Tuesday, October 22, 2024

HomeAmericaട്രംപിനും കമലാ ഹാരിസിനും വാരിക്കോരി കൊടുത്ത് ശതകോടീശ്വരന്‍മാര്‍

ട്രംപിനും കമലാ ഹാരിസിനും വാരിക്കോരി കൊടുത്ത് ശതകോടീശ്വരന്‍മാര്‍

spot_img
spot_img

എ.എസ് ശ്രീകുമാര്‍

അതിഭീമമായ സാമ്പത്തിക ചെലുവരുന്നതാണ് ഒരു രാജ്യത്തിന്റെ ഭരണ സാരഥികളെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്. അമേരിക്കയിലെണെങ്കിലും ഇന്ത്യയിലാണെങ്കിലും പണപ്പിരിവും സംഭാവനകളും സ്‌പോണ്‍സര്‍ഷിപ്പും ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കളറാവില്ല. ഇന്ത്യയില്‍ ടാറ്റായും ബിര്‍ളയും ബജാജും അംബാനിയും അദാനിയുമൊക്കെ തിരഞ്ഞെടുപ്പ്കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളെ അകമഴിഞ്ഞ് സഹായിക്കുന്നവരാണ്.

”ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും…” എന്ന് പറയുന്നതുപോലെ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ അവര്‍ക്കെല്ലാം ‘വേണ്ടവിധ’ത്തില്‍ പ്രത്യുപകാരം ചെയ്യുന്നുമുണ്ട്. രാഷ്ട്രീയ പിരിവിന്റെ കാര്യത്തില്‍ കേരളത്തിലെ നേതാക്കളും ഒട്ടും പിന്നിലല്ല. മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ ബക്കറ്റ് പിരിവ് പ്രസിദ്ധമാണല്ലോ. അതൊക്കെ അന്യം നിന്ന് പോയി. ഇപ്പോള്‍ ഗൂഗിള്‍ പേയോടാണ് ഏവര്‍ക്കും ആഭിമുഖ്യം. ബക്കറ്റ് പിരിവും പാട്ടപ്പിരുവുമൊക്കെയായിരുന്നെങ്കില്‍ ചില്ലറ അടിച്ചുമാറ്റാമായിരുന്നു എന്ന് വിഷമത്തോടെ വിചാരിക്കുന്നവരുമുണ്ട്.

എന്തായാലും പിരിവും സ്‌പോണ്‍സര്‍ഷിപ്പുമൊക്കെ തിരഞ്ഞെടുപ്പിന്റെ അവിഭാജ്യ ഘടകങ്ങളാണ്. കേരളം ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് ചൂടിലാണെങ്കില്‍ അമേരിക്കയിലിപ്പോള്‍ ഏര്‍ലിവോട്ടിങ് കാലമാണ്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ഏര്‍ലി വോട്ടിങ് ഇപ്പോള്‍ നിര്‍ണായകമാണ്. ഇലക്ഷന്‍ ഡേയ്ക്ക് മുമ്പുതന്നെ ജങ്ങള്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാം. ട്രംപും കമലയും തങ്ങളുടെ അണികളോട് വോട്ടുചെയ്യന്‍ മല്‍സരബുദ്ധിയോടെ തന്നെ അഭ്യര്‍ത്ഥിച്ച് മുന്നേറുന്നു.

കമലാ ഹാരിസിന്റെയും ഡോണാള്‍ഡ് ട്രംപിന്റെയും തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കപ്പെടുന്നത്. റേഡിയോ വഴിയും കേബിള്‍ ടി.വി വഴിയുമുള്ള പരസ്യങ്ങളുടെ കുത്തൊഴുക്കാണ്. ഇത്തവണ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി 10 ബില്യന്‍ ചെലവാകുമെന്നാണ് വിലയിരുത്തല്‍. 2020-നേക്കാള്‍ 20-25 ശതമാനം കൂടുതലാണിത്.

സെപ്റ്റംബര്‍ തുടക്കത്തില്‍ കമല ഹാരിസ് മീഡിയ പരസ്യങ്ങള്‍ക്ക് ചെലവാക്കിയത് 135 മില്യനെന്ന് കണക്കുകള്‍. ട്രംപ് ചെലവാക്കിയത് 57 മില്യന്‍ മാത്രം. പക്ഷേ, അതൊന്നും വിധി നിര്‍ണയിക്കുന്ന ഘടകമാവില്ലെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല പരസ്യങ്ങള്‍ കൂടിയാല്‍ അതും തിരിച്ചടിക്കും, പരസ്യങ്ങളുടെ ആധിക്യം സ്ഥാനാര്‍ത്ഥിയില്‍ നിന്നും വോട്ടര്‍മാരെ അകറ്റും എന്നാണ് മുന്നറിയിപ്പ്.

തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ തുകകളാണ് ചില ശതകോടീശ്വരന്‍മാര്‍ നല്‍കിയത്. ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ കമലാ ഹാരിസാണ് മുന്നിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ട്രംപിനെ പിന്തുണയ്ക്കുന്ന സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലേക്ക് (പി.എ.സി) ചില ശതകോടീശ്വരന്‍മാര്‍ കോടിക്കണക്കിന് ഡോളറാണ് ഡൊണേറ്റ് ചെയ്തിരിക്കുന്നത്.

ഇതിനിടെ യു.എസ് ഭരണഘടനയെ പിന്തുണയ്ക്കുന്ന ഒരാള്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചു വരെ ദിവസം 10 ലക്ഷം ഡോളര്‍ നല്‍കുമെന്ന ലോകത്തെ ഒന്നാം നമ്പര്‍ കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം വേറിട്ടതായി. അഭിപ്രായ സ്വാതന്ത്ര്യവും ആയുധം കൈവശം വെക്കാനുള്ള അവകാശവും നല്‍കുന്ന, ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണയ്ക്കുന്നു എന്ന പെറ്റീഷനില്‍ ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാള്‍ക്കാണ് തുക നല്‍കുക. ഇക്കഴിഞ്ഞ ശനിയാഴ്ച പെന്‍സില്‍വേനിയയിലെ പരിപാടിയില്‍ വച്ച് ജോണ്‍ ഡ്രിഹെര്‍ എന്നയാള്‍ക്ക് മസ്‌ക് 10 ലക്ഷം ജോളറിന്റെ ചെക്ക് കൈമാറി.

ഇലോണ്‍ മസ്‌കിന് പുറമെ മിറിയം അഡല്‍സണ്‍, റിച്ചാര്‍ഡ് ഉയ്ലിന്‍, തിമോത്തി മെലോണ്‍ തുടങ്ങിയവരാണ് ട്രംപിന്റെ പ്രചരണത്തിനായി സാമ്പത്തിക സഹായമെത്തിക്കുന്നവരില്‍ പ്രമുഖര്‍. ആകെ 350 മില്യണ്‍ ഡോളറാണ് ഇവര്‍ പി.എ.സിയിലേക്ക് നല്‍കിയത്.

ടെസ്‌ല സി.ഇ.ഒ ആയ ഇലോണ്‍ മസ്‌ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 75 മില്യണ്‍ ഡോളര്‍ ആണ് ട്രംപിനെ പിന്തുണയ്ക്കുന്ന പി.എ.സിയിലേക്ക് സംഭാവനയായി നല്‍കിയത്. പൊതുവെ രാഷ്ട്രീയത്തില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിക്കാത്ത മസ്‌ക് തിരഞ്ഞെടുപ്പ് അടുത്തതോടെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പക്ഷത്തിനായി രംഗത്തെത്തി. കുടിയേറ്റം, ട്രാന്‍സ്‌ജെന്‍ഡര്‍ നയം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും മസ്‌ക് എക്‌സിലൂടെ പങ്കുവെച്ചിരുന്നു.

കാസിനോ മാഗ്‌നറ്റായ ഷെല്‍ഡണ്‍ അഡല്‍സണിന്റെ വിധവയും ഇസ്രായേല്‍ അനുഭാവിയുമായ മിറിയം അഡല്‍സണ്‍ ഇതിനോടകം 95 മില്യണ്‍ ഡോളറാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംഭാവന നല്‍കിയത്. പ്രധാന സംസ്ഥാനങ്ങളില്‍ പ്രചരണം കൊഴുപ്പിക്കാനും പരസ്യങ്ങള്‍ നല്‍കാനുമായി ട്രംപിന്റെ പി.എ.സി സംഘം ഈ തുക ഉപയോഗിച്ചു. 2020-ലും മിറിയം അഡല്‍സണ്‍ ട്രംപിനെ പിന്തുണച്ചിരുന്നു.

ഷിപ്പിംഗ് കമ്പനിയായ യു ലൈനിന്റെ സ്ഥാപകരിലൊരാളാ റിച്ചാര്‍ഡ് ഉയ്ലിന്‍ 49 മില്യണ്‍ ഡോളറാണ് ട്രംപിന്റെ പ്രചരണത്തിനായി നല്‍കിയത്. ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ പ്രമുഖനാണ് ശതകോടീശ്വരനും ബിസിനസുകാരനായ തിമോത്തി മെലോണ്‍. 125 മില്യണ്‍ ഡോളറാണ് ഇദ്ദേഹം സംഭാവനയായി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതും ഇദ്ദേഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശതകോടീശ്വരനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ജോര്‍ജ് സോറോസ്, നിക്ഷേപകനും ടെലിവിഷന്‍ താരവുമായ മാര്‍ക് കൂബന്‍ എന്നിവരാണ് കമലയെ പിന്തുണയ്ക്കുന്നവരില്‍ പ്രമുഖര്‍. സോറോസ് മാനേജ്‌മെന്റ് ഫണ്ടിന്റെ സ്ഥാപകനാണ് ജോര്‍ജ് സോറോസ്. കമലയെ പിന്തുണയ്ക്കുന്നവരില്‍ പ്രമുഖനാണ് ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയര്‍ കൂടിയായ മൈക്ക് ബ്ലൂംബെര്‍ഗ്.

ടെക് മേഖലയിലെ ശതകോടീശ്വരനും ലിങ്ക്ഡ് ഇന്നിന്റെ സ്ഥാപകനുമായ റെയ്ഡ് ഹോഫ്മാന്‍ കമലാ ഹാരിസിനെയാണ് ഇത്തവണ പിന്തുണയ്ക്കുന്നത്. കമലയെ പിന്തുണയ്ക്കുന്ന ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് പി.എ.സിയ്ക്ക് 800 കോടിയോളം രൂപയാണ് റെയ്ഡ് ഹോഫ്മാന്‍ നല്‍കിയത്. 79-ലധികം ശതകോടീശ്വരന്‍മാരാണ് കമലാ ഹാരിസിനെ നിലവില്‍ പിന്തുണയ്ക്കുന്നത്.

കമലാ ഹാരിസിന്റെ പ്രചരണത്തിനും മറ്റുമായി ഏകദേശം 633.2 മില്യണ്‍ ഡോളര്‍ ആണ് സമാഹരിക്കാന്‍ കഴിഞ്ഞത്. ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലാണ് ഇത്രയധികം തുക സമാഹരിക്കാന്‍ ഇവര്‍ക്കായത്. എന്നാല്‍ ഇക്കാലയളവില്‍ ട്രംപിന്റെ പ്രചരണത്തിനായി ധനസമാഹരണം നടത്തുന്ന ട്രംപ്‌സ് നാഷണല്‍ കമ്മിറ്റി ജെ.എഫ്‌സിക്ക് 194.5 മില്യണ്‍ ഡോളര്‍ മാത്രമാണ് സ്വരൂപിക്കാനായത്. ഏതായാലും തിരഞ്ഞെടുപ്പിന്റെ കൗണ്ട്ഡൗണിന് ആവേശവും ആശങ്കയും വധിച്ചിരിക്കുകയാണ്. ചില സംസ്ഥാനങ്ങളില്‍ ഒപ്പത്തിനൊപ്പവും ചിലതില്‍ നേരിയ വ്യത്യാസവുമാണ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍. മറ്റൊരു ഒക്‌ടോബര്‍ സര്‍പ്രൈസിന്റെ പേടി ഇരുവര്‍ക്കുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments