വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യത്തിൻ്റെ ഇറാഖിലെ സൈനിക ദൗത്യം അടുത്ത വർഷത്തോടെ അവസാനിപ്പിക്കാൻ യുഎസ് തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഇറാഖ് സർക്കാരുമായി യു.എസ് വെള്ളിയാഴ്ച കരാറിൽ ഒപ്പുവച്ചു. 20 വർഷത്തിലേറെ നീണ്ട യുഎസ് സൈനിക സാന്നിധ്യമാണ് ഇതോടെ അവസാനിക്കുക. യുഎസ് സൈന്യം വളരെക്കാലമായി കൈവശപ്പെടുത്തിയിരുന്ന ധാരാളം താവളങ്ങൾ ഇറാഖിലുണ്ടായിരുന്നു. പിൻമാറ്റം സംബന്ധിച്ച് പെൻ്റഗൺ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിംഗാണ് മാധ്യമങ്ങളോട് സംസാരിച്ചത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അവർ തയാറായില്ല
ഇറാഖിൽ ഇപ്പോഴും സേവനമനുഷ്ഠിക്കുന്ന ഏകദേശം 2,500 യുഎസ് സൈനിക ട്രൂപ്പുകളുണ്ട്. സൈനികരിൽ എത്ര പേർ അവിടെ തുടരും അല്ലെങ്കിൽ എല്ലാവരും പൂർണമായും ഇറാഖിൽ നിന്ന് പിൻമാറുമോ എന്ന കാര്യം ബൈഡൻ ഭരണകൂടം വ്യക്തമാക്കാൻ തയാറായിട്ടില്ല.
യുഎസ് സഖ്യ കക്ഷിയായ ഇസ്രായേലും ഇറാൻ്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളായ ഹിസ്ബുള്ളയും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിവാദപരമായ സമയത്താണ് ഈ പ്രഖ്യാപനം.
യുഎസ് സേനയും കരാറുകാരും താമസിക്കുന്ന താവളങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഇറാൻ പിന്തുണയുള്ള തീവ്രവാദികൾ പതിവായി ലക്ഷ്യമിട്ട് ആക്രമിച്ചിരുന്നു. ഏകദേശം ഒരു വർഷം മുമ്പ് ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആക്രമണങ്ങൾ രൂക്ഷമായിരുന്നു.
രണ്ടുഘട്ടമായിട്ടായിരിക്കും സേനാ പിന്മാറ്റം എന്നാണ് അസോഷിയേറ്റ് പ്രെസിൻ്റെ റിപ്പോർട്ട്. ആദ്യഘട്ടം സൈനികർ നവംബറിൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇറാഖിൽ നിന്ന് വിമാനം കയറും. രണ്ടാഘട്ടമായി അടുത്ത ഗ്രൂപ്പ് 2026ലായിരിക്കും ഇറാഖ് വിടുക. തൊട്ടുകിടക്കുന്ന അയൽരാജ്യമായ ഇറാനും അമേരിക്കയും തമ്മിൽ സുഖകരമായ ഒരു ബന്ധം നിലനിർത്താൻ ഇറാഖ് ബുദ്ധിമുട്ടിയിരുന്നു. ഇറാഖിലെ ചില നയപരമായ തീരുമാനത്തെ തുടർന്നാണ് യുഎസ് പിൻമാറ്റം എന്നാണ് ഇറാഖ് അവകാശപ്പെടുന്നത്.