ന്യൂഡല്‍ഹി: ചൊവ്വാഴ്ച ഉച്ചക്കു ശേഷം ന്യൂഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം കാനഡയിലെ ഇക്വലൂറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് (സിവൈഎഫ്ബി) തിരിച്ചുവിട്ടു.
എഐ 127 നമ്പര്‍ എയര്‍ ഇന്ത്യ വിമാനത്തിന് സോഷ്യല്‍ മീഡിയ വഴിയാണ് ഭീഷണിയുണ്ടായത്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ബോംബ് ഭീഷണിയാണിത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിമാനങ്ങളില്‍ ഇത്തരത്തിലുള്ള അഞ്ച് ബോംബ് ഭീഷണികളാണുണ്ടായത്.
സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് നിരവധി ഓപ്പറേറ്റര്‍മാരെ ഭീഷണിപ്പെടുത്തിയതായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
വിമാനത്തിലെ യാത്രക്കാരുടെ തുടര്‍യാത്ര പുനരാരംഭിക്കുന്നതുവരെ അവരെ സഹായിക്കാന്‍ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ടില്‍ ഏജന്‍സികളെ സജീവമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
എയര്‍ ഇന്ത്യയും മറ്റ് പ്രാദേശിക വിമാനക്കമ്പനികളും ഈയടുത്ത ദിവസങ്ങളില്‍ നിരവധി ഭീഷണികള്‍ക്ക് വിധേയമായിട്ടുണ്ട്. പിന്നീട് എല്ലാം വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും ഉത്തരവാദിത്തമുള്ള എയര്‍ലൈന്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ എല്ലാ ഭീഷണികളും ഗൗരവമായി എടുക്കുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
അന്താരാഷ്ട്ര വിമാനത്തിന് മാത്രമല്ല ആഭ്യന്തര വിമാനത്തിനും ചൊവ്വാഴ്ച ബോംബ് ഭീഷണിയുണ്ടായി. ചൊവ്വാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്ന് കര്‍ണാടകയിലെ ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായതോടെ സര്‍വീസ് വൈകി. 132 യാത്രക്കാരുമായി ജയ്പൂരില്‍ നിന്ന് വരികയായിരുന്നു വിമാനം.
അയോധ്യയില്‍ അല്‍പ്പനേരം നിര്‍ത്തിയ ശേഷം ബംഗളൂരുവിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജയ്പൂരില്‍ നിന്നാണ് വിമാനം വന്നതെന്നും വിമാനത്താവളത്തില്‍ അടിയന്തര സാഹചര്യമുണ്ടെന്നും അയോധ്യ എയര്‍പോര്‍ട്ട് ഡയറക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു.