അഭിമാന വിജയത്തിന്റെ കരുത്തുമായി ജോസ് ആനമലയും മാറ്റ് വിളങ്ങാട്ടുശ്ശേരിലും
ചിക്കാഗോ: ക്രിസ്തീയ വിശ്വാസത്തിന്റെ കരുത്തിലൂടെയും, ഊർജ്ജസ്വലമായ പ്രവർത്തനങ്ങളുടെയും വേരൂന്നിയ പ്രബല ക്നാനായ കത്തോലിക്കാ സംഘടനയായ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം.
പ്രസിഡണ്ടായി ജോസ് ആനമലയും വൈസ് പ്രസിഡണ്ടായി മാറ്റ് വിളങ്ങാട്ടുശ്ശേരിലും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: ഡോ. ഷാജി പള്ളിവീട്ടിൽ (സെക്രട്ടറി), ക്രിസ് കട്ടപ്പുറം (ജോയിന്റ് സെക്രട്ടറി), അറ്റോർണി റ്റീന തോമസ് നെടുവാമ്പുഴ (ട്രഷറർ)
രണ്ടു വർഷം പ്രവർത്തന കാലാവധിയുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആവേശോജ്ജ്വലമായാണ് കടന്നുപോയത്.
2288 പേരാണ് വാശിയേറിയ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയത്. വിജയിച്ച പ്രസിഡന്റ് സ്ഥാനാർഥി ജോസ് ആനമലയ്ക്ക് 1611 വോട്ടും എതിർ സ്ഥാനാർഥി സാജു കണ്ണമ്പള്ളിക്ക് 677 വോട്ടുമാണ് ലഭിച്ചത്.
934 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് ജോസ് ആനമല വിജയിച്ചത്. ഇദ്ദേഹത്തിന്റെ ട ‘ടീം ഫോർ ചേഞ്ച്’ പാനലിൽ മത്സരിച്ച 20 ൽ 19 പേരും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നതും ശ്രദ്ധേയം.
ജോമി ഇടയാടിയിൽ, ജെയ്സൺ ഐക്കരപറമ്പിൽ, ബാബു തൈപ്പറമ്പിൽ, വിപിൻ ചാലുങ്കൽ, ഡിബിൻ വിലങ്ങുകല്ലേൽ, സാജൻ പച്ചിലമാക്കിൽ, ആനന്ദ് ആകശാലയിൽ എന്നിവർ കെ.സി.സി.എൻ.എ നാഷണൽ കൗൺസിൽ അംഗങ്ങളായി വിജയിച്ചു.
മാത്രമല്ല, വിവിധ വാർഡുകളിൽ നിന്നും ലെജിസ്ലേറ്റീവ് ബോർഡിലേക്ക് സിറിൾ അംബേനാട്ട്, സിജോ പുള്ളൂർകുന്നേൽ, മെറിൾ മൂടികല്ലേൽ, അജയ് വാളത്താറ്റ്, ബിജു പൂത്തുറ , ജോബ്മോൻ പുളിക്കമറ്റം, സിറിൾ പാറേൽ, മേഹുൽ അബ്രഹാം ഏലൂർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഇലക്ട്രോണിക് കൗണ്ടിംഗ് സിസ്റ്റമായിരുന്നു ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പിന്റെ വിശ്വാസം കാത്തത്. മജു ഓട്ടപ്പള്ളി (ചെയർമാൻ), ബൈജു കുന്നേൽ (വൈസ് ചെയർമാൻ), ജോബ് മാക്കീൽ, ജിമ്മി മുകളേൽ എന്നിവരടങ്ങിയ ലെയ്സൺ ബോർഡാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കിയത്.
പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ആനമല ചിക്കാഗോ കെ.സി.എസ് വൈസ് പ്രസിഡണ്ട്, ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള മികച്ച സംഘാടകനാണ്. അഭിമാനകരമായ വിജയത്തിൽ സന്തോഷം പങ്കുവെച്ച അദ്ദേഹം ഈ മാറ്റത്തിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച എല്ലാ നല്ല മനസ്സുകൾക്കും ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രതികരിച്ചു. ക്നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുമായി മുന്നോട്ടു നീങ്ങുമെന്നും കെ.സി.എസ്. സംഘടനയുടെ വളർച്ചയ്ക്കും വികസനത്തിനും മുൻതൂക്കം നല്കുന്ന പ്രവർത്തനശൈലി പിന്തുടരുമെന്നും വ്യക്തമാക്കി.