വാഷിങ്ടൺ: ഇന്ത്യയിലെ മതസ്വാതന്ത്ര്യം മോശമാകുന്നുവെന്നും രാജ്യത്ത് വർഗീയ കലാപമുണ്ടാക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം. തുടർച്ചയായി അഞ്ചാം തവണയാണ് ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തിൽ അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യം അങ്ങേയറ്റത്തെ മോശമായ രീതിയിൽ ഹനിക്കപ്പെടുന്നുവെന്നാണ് വൈറ്റ് ഹൗസിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
സർക്കാർ ജീവനക്കാർ അടക്കമുള്ളവർ നടത്തുന്ന വിദ്വേഷപ്രസംഗങ്ങളും അത്തരം തെറ്റായ പ്രചാരണങ്ങളും മതന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണത്തിന് ഇടയാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കുമെതിരെയുള്ള ആക്രമണം വർധിക്കുന്നു. പൗരത്വ നിയമ ഭേദഗതി, ഏകസിവില്‍ കോഡ്, ചില സംസ്ഥാനങ്ങളിലെ ഗോവധനിരോധനം, മതപരിവര്‍ത്തന നിയമങ്ങള്‍ എന്നിവ ന്യൂനപക്ഷാവകാശ ധ്വംസനങ്ങളാണെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 13 സംസ്ഥാനങ്ങളിലും മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മതനേതാക്കളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്നതിലും തടങ്കലിൽ വെക്കുന്നതിലും ആശങ്ക ചൂണ്ടിക്കാട്ടി. യുഎസ് സിഐആർഎഫ് അംഗങ്ങൾക്ക് രാജ്യം സന്ദർശിക്കാനുള്ള വിസ പല തവണയായി ഇന്ത്യ നിഷേധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചില സംസ്ഥാനങ്ങളുടെ പേരെടുത്തു പറഞ്ഞും വിമർശനമുണ്ട്. ഇവിടങ്ങളിൽ മതന്യൂനപക്ഷങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.
ഒരു വർഷത്തിൽ അധികമായി മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തെക്കുറിച്ച് റിപ്പോർട്ടിൽ പ്രത്യേകമായി പരാമർശിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങളുടെ നിരക്കും രാജ്യത്ത് ഗണ്യമായി വർധിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ ആരാധനാലയങ്ങൾ എന്നിവ വ്യാപക ആക്രമണത്തിന് ഇരയാകുന്നു.
ഇക്കാരണങ്ങളാൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കയുളവാക്കുന്ന രാജ്യ’മായി പ്രഖ്യാപിക്കണമെന്നാണ് യു.എസ്. വിദേശകാര്യ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. മതസ്വാതന്ത്ര്യം ലംഘിക്കുന്ന തരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും കരിമ്പട്ടികയിൽ പെടുത്താൻ നിർദേശിക്കണമെന്നും ശുപാർശയുണ്ട്. ഉഭയകക്ഷി ചർച്ചകളിലും അന്താരാഷ്ട്ര ഫോറങ്ങളിലും കളങ്കിതരായ വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
എന്നാൽ റിപ്പോർട്ട് പൂർണ്ണമായും തള്ളുന്നുവെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയം പ്രതികരിച്ചു. യുഎസ് സിഐആർഎഫ് പക്ഷപാതിത്വമുള്ളതും രാഷ്ട്രീയ അജണ്ടയോടെ പ്രവർത്തിക്കുന്നതുമായ സംഘടനയാണെന്നും റിപ്പോർട്ട് തയാറാക്കിയത് രാഷ്ട്രീയ അജണ്ടയോടെയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. സംഘടന അമേരിക്കയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ മനസിലാക്കാൻ സമയം ചെലവിടണമെന്നും പരിഹസിച്ചു. വസ്തുതകളെ തെറ്റായി പ്രചരിപ്പിക്കുന്ന നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് രൺധീർ ജയ്സ്വാൾ പറഞ്ഞത്. റിപ്പോർട്ട് പൂർണ്ണമായും നിഷേധിക്കുന്നതായും ഇത്തരം രാഷ്ട്രീയ അജണ്ടകളിൽനിന്ന് യുഎസ് സിഐആർഎഫ് പിന്മാറണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.