വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ് ഉപയോഗിച്ച മൂന്ന് ബാലറ്റ് ഡ്രോപ്പ് ബോക്‌സുകള്‍ തീ പിടിച്ചു നശിച്ചു. വാഷിംഗ്ടണിലെയും ഒറിഗണിലെയും ബാലറ്റ് ഡ്രോപ്പ് ബോക്‌സുകളിലാണ് തീ പിടിത്തമുണ്ടായത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.മനപ്പൂര്‍വമായി ഉണ്ടാക്കിയ തീപിടുത്തമാണിതെന്നാണ് പോര്‍ട്ട്‌ലാന്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ചീഫ് അമന്‍ഡ മക്മില്ലന്‍ വ്യക്തമാക്കിയത്.
തീപിടിച്ചു നശിച്ച ബാലറ്റ് ഡ്രോപ്പ് ബോക്സുകളില്‍ ബാലറ്റ് നിക്ഷേപിച്ചവര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും വീണ്ടും വോട്ട് രേഖപ്പെടുത്തണമെന്നും പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ നിയമപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും എല്ലാ വോട്ടര്‍മാര്‍ക്കും സുരക്ഷിതമായി വോട്ട് രേഖപ്പെടുത്താനും അത് സംരക്ഷിക്കാനുമുള്ള സാഹചര്യം ഉറപ്പ് വരുത്തുമെന്നും സ്റ്റേറ്റ് സെക്രട്ടറി സ്റ്റീവ് ഹോബ്സ് പ്രസ്താവനയില്‍ പറഞ്ഞു.