Tuesday, December 17, 2024

HomeAmericaരാഹുല്‍ ഒഴിഞ്ഞ വയനാട്ടില്‍ പ്രിയങ്കയെത്തുമ്പോള്‍

രാഹുല്‍ ഒഴിഞ്ഞ വയനാട്ടില്‍ പ്രിയങ്കയെത്തുമ്പോള്‍

spot_img
spot_img

രാഹുല്‍ ഒഴിഞ്ഞ വയനാട്ടില്‍ പ്രിയങ്കയെത്തുമ്പോള്‍
ഇരട്ടമണ്ഡലങ്ങളിലെ മല്‍സര ചരിത്രം ചികയാം.


വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം ഉപേക്ഷിച്ചതിനെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പാണല്ലോ ഇപ്പോള്‍ നടക്കുന്നത്. രാഹുല്‍ ഗാന്ധി മാത്രമാണോ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിച്ച് വിജയിച്ചിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രിമാര്‍ മുതല്‍ മുഖ്യമന്ത്രിമാര്‍ വരെ രണ്ടു മണ്ഡലങ്ങളില്‍ ഒരേ സമയം മല്‍സരിച്ച് വിജയിച്ചിട്ടുണ്ട്. രണ്ടിടത്തും വിജയിച്ചാല്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം ഒരെണ്ണം രാജി വയക്കുകയേ നിവൃത്തിയുള്ളൂ. ഉപതിരഞ്ഞെടുപ്പു നടത്തുന്നതിലുള്ള പണച്ചെലവും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ച് രണ്ടിടത്ത് മല്‍സരിക്കുന്ന ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് സുപ്രീം കോടതിയിലടക്കം ആവശ്യമുയര്‍ന്നിട്ടുണ്ട്. എങ്കിലും തുടരുന്ന ഇരട്ട മല്‍സരങ്ങളുടെ തിരഞ്ഞെടുപ്പ ചരിത്രം ഒന്ന് പരിശോധിക്കാം

പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ല്‍ ഗുജറാത്തിലെ വഡോദരയിലും യു.പിയിലെ വരണാസിയിലും മല്‍സരിച്ചു. വഡോദരയില്‍ 5,70,128 വോട്ടും വരണാസിയില്‍ 3,71,784 വോട്ടുമായിരുന്നു മോദിയുടെ ഭൂരിപക്ഷം.
രണ്ടിടത്തും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച നരേന്ദ്ര മോദി വഡോദര ഉപേക്ഷിച്ച് വരണാസി നിലനിര്‍ത്തുക മാത്രമല്ല 2019 ലും 2024 ലും വരണാസില്‍ നിന്ന് തന്നെ മല്‍സരിച്ച് വിജയിച്ച് പ്രധാനമന്ത്രിപദത്തിലെത്തി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1980 ല്‍ യു.പിയിലെ റായ്ബറേലിക്ക് പുറമെ ആന്ധ്രപ്രദേശിലെ മേധക്കിലും മല്‍സരിച്ചു. രണ്ടിടത്തും ജയിച്ച ഇന്ദിരാഗാന്ധി റായ്ബറേലി വിട്ട് മേധക്ക് നിലനിര്‍ത്തി. 1977 ല്‍ റായ്ബറേലിയിലെ പരാജയം കണക്കിലെടുത്താവും രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടിയത്. വാജ്‌പേയിയാണ് ഒന്നിലധികം സീറ്റുകളില്‍ മല്‍സരിച്ച മറ്റൊരു മുന്‍ പ്രധാനമന്ത്രി. രാജ്യത്തെ രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന 1957 ല്‍ വാജ്‌പേയി യു.പിയിലെ മഥുര, ലക്‌നൗ, ബല്‍റാംപൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടിയത്. ബല്‍റാംപൂറില്‍ നിന്ന് മാത്രം ജയിച്ചു കയറി. 1962 ല്‍ വാജ്‌പേയി ബല്‍റാപൂറിലും ലക്‌നൗവിലും മല്‍സരിച്ചെങ്കിലും രണ്ടിടത്തും തോറ്റു. 1991 ല്‍ വിധിശയിലും ലക്‌നൗവിലും മല്‍സരിച്ച് വിജയിച്ചെങ്കിലും ലക്‌നൗ നിലനിര്‍ത്തി.

സോണിയാഗാന്ധി 1999 ല്‍ യു.പിയിലെ അമേത്തിയിലും കര്‍ണാടകയിലെ ബെല്ലാരിയിലും മല്‍സരിച്ച് വിജയിച്ചു. സോണിയാഗാന്ധിയുടെ പിന്നീടുള്ള മല്‍സരം റായ് ബറേലില്‍ നിന്ന് മാത്രമായി. പിതാവ് രാജീവ് ഗാന്ധിയും പ്രതിനിധീകരിച്ചിട്ടുള്ള അമേത്തിയില്‍ നിന്നായിരുന്നു 2004 ല്‍ രാഹുല്‍ ഗാന്ധിയുടെ കന്നി പോരാട്ടം. 2009ലും 2014ലും അമേത്തിയില്‍ നിന്ന വിജയിച്ച രാഹുല്‍ ഗാന്ധി എതിര്‍സ്ഥാനാര്‍ത്ഥി ബി.ജെ.പിയുടെ സ്മൃതി ഇറാനി ഉയര്‍ത്തി വെല്ലുവിളിയുടെ സാഹചര്യത്തിലാണ് 2019ല്‍ അമേത്തിക്ക് പുറമെ കേരളത്തിലെ വയനാട്ടില്‍ സുരക്ഷിത മണ്ഡലം തേടിയത്. അമേത്തിയില്‍ പരാജയപ്പെട്ട രാഹുല്‍ വയനാട്ടിന്റെ എം,പിയായി. 2024 ല്‍ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്ന് റായ്ബറേലിയിലേക്ക് മാറിയതിന് പുറമെ വയനാട്ടിലും മല്‍സരിച്ചു. രണ്ടിടത്തും വിജയിച്ചതിനെ തുടര്‍ന്ന്് വയനാട്് സഹോദരി പ്രിയങ്കക്കായി ഒഴിഞ്ഞത് സമീപകാല ചരിത്രം. രാഹുല്‍ പിന്‍മാറിയ അമേത്തി സമാജ് വാദി പിന്തുണയില്‍ കോണ്‍ഗ്രസ് തിരിച്ചു പിടിച്ചത് മറ്റൊരു ചരിത്രം.

ദേവിലാല്‍, ബിജു പട്‌നായിക്ക്. മായാവതി എന്നീ ദേശീയ നേതാക്കളും ഒന്നിലധികം സീറ്റുകളില്‍ മല്‍സരിച്ചിട്ടുണ്ട്. 1971 ല്‍ ബിജു പട്‌നായിക്ക് മൂന്നിടത്ത് മല്‍സരിച്ച് മൂന്നിടത്തും പരാജയപ്പെട്ടു. 1991 ല്‍ ബി.എസ്.പി നേതാവ് മായാവതിക്കും മൂന്നിടത്ത് മല്‍സരിച്ച് തോറ്റ ചരിത്രമുണ്ട്. 1989 ല്‍ ജനതാദള്‍ നേതാവ് ദേവിലാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ജനവിധി തേടി. ഹാരിയാനയിലെ റോത്തക്കിലും രാജസ്ഥാനിലെ ഡിക്കാറിലും വിജയിച്ചപ്പോള്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ പരാജയപ്പെട്ടു. ഡിക്കാര്‍ രാജി വെച്ച ദേവിലാല്‍ റോത്തക്ക് നിലനിര്‍ത്തി. ഇക്കഴിഞ്ഞ ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഹിന്‍ജിലി, കാന്തബാഞ്ചി സീറ്റുകളില്‍ മല്‍സരിച്ചു. ഹിന്‍ജിലിയില്‍ വിജയിച്ചു.

കേരളത്തിലും ഇരട്ട മല്‍സരം കാഴ്ച വെച്ച നേതാക്കളുണ്ട്. 1952 ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് പാര്‍ലമെന്റിലേക്കും ചവറയില്‍ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്കും ആര്‍.എസ്.പി നേതാവ് എന്‍..ശ്രീകണ്്ന്‍ നായര്‍ മല്‍സരിച്ചു രണ്ടിടത്തും വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ നിന്ന രാജി വെച്ച അദ്ദേഹം പാര്‍ലമെന്റംഗമായി. 1957 ല്‍ പട്ടം താണുപിള്ള നിയമസഭയിലേക്കും ലോക്‌സഭിലേക്കും ഒരേ സമയം മല്‍സരിച്ചു. നിയമസഭയില്‍ വിജയിച്ചു. ലോക്‌സഭയില്‍ പരാജയപ്പെട്ടു. 1980 ല്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ സ്ഥിരം തട്ടകമായ തൃശൂരിലെ മാളയക്ക് പുറമെ തിരുവനന്തപുരത്തെ നേമത്തും മല്‍സരിച്ചു. രണ്ടിടത്തും വിജയിച്ച കെ.കരുണാകരന്‍ മാള നിലനിര്‍ത്തി. നേമം രാജി വെച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മല്‍സരിച്ചെങ്കിലും രണ്ടിടത്തും പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് 745 വോട്ടിന് മാത്രമായിരുന്നു പരാജയം.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 33 (7) പ്രകാരം ഒരാള്‍ക്ക് രണ്ട് സീറ്റുകളില്‍ ജനവിധി തേടാമെങ്കിലും ഇതേ നിയമത്തിലെ 70 ാം വകുപ്പനുസരിച്ച് ഒരു മണ്ഡലത്തിലെ ജനപ്രതിനിധിയാകാനെ കഴിയൂ. 14 ദിവസത്തിനകം രണ്ടാമത്തെ സീറ്റ് രാജി വയ്ക്കണം. എത്ര സീറ്റുകളില്‍ വേണമെങ്കിലും മല്‍സരിക്കാമെന്ന വ്യവസ്ഥ 1999 ലെ ഭേദഗതി പ്രകാരം ഒഴിവാക്കി രണ്ടു സീറ്റുകളായി ചുരുക്കി. ഇരട്ട മല്‍സരമെന്ന വ്യവസ്ഥയും എടുത്തു കളയണമെന്ന വാദം ചില നിയമകമ്മിഷനുകളും മുന്നോട്ട് വെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി വരുന്ന ഭീമമായ ചെലവ് ചൂണ്ടിക്കാട്ടിയാണിത്. പൊതു ഖജനാവിന് വരുന്ന നഷ്ടം ആത്യന്തികമായി ജനങ്ങള്‍ക്ക് വരുന്ന നഷ്്ടം തന്നെയാണല്ലോ. ആവര്‍ത്തിച്ചുള്ള തിരഞ്ഞെടുപ്പ് വോട്ടര്‍മാരില്‍ മടുപ്പുണ്ടാക്കുമെന്നും വാദവും ചിലര്‍ കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. ഇക്കാര്യങ്ങളുന്നയിച്ച് സമര്‍പ്പിക്കപ്പെ് ഹര്‍ജിയില്‍ പക്ഷെ, എക്‌സിക്യൂട്ടീവാണ് തീരുമാനമെടുക്കേണ്ടത് എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ പക്ഷ, ഈ വാദത്തെ എതിര്‍ത്തു പോന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ നിയമനിര്‍മ്മാണ സഭകളിലെത്തിക്കാനും രാജ്യത്തിലെ വിവിധ മേഖലകളില്‍ നിന്ന് ഒരേ സമയം മല്‍സരിക്കുന്നതിലൂടെ പ്രാദേശിക പരിഗണനകളുറപ്പിക്കാനും കഴിയും എന്നതാണ് അനുകൂലമായ വാദം. ദേശീയ നേതാക്കള്‍ മല്‍സരിക്കുന്നതിലൂടെ രാഷ്ട്രീയ പ്രഭാവം രാജ്യത്തിലെല്ലായിടവും എത്തിക്കാന്‍ കഴിയുംെന്ന കണക്കുകൂട്ടലുമുണ്ട് ഇതിന് പിന്നില്‍. രാജ്യത്തിന്റെ വടക്കും തെക്കുമുള്ള മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളായ ഇന്ദിരാഗാന്ധിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇങ്ങനെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കന്‍ സംസ്ഥാനങ്ങളിലെ ഒരു മണ്ഡലത്തില്‍ നിന്ന കൂടി ജനവിധി തേടുമെന്നൊരു പ്രചാരണം ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിലുണ്ടായിരുന്നു.

ചിലപ്പോഴെങ്കിലും സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് പലരും രണ്ടാം മണ്ഡലം തേടുന്നത് എന്നതാണ് വാസ്തവം. 2021 ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.. മമത രണ്ടു മണ്ഡലങ്ങളില്‍ നിന്ന് മല്‍സരിക്കണമെന്ന നിര്‍ദേശം തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിയില്‍ ഉയര്‍ന്നുവെങ്കിലും ആത്മവിശ്വസം പ്രകടമാക്കി മമത മല്‍സരിക്കുകയായിരുന്നു. ഭവാനിപ്പൂര്‍ എം.എല്‍.എ ശോഭന്‍ദേബ് ഭട്ടാചാര്യയെ രാജി വയ്പ്പിച്ചതിനെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പിലാണ് മുഖ്യമന്ത്രിയായിരിക്കെ മമത വീണ്ടും വിജയിച്ചത്. തിരഞ്ഞെടുപ്പകളില്‍ മല്‍സരിക്കാത്തവരെ മുഖ്യമന്ത്രിയും മന്ത്രിമാരുമാക്കി മാറ്റുമ്പോഴും ഇത്തരം ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടി വരുമല്ലോ എന്നാണ് ഈ വ്യവസ്ഥയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ജനാധിപത്യത്തില്‍ ഇങ്ങനെ ചില തീരുമാനങ്ങള്‍ അനിവാര്യമായി വരുമെന്നും അതൊഴിവാക്കാനാവില്ലെന്നുമാണ് മറ്റൊരു വാദം. എന്തായാലും, രാഷ്ട്രീയപാര്‍ട്ടികളിലെ തലപ്പൊക്കമുള്ളവര്‍ മാത്രമാണ് ഈ ഇരട്ട മല്‍സരത്തിനിറങ്ങുന്നത് എന്ന് കാണാം. ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനവിധി മറിച്ചായതിനും കേരളത്തിലടക്കം ഉദാഹരണങ്ങളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments