ന്യൂഡൽഹി: വിക്കിപീഡിയയ്ക്ക് സംഭാവന നൽകുന്നത് നിർത്തണമെന്നും തീവ്ര ഇടതുപക്ഷ പ്രവർത്തകരാണ് അതിനെ നിയന്ത്രിക്കുന്നതെന്നും എക്സ് മേധാവി ഇലോൺ മസ്ക്. എക്സിലൂടെയാണ് വിക്കിപീഡിയയ്ക്കെതിരെ മസ്ക് രംഗത്തെത്തിയത്. ‘വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷ പ്രവർത്തകരാണ്. ആളുകൾ അവർക്ക് സംഭാവന നൽകുന്നത് നിർത്തണം’- മസ്ക് കുറിച്ചു.
യുഎസ് ആസ്ഥാനമായുള്ള വാർത്താ വെബ്‌സൈറ്റ് പൈറേറ്റ് വയർസിൻ്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയുള്ള ഷോൺ മഗ്വിയർ എന്നയാളുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മസ്ക് വിക്കിപ്പീഡിയയ്ക്കെതിരെ രംഗത്തുവന്നത്. ’40ഓളം വിക്കിപീഡിയ എഡിറ്റർമാരുടെ നേതൃത്വത്തിലുള്ള ഒരു ഏകോപിത കാംപയ്ൻ ഇസ്രായേലിനെ നിയമവിരുദ്ധമാക്കാനും തീവ്ര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളെ അനുകൂല വെളിച്ചത്തിൽ അവതരിപ്പിക്കാനും പ്രവർത്തിച്ചു’- എന്നാണ് പൈറേറ്റ് വയർസിൻ്റെ റിപ്പോർട്ടിലെ ആരോപണം.
ഇത് ചൂണ്ടിക്കാട്ടിയാണ് മസ്കിന്റെ പോസ്റ്റ്. ഇടതുപക്ഷ ആഖ്യാനങ്ങൾ നൽകുന്നു എന്നാരോപിച്ച് മസ്ക് വിക്കിപീഡിയയ്ക്കെതിരെ രംഗത്തുവരുന്നത് ആദ്യമായല്ല. കഴിഞ്ഞ വർഷം, മസ്‌കിനെയും അദ്ദേഹത്തിൻ്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെയും വിക്കിപീഡിയ പരിഹസിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശരിയായ വിവരങ്ങൾക്ക് എക്‌സ് വിശ്വസനീയമായ ഉറവിടമല്ലെന്നായിരുന്നു റിപ്പോർട്ടിലെ വിമർശനം.