അനിൽ ആറൻമുള
ഹൂസ്റ്റൻ: അമേരിക്കൻ മലയാളി സംഘടനകളെ ഒരു കുടയുടെ തണലിൽ ഒരുമിപ്പിക്കുന്ന ഫോമാ 2024-’26 വർഷത്തേയ്ക്കുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു. മുഖ്യാതിഥിയായ മലയാളികളുടെ പ്രിയ ചലച്ചിത്ര താരം ലെനയും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലു മാത്യു, ജോ. സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ മാഗ് പ്രസിഡന്റ് മാത്യു മുണ്ടക്കൻ തുടങ്ങിയവരും ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്.
സ്റ്റാഫോർഡിലെ ഇമ്മാനുവേൽ മാർത്തോമ്മാ സെന്ററിൽ ഒക്‌ടോബർ 26-ാം തീയതിയായിരുന്നു വിശിഷിട വ്യക്തികൾ ഉൾപ്പെടെയുള്ള സദസിനെ സാക്ഷിനിർത്തിക്കൊണ്ട് പുത്തൻ ദിശാബോധത്തോടെ ഫോമായുടെ പുതിയ ടീം മുൻ ഭാരവാഹികളിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങിയത്. ഇമ്മാനുവൽ സെന്ററിറിന്റെ പുറത്തു നിന്നും താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയോടുകൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചത്. നൂപുര നൃത്തവിദ്യാലയത്തിലെ കലാകാരികൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരയോടെ പരിപാടികൾ ആരംഭിച്ചു.
ജനറൽ ബോഡിക്ക് ശേഷം നടന്ന പൊതു സമ്മേളനത്തിൽ ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥി ലെന ഉദ്ഘാടന പ്രസംഗം നടത്തി. വിമൻസ് ഫോറം പ്രവർത്തനങ്ങൾ ശ്രീമതി നൂർബിന റഷീദ് ഉൽഘാടനം ചെയ്തു. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫോമാ യൂത്ത് ഫോറം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഫോമയുടെ ആദ്യ പ്രസിഡന്റ് ശശിധരൻ നായർ മുതൽ ജേക്കബ് തോമസ് വരെ കഴിഞ്ഞ വർഷങ്ങളിൽ പ്രസിഡന്റ് പദമലങ്കരിച്ച എല്ലാവരെയും അവരുടെ സ്തുത്യർഹമായ സേവനങ്ങൾ മാനിച്ച് വേദിയിൽ ആദരിക്കുകയുണ്ടായി.
ഫോമായുടെ 24-26 പ്രവർത്തനങ്ങൾക്ക് പ്ലാറ്റിനം സ്‌പോൺസർമാരായിട്ടുള്ള ജിജു കുളങ്ങര, ജോർജ് ജോസഫ്, ബിജു ലോസൺ എന്നിവരെയും ആദരിച്ചു. ഫോർട്ട് ബൻഡ് കൗണ്ടി ജഡ്ജ് മാരായ സുരേന്ദ്രൻ പട്ടേൽ, ജൂലി മാത്യു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
തനിക്കും ടീമിനും നൽകിയ പിൻതുണയിൽ ഫോമാ പ്രവർത്തകരോട് പ്രസിഡന്റ് ബേബി മണക്കുന്നേൽ നന്ദി പറഞ്ഞു. പ്രത്യേകിച്ചും നാഷണൽ കമ്മറ്റി അംഗങ്ങൾ ഹൂസ്റ്റണിലെ കോർഡിനേറ്റർമാരായ മാത്യു മുണ്ടക്കൽ സുബിൻ കുമാരൻ എന്നിവരെ. 2026-ലെ കൺവൻഷൻ ചരിത്രം കുറിക്കുന്ന ഒന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി ഫോമാ കമ്മറ്റി നടത്തുന്ന റാഫിൾ ടിക്കറ്റിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു. ട്രഷർ സിജിൽ പാലക്കലോടി നന്ദി രേഖപ്പെടുത്തി
തുടർന്ന് ദിവ്യ ഉണ്ണി, കലാമണ്ഡലം ശ്രീദേവി, സുനന്ദാസ് പെർഫോർമിംഗ് ആർട്ട്‌സ് എന്നിവരുടെ നേതൃത്യത്തിൽ കലാപരിപാടികൾ അരങ്ങേറി.
പിന്നണി ഗായിക അഹി അജയൻ ഉൾപ്പെടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായികാ ഗായകൻമാരുടെ ഗാനമേള, നർമ്മ വിരുന്നൊരുക്കുന്ന സ്‌കിറ്റ്, അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ മിമിക്രി കലാകാരൻ സാബു തിരുവല്ലയുടെ വൺമാൻ ഷോ തുടങ്ങിയവ ഈ സമ്മേളനത്തിന്റെ ഹൈലൈറ്റുകളായിരുന്നു. മാത്യൂസ് മുണ്ടയ്ക്കലായിരുന്നു ഇവന്റ് കൺവീനർ. കോ-ഓർഡിനേറ്ററായി സുബിൻ കുമാരൻ പ്രവർത്തിച്ചു.
ട്രഷററായി ജോയ് എം സാമുവൽ, പി.ആർ.ഒ ആയി അജു വാരിക്കാട്, മീഡിയ കോ-ഓർഡിനേറ്ററായി സൈമൺ വാളാച്ചേരിൽ, ട്രാൻസ്‌പോർട്ടേഷൻ ഇൻചാർജ് ആയി തോമസ് ജോർജ്, തോമസ് ഓലിയാൻകുന്നേൽ, രാജൻ യോഹന്നാൻ എന്നിവരും പ്രവർത്തിച്ചു.
റിസപ്ഷൻ കമ്മിറ്റിയുടെ ചുമതല എസ്.കെ ചെറിയാൻ, എം.ജി മാത്യു എന്നിവർക്കായിരുന്നു.
ബാബു മുല്ലശ്ശേരി ഫുഡ് കമ്മിറ്റി കൺവീനറായി. ഫോമാ സതേൺ റീജിയൻ ആർ.വി.പി ബിജു ലോസൺ, നാഷണൽ കമ്മിറ്റി മെമ്പർ ജിജു കുളങ്ങര, ഫോമാ ഹൂസ്റ്റൺ റീജിയൻ ചെയർമാൻ രാജേഷ് മാത്യു, സണ്ണി കാരിക്കൽ ഉൾപ്പെടെയുള്ള പ്രോഗ്രാം കമ്മിറ്റിയാണ് പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചത്.