ട്രെക്ക്’എന്ന പ്രശസ്ത സിനിമ ഫ്രാഞ്ചൈസിയിലെ ‘ജിയോർഡി ലാ ഫോർജ്’ എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചാണ് മസ്‌ക് ‘ബ്ലൈൻഡ് സൈറ്റ്’ പ്രഖ്യാപിച്ചത്. ജന്മനാ കാഴ്ചയില്ലാത്ത ഈ കഥാപാത്രത്തിന് വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ കാഴ്ച ലഭിക്കുന്നുണ്ട്. ഇതിനു സമാനമായി കണ്ണട പോലെ ധരിക്കാവുന്ന രീതിയിലാവും ‘ബ്ലൈൻഡ് സൈറ്റ്’ ക്യാമറ നിർമിക്കുക. ഈ ക്യാമറയിൽ നിന്നുള്ള പാറ്റേണുകൾ വിഷ്വൽ കോർട്ടെക്സിൽ സ്ഥാപിച്ചിരിക്കുന്ന ചെറു ചിപ്പുകൾ (മൈക്രോ ഇലക്ട്രോഡ് അറേ) വഴി പുനരാവിഷ്കരിച്ചാണ് കാഴ്ച സാധ്യമാക്കുന്നത്. ഉപകരണം എന്നു തയാറാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.