Tuesday, October 22, 2024

HomeAmericaട്രംപിനെ വിജയിപ്പിക്കാന്‍ മസ്‌കിന്റെ മില്യണ്‍ ഡോളര്‍ പാക്കേജിനാവുമോ..?

ട്രംപിനെ വിജയിപ്പിക്കാന്‍ മസ്‌കിന്റെ മില്യണ്‍ ഡോളര്‍ പാക്കേജിനാവുമോ..?

spot_img
spot_img

ന്യൂയോര്‍ക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഭരണഘടനയുമായി ബന്ധപ്പെട്ട തന്റെ നിവേദനത്തില്‍ ഒപ്പ് വയ്ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ദിനംപ്രതി ഒരു മില്യണ്‍ ഡോളര്‍ നല്‍കുമെന്ന ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം ട്രംപിന് ഗുണകരമാകുമോ..? പെന്‍സില്‍വാനിയ സംസ്ഥാനത്ത് നിന്നുള്ള വോട്ടര്‍മാര്‍ക്കാണ് ഈ പണം നേടാനുള്ള അവസരം. വോട്ടെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ച് വരെയാണ് ഈ ഓഫര്‍ നിലവിലുണ്ടാവുക. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മാറ്റ് കൂട്ടുന്ന നിര്‍ണായക പ്രഖ്യാപനമാണ് മസ്‌കിന്റേത്.

പ്രഖ്യാപനം വെറുംവാക്കില്‍ ഒതുക്കുകയല്ല, മറിച്ച് സമ്മാനം കൈമാറിക്കൊണ്ടാണ് മസ്‌ക് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഈ പദ്ധതിയിലെ ആദ്യ വിജയിക്ക് മസ്‌ക് പത്ത് ലക്ഷം ഡോളറിന്റെ ചെക്ക് കൈമാറി കഴിഞ്ഞു. ജോണ്‍ ഡ്രെഹ്‌റര്‍ എന്ന വ്യക്തിയാണ് മസ്‌കിന്റെ വ്യത്യസ്തമായ പ്രചരണ പരിപാടിയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയത്. അമേരിക്ക പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന തന്റെ സംഘടന വഴിയാണ് മസ്‌ക് പണം കൈമാറുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ അറിയിക്കാന്‍ ഇലോണ്‍ മസ്‌ക് ഒട്ടും മടി കാണിച്ചിരുന്നില്ല. ലോകത്തിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരന്‍, നിരവധി പേരുടെ ആരാധനാപത്രമായ സംരഭകന്‍ എന്നീ വിശേഷങ്ങള്‍ കൈമുതലായുള്ള മസ്‌ക് വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കും എന്നാണ് ഡെമോക്രാറ്റുകള്‍ ഭയക്കുന്നത്.

എന്നാല്‍ മസ്‌കിന്റെ പ്രഖ്യാപനം ഏറെ വിവാദങ്ങള്‍ക്ക് കൂടി വഴിയൊരുക്കിയിരിക്കുകയാണ്. സംഭവത്തില്‍ പെന്‍സില്‍വാനിയ ഗവര്‍ണര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മസ്‌ക് തന്റെ സമ്പത്ത് ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുകയാണെന്നും ഇത് വഴി ഡൊണാള്‍ഡ് ട്രംപിന് ജയം ഒരുക്കുകയാണെന്നും കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്‍പും പല വിവാദ പ്രഖ്യാപനങ്ങളും നടത്തിയിട്ടുള്ള മസ്‌ക് പക്ഷേ ട്രംപിനുള്ള പിന്തുണ കൂടുതല്‍ കടുപ്പിക്കുകയാണ് എന്നത് അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ വ്യക്തമാണ്. ഡൊണാള്‍ഡ് ട്രംപും എതിരാളിയും നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലുള്ള പോരാട്ടത്തില്‍ ഏറ്റവും നിര്‍ണായകമായേക്കാവുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് പെന്‍സില്‍വാനിയ. അവിടെയാണ് മസ്‌ക് തന്റെ പണം പ്രചരണത്തിന് ഉപയോഗിക്കുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഏറെയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച വ്യക്തിയായിരുന്നു ഇലോണ്‍ മസ്‌ക്. ബരാക്ക് ഒബാമ, ഹിലരി ക്ലിന്റണ്‍ എന്നിവര്‍ക്ക് അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സാഹചര്യത്തില്‍ ട്രംപിനും റിപ്പബ്ലിക്ക് പാര്‍ട്ടിക്കുമാണ് മസ്‌കിന്റെ പിന്തുണ. കോവിഡ് കാലത്ത് പ്രസിഡന്റ് ബൈഡനുമായി ഇടഞ്ഞിടത്ത് നിന്നാണ് മസ്‌കിന്റെ ഗതിമാറ്റം.

കൂടാതെ വ്യക്തിപരമായ വിഷയങ്ങളും മസ്‌കിനെ സ്വാധീനിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മകള്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന വെളിപ്പെടുത്തലും പേരുമാറ്റവും ഒക്കെ മസ്‌കിനെ വലതുപക്ഷ ചേരിയില്‍ എത്തിച്ചുവെന്നാണ് കരുതുന്നത്. എന്തായാലും വരാനിരിക്കുന്ന തിരഞ്ഞടുപ്പില്‍ മസ്‌കിന്റെ നയങ്ങള്‍ സ്വാധീനം ചെലുത്തുമെന്ന് തന്നെയാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ അതൊരിക്കലും കമല ഹാരിസിനും ഡെമോക്രാറ്റുകള്‍ക്കും ഗുണകരമാവില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments