കലിഫോർണിയ: കലിഫോർണിയയിൽ നാലുവയസ്സുള്ള മകൻ സ്വയം വെടിവച്ചതിനെത്തുടർന്ന് അമ്മയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഒക്ടോബർ 25ന് ഉച്ചകഴിഞ്ഞ് 1.45 ഓടെ 4500 ബ്ലോക്ക് ഓഫ് മാക്ക് റോഡിൽ വച്ച് 26കാരിയായ ലതീഷ വാക്കറുടെ മകൻ സ്വയം വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ലതീഷയെ സാക്രമെന്റോ പൊലീസ് അറസ്റ്റ് ചെയ്തു.
തോക്ക് കൈവശം വച്ചതിനും, കുട്ടിയുടെ ജീവൻ അപകടത്തിലാക്കിയതിനും ലതീഷയ്ക്കെതിരെ മൂന്ന് കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്. 75,000 ഡോളർ ബോണ്ടിൽ ലതീഷയെ ജാമ്യത്തിൽ വിട്ടു. പാർക്കിങ് സ്ഥലത്ത് വാഹനത്തിനുള്ളിലാണ് വെടിവയ്പ്പ് നടന്നത്. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായും റിപ്പോർട്ടുണ്ട്.
വെടിവയ്പ്പ് നടക്കുമ്പോൾ ലതീഷ ഒരു കടയ്ക്കുള്ളിലായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി എങ്ങനെയാണ് തോക്ക് കൈക്കലാക്കിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് സാക്രമെന്റോ പൊലീസ് വക്താവ് പറഞ്ഞു. ഒക്ടോബർ 31ന് ലതീഷ കോടതിയിൽ ഹാജരാകും.