പെൻസിൽവാനിയ: തിരഞ്ഞെടുപ്പു റാലിക്കിടെ ജൂലൈയിൽ ഡോണൾഡ് ട്രംപിനെതിരെ വധശ്രമമുണ്ടായ പെൻസിൽവേനിയയിലെ ബട്ലറിൽ ഫാം ഷോ മൈതാനത്തെ അതേ വേദിയിൽ ട്രംപ് എത്തിയപ്പോൾ ഒപ്പം ഇലോൺ മസ്കും ഉണ്ടായിരുന്നു. ആദ്യമായാണ് മസ്ക് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ട്രംപിന് അതിശക്തമായ പിന്തുണയാണ് മസ്ക് നൽകുന്നത്.
ട്രംപ് എത്തുന്നതിനു മുന്നേ തന്നെ മസ്ക് ബട്ലറിലെ വേദിയിൽ എത്തിയിരുന്നു. മസ്കിനെ സംസാരിക്കാനായി ട്രംപ് വേദിയിലേക്ക് ക്ഷണിച്ചു. എലോൺ മസ്‌ക് മുൻ പ്രസിഡൻ്റിനെ മുത്കകണ്ഠം പ്രശംസിച്ചു.
“ഒരാളുടെ സ്വഭാവം യഥാർത്ഥത്തിൽ മനസ്സിലാകുക ഒരു വലിയ പ്രതിസന്ധി വരുമ്പോഴാണ്. അതുപോലെ ഒരു അഗ്നിപരീക്ഷയാണ് ട്രംപിന് വെടിയേറ്റപ്പോൾ സംഭവിച്ചത്. എന്നാൽ ആ നിമിഷത്തിലും ധൈര്യം കൈവിടാതെ ഫൈറ്റ് എന്ന് മുഷ്ടി ഉയർത്തി വിളിച്ചു പറന്ന ട്രംപിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല” എന്ന് മസ്ക് പറഞ്ഞു.
“ഭരണഘടന സംരക്ഷിക്കാൻ പ്രസിഡൻ്റ് ട്രംപ് വിജയിക്കണം, അമേരിക്കയിൽ ജനാധിപത്യം സംരക്ഷിക്കപ്പെടാൻ അദ്ദേഹം വിജയിക്കണം”,ഇപ്പോൾ ട്രംപിന് വിജയിക്കാൻ തക്ക സാഹചര്യം നിലനിൽക്കുണ്ടെന്നും മസ്ക് പറഞ്ഞു.