അജു വാരിക്കാട്
ഫ്യൂസ്റ്റൺ: ഡബ്ലിയു എം സി ഹ്യൂസ്റ്റൺ പ്രോവിൻസ് കുടുംബ സംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി നാലാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കേരള ഹൗസിൽ വച്ച് നടത്തുവാൻ ഡബ്ലിയു എം സി ഹ്യൂസ്റ്റൺ നേതൃത്വ യോഗം തീരുമാനിച്ചു.
ഡബ്ലിയു എം സി കുടുംബത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വിദ്യാഭ്യാസ മേഖലയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയവരെ ആദരിക്കുന്നതും ഈ പരിപാടിയുടെ സവിശേഷതയാണ്.
സെപ്റ്റംബർ 22 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നേർക്കാഴ്ച ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രസിഡൻറ് റോയി മാത്യു അധ്യക്ഷത വഹിച്ചു. അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ഡബ്ലിയു എം സി ഹ്യൂസ്റ്റൺ പ്രോവിൻസ് ചെയർമാനും നേർക്കാഴ്ച പത്രാധിപരുമായ സൈമൺ വളാച്ചേരിയെ ഹ്യൂസ്റ്റൺ പ്രോവിൻസ് യോഗമധ്യേ ആദരിക്കുകയുണ്ടായി.
മൂന്ന് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകളാണ് കുടുംബ സംഗമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രദേശത്തെ കുട്ടികളുടെ കഴിവുകളെ മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ കാലമത്രയും മുൻനിരയിൽ നിന്നിട്ടുള്ള ഡബ്ലിയു എം സി ഹ്യൂസ്റ്റൺ പ്രോവിൻസ് നേതൃത്വം ഇത്തരം ഒരു ഒത്തുചേരൽ സംഘടിപ്പിക്കുന്നതിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
റീജിയണൽ ട്രഷറർ സജി പുളിമൂട്ടിൽ സെക്രട്ടറി ജിൻസ് മാത്യു (റിവർസ്റ്റോൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് കൂടിയാണ് ) മാഗ് പ്രസിഡൻറ് മാത്യൂസ് മുണ്ടക്കൽ ഫോമാ സതേൺ റീജിയൻ ചെയർമാൻ വർഗീസ് മാത്യു (രാജേഷ് ), ഫോമാ നാഷണൽ കൗൺസിൽ മെമ്പർ രാജൻ യോഹന്നാൻ , പി ആർ ഓ അജു വാരിക്കാട് , തോമസ് മാമ്മൻ ജോഷി മാത്യു എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ ഒരു കമ്മിറ്റിയാണ് പ്രോഗ്രാം നടത്തുന്നത്.
ഡബ്ലിയു എം സി യെ സ്നേഹിക്കുന്ന എല്ലാവരും ഈ വർഷത്തെ കുടുംബ സംഗമവും പുതുവത്സരാഘോഷ പരിപാടിയിലും കടന്നുവരണം എന്ന് പ്രസിഡൻറ് റോയി മാത്യു യോഗത്തിന് ശേഷം ഓർമിപ്പിച്ചു.