ജോര്‍ജ് കറുത്തേടത്ത്
ഡാളസ്: മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് ബാവായുടെ ഓര്‍പ്പെരുന്നാളും നാല്‍പ്പത്തിനാലാമത് വാര്‍ഷികാഘോഷങ്ങളും 2021 ഒക്‌ടോബര്‍ 15,16,17 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നു.
ഒക്‌ടോബര്‍ പത്താംതീയതി ഞായറാഴ്ച വി. കുര്‍ബാനാനന്തരം വികാരി റവ.ഫാ.ഡോ. രന്‍ജന്‍ മാത്യു കൊടി ഉയര്‍ത്തുന്നതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 15-നു വെള്ളിയാഴ്ച സണ്‍ഡേ സ്കൂളിന്റേയും, മറ്റു ഭക്തസംഘടനകളുടേയും വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.
16-നു ശനിയാഴ്ച വൈകിട്ട് 6.15-നു ഇടവക മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും, സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരിലൊരാളും പ്രഗത്ഭ വാഗ്മിയുമായ വെരി റവ. ഗീവര്‍ഗീസ് പുത്തൂര്‍കുടിലില്‍ കോര്‍എപ്പിസ്‌കോപ്പ വചനപ്രഘോഷണം നടത്തും. പള്ളി ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പെരുന്നാളിനു മാറ്റുകൂട്ടും.
17-നു ഞായറാഴ്ച അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാന ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി, വിശ്വാസികള്‍ അണിനിരന്ന് നടത്തപ്പെടുന്ന ഭക്തിനിര്‍ഭരമായ റാസ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.
തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്. വെള്ളിയാഴ്ച നടത്തപ്പെടുന്ന സണ്‍ഡേ സ്കൂളിന്റേയും, മറ്റു ഭക്തസംഘടനകളുടേയും വാര്‍ഷികവും, ശനിയാഴ്ച നടത്തുന്ന റിട്രീറ്റ്, ഞായറാഴ്ചയിലെ വി. കുര്‍ബാന എന്നിവയും യുട്യൂബ് വഴി സംപ്രേഷണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന സണ്‍ഡേ സ്കൂളിന്റേയും, മറ്റു ഭക്തസംഘടനകളുടേയും വാര്‍ഷികാഘോഷപരിപാടികള്‍ നേരിട്ടും, ഓണ്‍ലൈന്‍ വഴിയും (ഹൈബ്രിഡ് പ്രോഗ്രാം) സംപ്രേഷണം ചെയ്യുന്നതിനും, അനീഷ് പുന്നൂസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടീം ക്രമീകരണങ്ങള്‍ നടത്തിവരുന്നു.
പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വികാരി റവ.ഫാ.ഡോ. രന്‍ജന്‍ മാത്യു, വൈസ് പ്രസിഡന്റ് അലക്‌സ് ജോര്‍ജ്, ട്രഷറര്‍ ജോസഫ് ജോര്‍ജ്, സെക്രട്ടറി ബിജു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിംഗ് കമ്മിറ്റി യോദം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി.
ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റുനടത്തുന്നത് അബ്രഹാം കുരുവിള, ജേക്കബ് ജോണ്‍, ജഗന്‍ ഏബ്രഹാം, പോള്‍ ഒ. ജോണ്‍, റെജി പോള്‍ എന്നിവരും കുടുംബാംഗങ്ങളുമാണ്.
സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.