മോസ്‌കോ: യുക്രൈന് വേണ്ടി കൂലിപ്പട്ടാളമായ 72 കാരനായ അമേരിക്കന്‍ പൗരനെ റഷ്യന്‍ കോടതി ജയിലിലടച്ചു. വയോധികനായ സ്റ്റീഫന്‍ ജെയിംസ് ഹബ്ബാര്‍ഡിനെയാണ് റഷ്യന്‍ കോടതി ശിക്ഷിച്ചത്. 6 വര്‍ഷവും 10 മാസവുമാണ് ഇയാള്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടത്.
മിഷിഗണ്‍ സ്വദേശിയായ ഹബ്ബാര്‍ഡിനെ കഴിഞ്ഞ ആഴ്ചയാണ് റഷ്യന്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2022 ഏപ്രിലിലാണ് റഷ്യന്‍ സേന സ്റ്റീഫന്‍ ജെയിംസ് ഹബ്ബാര്‍ഡിനെ ഇസ്യൂമിലെ കിഴക്കന്‍ മേഖലയില്‍ നിന്ന് പിടികൂടിയത്. യുക്രൈനിലേക്ക് റഷ്യ ആക്രമണം ആരംഭിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ഇതെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടികാട്ടിയിരുന്നു. യുക്രൈന്‍ കൂലിപ്പട്ടാളമായി പൊരുതുന്നതിന് തുച്ഛ വേതനം ഇയാള്‍ക്ക് ലഭിച്ചിരുന്നതായാണ് റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.
റഷ്യ അനുകൂല നിലപാടാണ് സഹോദരനുള്ളതെന്നും ഈ പ്രായത്തില്‍ ഈ ശിക്ഷ അതിജീവിക്കുക ദുഷ്‌കരമാണെന്നുമാണ് ഇയാളുടെ സഹോദരി പട്രീഷ്യ ഫോക്‌സ് പ്രതികരിച്ചത്. സഹോദരന്‍ സമാധാന പ്രേമിയാണെന്നും സ്വന്തമായി ഒരു തോക്ക് പോലും ഇല്ലാത്തയാള്‍ ആയുധം പ്രയോഗിച്ചുവെന്ന് വിശ്വസിക്കാന്‍ സാധ്യമല്ലെന്നും സഹോദരി അന്താരാഷ്ട്ര മാധ്യമങ്ങളോട് വിവരിച്ചിരുന്നു.
തിങ്കളാഴ്ച വിധി പ്രഖ്യാപനം കേള്‍ക്കാനായി കോടതിയില്‍ ശാരീരിക അസ്വസ്ഥതയോടെ ഏറെ പ്രയാസപ്പെട്ടാണ് ഇയാള്‍ നടന്ന് എത്തിയത്. ഇതിന്റെ വീഡിയോ റഷ്യന്‍ അധികൃതര്‍ പുറത്ത് വിട്ടിരുന്നു. നിലവില്‍ പത്തോളം യു എസ് പൗരന്മാരാണ് റഷ്യന്‍ തടവിലുള്ളതെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍.