സാന്‍ ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ തന്നെക്കുറിച്ച് മോശം കഥകള്‍ മാത്രമാണ് കാണിക്കുന്നതെന്ന് ആരോപിച്ച് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. മാത്രമല്ല, വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയാല്‍ ടെക് ഭീമനെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപിന്റെ വാക്കുകള്‍ എത്തിയത്.
തന്നെക്കുറിച്ച് മോശം കഥകളും തന്റെ ഡെമോക്രാറ്റിക് എതിരാളിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെക്കുറിച്ച് പോസിറ്റീവ് ലേഖനങ്ങളുമാണ് ഗൂഗിള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും തിരഞ്ഞെടുപ്പിലെ ഈ നഗ്‌നമായ ഇടപെടലിന് നീതിന്യായ വകുപ്പ് അവരെ ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇല്ലെങ്കില്‍, നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായി, ഞാന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍, പരമാവധി തലത്തില്‍ അവരുടെ പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ റേസ് 2024’ എന്ന വിഷയത്തില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ്.
അതേസമയം, ഏതെങ്കിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി തിരയല്‍ ഫലങ്ങളില്‍ കൃത്രിമം കാണിക്കുന്നില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഗൂഗിള്‍.