ഡെലവെയർ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകൊണ്ട് കൊത്തിയ ട്രെയിൻ മോഡൽ സമ്മാനിച്ചു. ഇന്ത്യയിലെ പാസഞ്ചർ ട്രെയിനുകളിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഫോർമാറ്റിലാണ് വെള്ളി കൊണ്ട് നിർമിച്ച ഈ ട്രെയിൻ മോഡലുള്ളത്.
ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ഡെലവെയറിൽ നടത്തിയ ഉച്ചക്കോടിയിലാണ് മോദി ബൈഡന് സമ്മാനം നൽകിയത്. ഡെലവെയറിലെ ഗ്രീൻവില്ലിലെ വസതിയിലാണ് പ്രധാനമന്ത്രി മോദിയെ ബൈഡൻ സ്വീകരിച്ചത്. ഇരു നേതാക്കളും പരസ്പരം ആലിംഗനം ചെയ്ത ശേഷം മോദിയുടെ കൈപിടിച്ചാണ് ബൈഡൻ വീട്ടിലേക്ക് അദ്ദേഹത്തെ ആനയിച്ചത്.
മോദി സമ്മാനിച്ച ട്രെയിൻ മോഡലിന്റെ വശങ്ങളിൽ ‘ഡൽഹി– ഡെലവെയർ’ എന്നും എൻജിന്റെ വശങ്ങളിൽ ഇന്ത്യൻ റെയിൽവേയ്സ് എന്നും ഇംഗ്ലിഷിലും ഹിന്ദിയിലും ആലേഖനം ചെയ്തിട്ടുണ്ട്. വെള്ളി കരകൗശലത്തിൽ സമ്പന്നമായ പാരമ്പര്യത്തിന് പേരുകേട്ട മഹാരാഷ്ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധരാണ് ഇത് നിർമിച്ചത്. ഈ മോഡലിൽ 92.5% വെള്ളിയിലാണെന്ന് അധികൃതർ പറഞ്ഞു.
പ്രഥമവനിത ജിൽ ബൈഡന് പ്രധാനമന്ത്രി മോദി കശ്മീരി പഷ്മിന ഷാളും സമ്മാനിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുകയും ഇന്ത്യ-പസഫിക് മേഖല ഉൾപ്പെടെയുള്ള ആഗോള, പ്രാദേശിക വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തതായി ബൈഡനുമായി താൻ നടത്തിയ കൂടിക്കാഴ്ച്ച അങ്ങേയറ്റം ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.