ദില്ലി: ക്വാഡ്, യു എൻ ഉച്ചകോടികൾക്കായി അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്തയാഴ്ച കാണും എന്ന ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന വലിയ ചർച്ചയാകുമ്പോഴും മൗനം പാലിച്ച് ഇന്ത്യ. അമേരിക്കയിലെത്തുള്ള മോദിയെ കാണുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായ ട്രംപ് പറഞ്ഞത്. ഇതിനോട് പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുവരെയും തയ്യാറായിട്ടില്ല.
മോദി – ട്രംപ് കൂടിക്കാഴ്ച എന്നാകും എന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളും ഇതുവരെയും പുറത്തുവന്നിട്ടില്ല. ട്രംപിനൊപ്പം കമല ഹാരിസിനെയും പ്രധാനമന്ത്രി കാണുമോ എന്നതും വ്യക്തമല്ല. ഇന്ത്യൻ വംശജരുടെ വോട്ട് നിർണായകമാകുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ പിന്തുണക്ക് വലിയ പ്രധാന്യമുണ്ട്. അതുകൊണ്ടുതന്നെ മോദി പരസ്യമായി ആരെയെങ്കിലും പിന്തുണക്കുമോ എന്നത് കണ്ടറിയണം. ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. ക്വാഡ് ഉച്ചകോഡിയിൽ പങ്കെടുക്കുന്ന മോദി യുഎൻ ആസ്ഥാനത്ത് ഭാവിക്കായുള്ള ഉച്ചകോടിയിലും സംസാരിക്കും.