കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ പൊട്ടിത്തെറിച്ചത് ടിഫിൻ ബോക്സ് ബോംബ്. സ്ഥലത്ത് നിന്നും ഐഇഡി അവശിഷ്ടങ്ങൾ കണ്ടെത്തി. ചാവേർ ആക്രമണമല്ലെന്നും റിമോട്ട് കൺട്രോളറോ മറ്റോ ആകാമെന്നാണ് പ്രാഥമിക വിവരം. ആശങ്കാ ജനകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. മുഖ്യമന്ത്രി പറഞ്ഞു. ഭീകരാക്രമണമാണോ എന്ന് സംശയിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഏതാണെന്ന് വിവരങ്ങൾ കിട്ടട്ടേ, അതിനു ശേഷം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളമശ്ശേരി സംഭവം അതീവ ഗൗരവകരമായ പ്രശ്നമായാണ് കാണേണ്ടതെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പലസ്തീൻ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ ഈ സംഭവം എന്നാണോ വിലയിരുത്തൽ എന്ന ചോദ്യത്തിന് പാലസ്തീൻ സംഭവവുമായി ബന്ധമുണ്ടോ എന്നുള്ളത് പൂർണമായും പരിശോധിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാൽ ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഇത്തരത്തിലുണ്ടാകുന്ന ഒരു സംഭവം ഭീകരവാദ പ്രവർത്തനത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്. അത് സംബന്ധിച്ച് ഗൗരവപൂർവമായ പരിശോധന നടത്തണം, അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെ കുറിച്ച് സംസ്ഥാന പോലീസിനോട് കേന്ദ്ര സർക്കാർ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻ ഐ എ ശേരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ അന്വേഷണം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് എൻഐഎ കടക്കുമെന്നാണ് സൂചന.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെൻററിൽ രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സ്ഥലത്ത് ഐഇഡി ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്ന് പൊലീസ് മേധാവി സ്ഥിരീകരിച്ചു. ഇതോടെ കളമശ്ശേരിയിലേത് തീവ്രവാദ പ്രവർത്തനമാണെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. കേരളത്തെ ഞെട്ടിക്കുന്ന കറുത്ത ഞായറായി മാറുകയാണ് 2023ലെ ഒക്ടോബർ 23.
ഐ.ഇ.ഡി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തത്ക്ഷണം തയ്യാറാക്കപ്പെട്ട സ്ഫോടക ഉപകരണം എന്നതാണ്. ഇതിനു റോഡ് സൈഡ് ബോംബ് എന്നും പേരുണ്ട് .പരമ്പരാഗതമായ യുദ്ധ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇതിന്റെ ഉപയോഗം. ഐ ഇ ഡി കൾ കൂടുതലും തീവ്രവാദികളാണ് ഉപയോഗിച്ച് വരുന്നത് .ഒളിപ്പോരിലും കമാൻഡോ ഓപ്പറേഷനുകളിലും ഇത് ഉപയോഗിക്കാറുണ്ട്.തമിഴ് പുലികൾ ശ്രീലങ്കൻ സൈന്യത്തിന് നേരെ വ്യാപകമായി ഐ ഇ ഡി കൾ ഉപയോഗിച്ചിരുന്നു. ഈ ബോംബാണ് കളമശ്ശേരിയിൽ ഉപയോഗിച്ചതെന്ന് പൊലീസ് തന്നെ സ്ഥിരീകരിക്കുകയാണ്.
പ്രഹര ശേഷി കുറഞ്ഞ സ്ഫോടനമായതു കൊണ്ടാണ് മരണ സംഖ്യ ഉയരാത്തത്. കേന്ദ്ര ഏജൻസിയെ കേരളാ പൊലീസ് കളമശ്ശേരി അന്വേഷണം ഏൽപ്പിക്കും.
ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ വൻ സ്ഫോടനമാണ് ഉണ്ടായത്. ഒരു സ്ത്രീ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. ഒരു കുട്ടി ഉൾപ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവർക്ക് അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്കും ആസ്റ്റർ മെഡിസിറ്റി, സൺറൈസ്, രാജഗിരി അടക്കമുള്ള ആശുപത്രികളിലേക്കും മാറ്റി.
പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാൾ പറഞ്ഞു.