വാഷിങ്ടൺ: നൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായേക്കാവുന്ന ‘മിൽട്ടൺ’ അമേരിക്കയിലെ ഫ്ലോറിഡയിൽ കരതൊടാനടുത്ത്. കാറ്റഗറി അഞ്ചിൽപെടുത്തിയ ചുഴലിക്കൊടുങ്കാറ്റ് ടാമ്പ, സെന്റ് പീറ്റേഴ്സ്ബർഗ്, സരസോട തീരങ്ങളിൽ 15 അടിവരെ ഉയരത്തിൽ തിരമാല ഉയർത്തുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച പുലർച്ചയോ വ്യാഴാഴ്ച രാവിലെയോ കരതൊടും.
257 കിലോമീറ്റർവരെ വേഗത്തിലെത്തുന്ന ‘മിൽട്ടൺ’ പശ്ചിമ-മധ്യ ഫ്ലോറിഡയിൽ ജനസാന്ദ്രതയുള്ള കേന്ദ്രങ്ങളിൽ വൻനാശം വിതക്കുമെന്നാണ് ആശങ്ക. 11 കൗണ്ടികളിൽനിന്നായി 59 ലക്ഷം പേരോട് ഒഴിഞ്ഞുപോകാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. നിരവധി പേരുടെ മരണത്തിനിടയാക്കി അടുത്തിടെ വൻ നാശം വിതച്ച ഹെലീൻ ചുഴലിക്കാറ്റിന്റെ ആഘാതത്തിൽനിന്ന് ഉണരുംമുമ്പാണ് യു.എസിനെ ഭീതിയിലാഴ്ത്തി വീണ്ടും ചുഴലിക്കാറ്റെത്തുന്നത്.