ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌കിൻ്റെ സമ്പാദ്യം ‘റോക്കറ്റ് പോലെ’ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കുതിച്ചുയരുന്നു. ഒക്ടോബർ 25ന് മാത്രം മസ്കിൻ്റെ ആസ്തിയിൽ 26 ബില്യൺ ഡോളറിൻ്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ ഓഹരികളിൽ 22% വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2013 ന് ശേഷമുള്ള ഏറ്റവും മികച്ച ഉയർച്ചയായിട്ടാണ് ഇതിനെ കണകാക്കുന്നത്. മസ്കിൻ്റെ ഇപ്പോഴുള്ള ആസ്തി ഏകദേശം 269 ബില്യൺ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. മുൻ ടെസ്‌ല ബോർഡ് അംഗവുമായ ലാറി എലിസണേക്കാൾ 50 ബില്യൺ ഡോളർ മുന്നിലാണ് മസ്കുള്ളത്.
കമ്പനിയുടെ മികച്ച പ്രകടനവും മസ്‌കിൻ്റെ 2025-ലെ പദ്ധതികളും കമ്പനിയുടെ ഓഹരി വരുമാന വർദ്ധനവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇലക്‌ട്രിക് വാഹന ഭീമൻമാർ എന്ന അറിയപ്പെടുന്ന ടെസ്‌ല 2023 പകുതിക്ക് ശേഷം ഏറ്റവും വലിയ ലാഭമാണ് അന്നേ ദിവസം നേടിയെടുത്തത്. മസ്‌കിൻ്റെ ആത്മവിശ്വാസത്തോടെയുള്ള പ്രവചനങ്ങളാണ് വരുമാനം നേടികൊടുത്തത്. 2025ൽ ടെസ്‌ലയ്ക്ക് 20% മുതൽ 30% വരെ വാഹന വിൽപ്പന വളർച്ച ഉണ്ടാകുമെന്നും മസ്ക് പ്രവചിച്ചിട്ടുണ്ട്. ടെസ്‌ലയ്‌ക്ക് പുറമെ സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്, എക്‌സ്എഐ എന്നിവയിലും മസ്‌കിന് ഗണ്യമായ ഓഹരികളുണ്ട്. ബഹിരാകാശ പര്യവേക്ഷണം, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നീ സംരഭങ്ങളാണ് മസ്കിൻ്റെ സമ്പാദ്യത്തിലെ ഗണ്യഭാഗവും സംഭാവന ചെയ്യുന്നത്.
വളരെ പെട്ടെന്ന് തന്നെ ടെസ്‌ല ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറുമെന്നും മസ്ക് വ്യക്തമാക്കിയിട്ടിണ്ട്. ഡ്രൈവറില്ലാത്ത കാർ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ടെസ്‌ലയുടെ കുതിപ്പ് മസ്ക് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിവർഷം ദശലക്ഷക്കണക്കിന് ഉത്പാദനം ലക്ഷ്യമിടുന്ന റോബോ-ടാക്സികൾ 2026-ൽ പുറത്തിറക്കാൻ പദ്ധതി ഉണ്ടെന്നും മസ്ക് വെളിപ്പെടുത്തിയിരുന്നു.