വാഷിംഗ്ടണ്‍: തനിക്കെതിരെ നടന്ന രണ്ടാം വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും രൂക്ഷമായി വിമർശിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് രംഗത്ത്. ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ രണ്ടാം വധശ്രമത്തിന് കാരണമായെന്നാണ് ട്രംപ് പറയുന്നത്. തന്നെ കൊല്ലാന്‍ വന്ന ആള്‍ ബൈഡനേയും കമലയേയും കേള്‍ക്കുന്നവനാണ്. അതനുസരിച്ചാണ് അയാള്‍ പ്രവര്‍ത്തിക്കുന്നത്. ബൈഡന്റേയും കമലയുടേയും പ്രസംഗവിദ്യ തനിക്കെതിരായ വധശ്രമത്തിന് കാരണമായെന്നും ട്രംപ് ആരോപിച്ചു.
താന്‍ രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ രാജ്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേരത്തെ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അമേരിക്കന്‍ സീക്രട്ട് സര്‍വീസിന് ട്രംപ് നന്ദി പറഞ്ഞിരുന്നു. ഷെരീഫ് റിക് ബ്രാഡ്‌ഷോയുടെ പേര് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ നന്ദി വാക്കുകള്‍. തന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ അവര്‍ മനോഹരമായി ജോലി ചെയ്തു. അമേരിക്കക്കാരന്‍ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് എക്‌സില്‍ കുറിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഡൊണാൾഡ് ട്രംപിനെതിരെ വധശ്രമം നടന്നത്. വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബില്‍വെച്ചാണ് സംഭവം നടന്നത്. ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ തോക്കുമായി മറഞ്ഞിരുന്ന പ്രതി ഒന്നിലേറെ തവണ വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്തിനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.