വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പണമൊഴുക്കി വിജയിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് ടെല്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ആണെങ്കില്‍ കമല ഹാരിസിന്റെ പ്രവര്‍ത്തനങ്ങള പിന്തുണയ്ക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കി കട്ടയ്ക്ക് നില്‍ക്കുകയാണ് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ്. 50 മില്ല്യണ്‍ ഡോളറാണ് സംഭാവന കൊടുത്തത്. ഇതുവരേയും കമലയ്ക്ക് ബില്‍ഗേറ്റ്‌സ് പരസ്യ പിന്തുണ നല്‍കിയിട്ടില്ല. എന്നാല്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമലയ്ക്കുള്ള സംഭാവന ചര്‍ച്ചയായി മാറി കഴിഞ്ഞു.
ട്രംപ് വീണ്ടും അധികാരത്തിലേറിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള ആശങ്ക ബില്‍ഗേറ്റ്‌സ് നേരത്തേ അടുത്ത സുഹൃത്തുക്കളോട് പങ്കുവെച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ബില്‍ഗേറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചത്. കുടുംബാസൂത്രണം, ആരോഗ്യ പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലഭിച്ചേക്കില്ലെന്നാണ് പ്രധാനമായും ബില്‍ഗേറ്റിസിന്റെ ആശങ്ക.
അതേസമയം ഇരു സ്ഥാനാര്‍ത്ഥികളുമായി പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസിനോടുള്ള ബില്‍ഗേറ്റ്‌സിന്റെ പ്രതികരണം. അതോടൊപ്പം തന്നെ ഈ തിരഞ്ഞെടുപ്പ് ഏറെ വ്യത്യസ്തമാണെന്നും അദ്ദേഹം ഊന്നി പറഞ്ഞു. ”ആരോഗ്യമേഖലയുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന ദാരിദ്ര്യം തുടച്ച് നീക്കാന്‍ പരിശ്രമിക്കുന്ന, കാലവസ്ഥാ വ്യതിയാനം സംബന്ധിച്ച് കൃത്യമായ നിലപാട് കൈക്കൊള്ളുന്ന സ്ഥാനാര്‍ത്ഥിയെ ഞാന്‍ പിന്തുണക്കുന്നു…” ബില്‍ഗേറ്റ്‌സ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 75 മില്യണ്‍ ഡോളര്‍ ആണ് ട്രംപിനെ പിന്തുണയ്ക്കുന്ന പി.എ.സിയിലേക്ക് സംഭാവനയായി നല്‍കിയത്. പൊതുവെ രാഷ്ട്രീയത്തില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിക്കാത്ത മസ്‌ക് തിരഞ്ഞെടുപ്പ് അടുത്തതോടെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പക്ഷത്തിനായി രംഗത്തെത്തി. കുടിയേറ്റം, ട്രാന്‍സ്ജെന്‍ഡര്‍ നയം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും മസ്‌ക് എക്സിലൂടെ പങ്കുവെച്ചിരുന്നു.
ഇതിനിടെ യു.എസ് ഭരണഘടനയെ പിന്തുണയ്ക്കുന്ന ഒരാള്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചു വരെ ദിവസം 10 ലക്ഷം ഡോളര്‍ നല്‍കുമെന്ന ലോകത്തെ ഒന്നാം നമ്പര്‍ കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം വേറിട്ടതായി. അഭിപ്രായ സ്വാതന്ത്ര്യവും ആയുധം കൈവശം വെക്കാനുള്ള അവകാശവും നല്‍കുന്ന, ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണയ്ക്കുന്നു എന്ന പെറ്റീഷനില്‍ ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാള്‍ക്കാണ് തുക നല്‍കുക. ഇക്കഴിഞ്ഞ ശനിയാഴ്ച പെന്‍സില്‍വേനിയയിലെ പരിപാടിയില്‍ വച്ച് ജോണ്‍ ഡ്രിഹെര്‍ എന്നയാള്‍ക്ക് മസ്‌ക് 10 ലക്ഷം ഡോളറിന്റെ ചെക്ക് കൈമാറി.
59 വയസുകാരിയാണ് കമല ഹാരിസ്. ഡൊണാള്‍ഡ് ട്രംപിന് 78 ആണ് വയസ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയാണ് ട്രംപ്. അതേസമയം യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലയ്ക്കുള്ള പിന്തുണ ഏറി വരികയാണെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നത്.റോയിട്ടേഴ്സും ഇപ്സോസും ചേര്‍ന്ന് നടത്തിയ ഏറ്റവും പുതിയ സര്‍വ്വേയില്‍ 48 ശതമാനം പേരുടെ പിന്തുണയാണ് കമലക്ക് ലഭിച്ചത്. ട്രംപിന് വെറും 43 ശതമാനം പേരുടെ പിന്തുണ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.