Friday, November 22, 2024

HomeAmericaപഠനശേഷി വിഭിന്നമായ കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍

പഠനശേഷി വിഭിന്നമായ കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍

spot_img
spot_img

ഡോ. ജോസഫ് സണ്ണി കുന്നശേരി (ഫൗണ്ടര്‍ , പ്രയത്‌ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് , കൊച്ചി)

പഠനവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയില്‍ (വായനയിലോ കണക്കിലോ ഭാഷയിലോ ഉള്‍പ്പെടെ) ചില കുട്ടികള്‍ക്ക് പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെയാണ് പഠനവൈകല്യങ്ങള്‍ എന്നോ വിഭിന്ന പഠനശേഷി എന്നൊക്കെ വിളിക്കുന്നത്. കുട്ടിക്ക് പഠിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടോ ബുദ്ധിയില്ലാത്തത് കൊണ്ടോ അല്ല ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. എന്നുമാത്രമല്ല, പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പലപ്പോഴും ശരാശരിയോ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലോ ഉള്ള ബുദ്ധിലബ്ധി (ഐ.ക്യൂ.) ഉണ്ടാകാറുമുണ്ട്. ഈ കുട്ടികള്‍ക്ക് ലഭിക്കുന്ന വിവരങ്ങളെയും അറിവുകളെയും അവരുടെ തലച്ചോര്‍, മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഈ വ്യത്യാസം അനുഭവപ്പെടുന്നത്. അതിനാല്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിനും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം.

ഉദാഹരണത്തിന് ഡിസ്ലെക്‌സിയയുള്ള ഒരു കുട്ടിക്ക് കാര്യങ്ങള്‍ മനസ്സിലാകുമെങ്കിലും വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഡിസ്‌കാല്‍കുലിയയുള്ള കുട്ടിക്ക് അക്കങ്ങളും കണക്കുകൂട്ടലുകളും മനസ്സിലാക്കാനായിരിക്കും പ്രയാസം. ഈ പ്രശ്‌നങ്ങള്‍ ആജീവനാന്തം നിലനില്‍ക്കാമെങ്കിലും കുട്ടിക്ക് ആവശ്യമായ പിന്തുണ ചുറ്റുപാടുകളില്‍ നിന്നുണ്ടായാല്‍ സ്‌കൂളിലും ജീവിതത്തിലും വിജയിക്കാനാകും. ഇത്തരം പ്രശ്‌നങ്ങള്‍ വളരെ നേരത്തെ കണ്ടെത്തുകയും അവയെ കൈകാര്യം ചെയ്യാനാവശ്യമായ തയാറെടുപ്പുകള്‍ നടത്തുകയുമാണ് അതില്‍ ഏറ്റവും പ്രധാനം.

പഠനവൈകല്യത്തിന്റെ പ്രധാന പ്രത്യേകതകള്‍

പലതരത്തിലാണ് ഓരോ വ്യക്തിയിലും പഠനവൈകല്യങ്ങള്‍ കണ്ടുവരുന്നത്. അത് ഓരോ കുട്ടിയും എന്ത് തരം വെല്ലുവിളിയാണ് നേരിടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. എന്നാല്‍ പഠനവൈകല്യങ്ങള്‍ക്ക് പൊതുവായ ചില ലക്ഷണങ്ങളുമുണ്ട്.

*തുടർച്ചയായി പരിശ്രമിച്ചിട്ടും വായിക്കാനോ എഴുതാനോ കണക്കുകൂട്ടാനോ ബുദ്ധിമുട്ടനുഭവപ്പെടുക

  • *വഴികള്‍ പറഞ്ഞുകൊടുത്താലും അത് പിന്തുടരാനുള്ള പ്രയാസവും കാര്യങ്ങള്‍ ഓര്‍ത്തിരിക്കാനുള്ള ബുദ്ധിമുട്ടും
  • *ചിന്തകളെ ക്രമീകരിക്കുന്നതിനും വ്യക്തമായി ആശയവിനിമയം നടത്തുന്നതിനുമുള്ള പ്രയാസം
  • * ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം സ്‌കൂളിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള വിമുഖതയും തടസങ്ങളും
  • *മോശമായ കൈയക്ഷരവും മനസ്സിലുള്ള കാര്യങ്ങള്‍ എഴുത്തിലൂടെ പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ടും
  • *തുടര്‍ച്ചയായി ഏതെങ്കിലുമൊരു കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക
  • * സമയക്രമം പാലിക്കുന്നതിലും ഏല്പിച്ച കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്തുതീര്‍ക്കുന്നതിലുമുള്ള ബുദ്ധിമുട്ട്സ്‌കൂളിലെ സംസാരത്തിലും പ്രവര്‍ത്തനങ്ങളിലും കളികളിലുമെല്ലാം മിടുക്കരായ കുട്ടികള്‍ പോലും പഠനവിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നത് അധ്യാപകരോ മാതാപിതാക്കളോ ശ്രദ്ധിച്ചേക്കാം.

ബൗദ്ധികമായ ശേഷിയിലും പഠനമികവിലുമുള്ള ഈ അന്തരം, പലപ്പോഴും പഠനവൈകല്യങ്ങളുടെ ലക്ഷണമാകാം

.പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍

സാധാരണ ക്ളാസ്റൂമുകളില്‍ പഠനവൈകല്യമുള്ള കുട്ടികള്‍ പല ബുദ്ധിമുട്ടുകളും നേരിടുന്നു. ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ അവരെ സഹായിക്കുന്നതിനു വേണ്ടി കൊണ്ടുവരാവുന്ന ചില മാറ്റങ്ങളുണ്ട്. ഈ കുട്ടികളുടെ പഠനത്തെ ബാധിക്കാതെ തന്നെ, അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള ചില സജ്ജീകരണങ്ങളാണ് ഇവ.പരീക്ഷാസമയത്തും മറ്റും ഇത്തരത്തില്‍ സ്‌കൂളുകളില്‍ കൊണ്ടുവരാന്‍ കഴിയുന്ന ചില തയാറെടുപ്പുകളെക്കുറിച്ചാണ് ഇനിപ്പറയുന്നത്.

1. അവതരണത്തിലെ മാറ്റങ്ങള്‍

കുട്ടികള്‍ക്ക് ഗ്രഹിച്ചെടുക്കാന്‍ കഴിയുന്ന തരത്തില്‍ ക്ളാസെടുക്കുന്ന രീതിയില്‍ കൊണ്ടുവരാവുന്ന മാറ്റങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അധ്യാപകര്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ മനസ്സിലാക്കാനും ഓര്‍മയില്‍ നിര്‍ത്താനും ഇതവരെ സഹായിക്കും.

* വലിപ്പമേറിയ പ്രിന്റുകളും വ്യത്യസ്തമായ ലിപികളും: വായനസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികളെ വലിപ്പമേറിയ അക്ഷരങ്ങള്‍ കാണിച്ച് പഠിപ്പിക്കുന്നത് ഗുണം ചെയ്യും. ലളിതമായ ലിപികളാണ് ഉപയോഗിക്കേണ്ടത്.

* വര്‍ണക്കടലാസുകള്‍ ഉപയോഗിക്കാം: ആകര്‍ഷകമായ നിറങ്ങളിലുള്ള കടലാസുകളും ബോര്‍ഡുകളും ഉപയോഗിച്ചാല്‍ കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാനും ആശയങ്ങള്‍ അവര്‍ക്ക് പെട്ടെന്ന് മനസിലാക്കിക്കൊടുക്കാനും സാധിക്കും. അങ്ങനെ പഠനം കൂടുതല്‍ രസകരവുമാക്കാം. ദൃശ്യമാധ്യമങ്ങള്‍: ചാര്‍ട്ടുകള്‍, ചിത്രങ്ങള്‍, രൂപരേഖകള്‍, വിഡിയോകള്‍ എന്നിവ പഠനവൈകല്യമുള്ള കുട്ടികളെ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാന്‍ സഹായിക്കും.ഈ രീതികള്‍ ഉപയോഗിക്കുമ്പോള്‍ പഠനവൈകല്യമുള്ള കുട്ടികള്‍ക്കും അവരുടെ സഹപാഠികളെപ്പോലെ തന്നെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനാകും.

2. ഉത്തരങ്ങള്‍ അവതരിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍

പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് അവര്‍ പഠിച്ച കാര്യങ്ങള്‍ മറ്റുകുട്ടികളെ പോലെ അവതരിപ്പിക്കാന്‍ കഴിയണമെന്നില്ല. പരമ്പരാഗത പരീക്ഷകളിലൂടെ അവരുടെ അറിവിനെ അളക്കാനാവില്ല. അതിന്റെ പേരില്‍ അവരെ ശിക്ഷിക്കുന്നതിന് പകരം, ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും.

*പരീക്ഷകള്‍ക്കും അസൈന്‍മെന്റിനും കൂടുതല്‍ സമയം: കൂടുതല്‍ സമയമെടുത്ത് വിവരങ്ങള്‍ ഗ്രഹിക്കുന്നവരായിരിക്കും പഠനവൈകല്യമുള്ള കുട്ടികള്‍. അവരെ ഏല്പിച്ചിട്ടുള്ള പഠനസംബന്ധമായ ജോലികള്‍ ചെയ്യാന്‍ അവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുമ്പോള്‍ അവരുടെ മാനസികസമ്മര്‍ദ്ദം ഒഴിവാക്കാനാകും.

* പകര്‍പ്പെഴുത്തുകാരന്റെ സഹായം: കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ പകര്‍ത്തിയെഴുതാന്‍ ഒരു സ്‌ക്രൈബിന്റെ സഹായം തേടാം. ഡിസ്ഗ്രാഫിയയുള്ള കുട്ടികള്‍ക്ക് എഴുതാന്‍ പ്രയാസമുണ്ടാകും. ഈ ബുദ്ധിമുട്ട് ഒഴിവാക്കി, പകരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഒരു സ്‌ക്രൈബ് കുട്ടികളെ സഹായിക്കും.

*അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകും അവഗണിക്കാം: ഡിസ്ലെക്‌സിയയോ ഭാഷാപരമായ പ്രശ്‌നങ്ങളോ നേരിടുന്ന കുട്ടികളെ, അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കാം. സ്‌പെല്ലിങ് മിസ്റ്റേക്കുകളും ഗ്രാമറിലെ തെറ്റുകളും അവഗണിക്കാം.

* ചുരുങ്ങിയ വാക്കുകളില്‍ ഉത്തരമെഴുതിക്കാം: ചില കുട്ടികള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ വിശദമായി എഴുതാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍, പരമാവധി ചുരുങ്ങിയ വാക്കുകളിലും വാചകങ്ങളിലും അറിയാവുന്ന കാര്യങ്ങള്‍ എഴുതാന്‍ സഹായിക്കാം.

*എപ്പോഴും കൂടെയുള്ള അധ്യാപകര്‍: ഇത്തരം കുട്ടികള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കുന്നതിന് എപ്പോഴും കൂടെയുണ്ടാവുന്ന ഷാഡോ ടീച്ചര്‍മാരെ നിയമിക്കാം. ക്ലാസില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഷാഡോ ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് പ്രചോദനമാകണം.

* കാല്‍കുലേറ്ററുകളും ഗണിത സാമഗ്രികളും ഉപയോഗിക്കാം: ഡിസ്‌കാല്‍കുലിയ ഉള്ള കുട്ടികള്‍ കണക്കില്‍ പിറകിലായിരിക്കും. ഈ പ്രശ്‌നം പഠനത്തെ ബാധിക്കാതിരിക്കാന്‍ കാല്‍കുലേറ്ററുകളും ഗണിത സാമഗ്രികളും ഉപയോഗിക്കാം.

* സാങ്കേതികവിദ്യയുടെ പിന്തുണ: വേര്‍ഡ് പ്രോസസറുകള്‍, സ്പീച്-ടു-ടെക്സ്റ്റ് പ്രോഗ്രാമുകള്‍, പ്രത്യേക സോഫ്ട്‌വെയറുകള്‍ എന്നിവ ഉപയോഗിച്ച് ചിന്തകള്‍ വ്യക്തമായും ഫലപ്രദമായും പങ്കുവെയ്ക്കാന്‍ കുട്ടികളെ സഹായിക്കാം.ഇത്തരം മാര്‍ഗങ്ങള്‍, അറിവ് പങ്കുവെയ്ക്കാനും പഠനത്തില്‍ മികവുപുലര്‍ത്താനും കുട്ടികളെ സഹായിക്കും. പഠനവൈകല്യങ്ങള്‍ കാരണമുണ്ടാകുന്ന തടസ്സങ്ങളെ പരമാവധി ഒഴിവാക്കാനും ഉപകരിക്കും. മറ്റ് കുട്ടികള്‍ക്ക് കിട്ടുന്ന അതേ അവസരങ്ങള്‍ പഠനവൈകല്യമുള്ള കുട്ടികള്‍ക്കും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനുമാകും.

3. ചുറ്റുപാടുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍

  • *കുട്ടികള്‍ പഠിക്കുന്ന അന്തരീക്ഷത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് പഠനസംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക്. ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ നന്നായി ശ്രദ്ധിക്കാനും വിജയിക്കാനും അവസരമുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കാനാകണം.
  • *പരീക്ഷകള്‍ക്കും പഠനപ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക മുറിയൊരുക്കാം. ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ ക്ളാസ്റൂമില്‍ ശ്രദ്ധിച്ചിരിക്കാന്‍ ചില കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണ്. ശാന്തമായ മുറികളില്‍ ഇവര്‍ക്ക് കൂടുതല്‍ നന്നായി പഠിക്കാനാകും.
  • *അനാവശ്യ ശബ്ദങ്ങള്‍ തടയുന്ന നോയിസ് ക്യാന്‍സലിങ് ഹെഡ്ഫോണുകള്‍ ഉപയോഗിച്ചാല്‍ കുട്ടികളുടെ ശ്രദ്ധ മാറിപ്പോകാതെ നോക്കാം. ധാരാളം സഹായവും പിന്തുണയും കിട്ടുന്ന അന്തരീക്ഷത്തില്‍ നന്നായി ശ്രദ്ധിക്കാനും മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും കഴിയും.
  • 4. പാഠ്യപദ്ധതിയിലും വേണം മാറ്റം
  • ചില സാഹചര്യങ്ങളില്‍, പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പാഠ്യപദ്ധതി തന്നെ വേണ്ടിവരാറുണ്ട്. കുട്ടിയുടെ വേഗത്തിനും കഴിവിനുമനുസരിച്ച് കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള സമയവും സാവകാശവും നല്‍കാനാണിത്
  • .*സിലബസ് ഭാരം കുറയ്ക്കാം: കുട്ടിയുടെ ശേഷിക്ക് അനുസരിച്ച് പഠിക്കേണ്ട വിഷയങ്ങളില്‍ കുറവുകള്‍ വരുത്താം.
  • ,*ബുദ്ധിമുട്ടേറിയ വിഷയങ്ങള്‍ ഒഴിവാക്കാം: മറ്റുവഴികളില്ലെങ്കില്‍ രണ്ടാംഭാഷയോ കൂടുതല്‍ വിശദമായ ഗണിതപഠനങ്ങളോ ഒഴിവാക്കാവുന്നതാണ്. പഠനവൈകല്യം ഈ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം പരിഗണിക്കാം. ഓരോ കുട്ടിയുടെയും കഴിവിനും ആവശ്യങ്ങള്‍ക്കുമനുസരിച്ചുള്ള വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും. ബുദ്ധിമുട്ടേറിയ വിഷയങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ കഷ്ടപ്പെടുത്തേണ്ട കാര്യമില്ല.ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്ക് എന്തെല്ലാം ചെയ്യാനാകും
  • * സ്‌കൂളില്‍ പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ആദ്യം യോഗ്യതയുള്ള ഒരു വിദഗ്ധനെക്കൊണ്ട് കുട്ടിയെ പരിശോധിപ്പിക്കണം. നിങ്ങളുടെ കുട്ടിക്ക് എന്തെല്ലാം മാറ്റങ്ങളാണ് വേണ്ടതെന്ന് വിലയിരുത്താന്‍ ഈ പരിശോധന നിര്‍ണായകമാണ്.
  • * സ്‌കൂള്‍ അധികൃതരുമായും അധ്യാപകരുമായും നല്ല ബന്ധമുണ്ടാക്കുകയും അവരെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കുകയും വേണം. മിക്ക സ്‌കൂളുകളിലും സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍മാരും കൗണ്‍സലിംഗ് വിദഗ്ധരുമുണ്ടാകും. നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ ഒരു വ്യക്തിഗത പഠനപദ്ധതി (ഐ.ഇ.പി) രൂപീകരിക്കാന്‍ അവര്‍ സഹായിക്കും.
  • * നിങ്ങളുടെ കുട്ടിയുടെ അവകാശങ്ങളെപ്പറ്റിയും അവര്‍ക്ക് വേണ്ട സജ്ജീകരണങ്ങളെക്കുറിച്ചും നിരന്തരം പഠിച്ചുകൊണ്ടിരിക്കുക. കുട്ടികള്‍ക്ക് ആവശ്യത്തിന് പിന്തുണ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതിനുവേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുക.ചുറ്റുപാടുകളില്‍ ശരിയായ മാറ്റങ്ങള്‍ കൊണ്ടുവരാനായാല്‍, പഠനവൈകല്യമുള്ള കുട്ടികള്‍ക്കും പഠനത്തില്‍ മികവ് പുലര്‍ത്താനും ജീവിതത്തില്‍ വിജയിക്കാനും കഴിയും. ഓരോ കുട്ടിയും നേരിടുന്ന വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്നതിന് ആവശ്യമായ പിന്തുണയും ഉപകരണങ്ങളും അവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments