എ.എസ് ശ്രീകുമാര്‍
ഇത്തവണ ഹാലോവീനും ദീപാവലിയും ഒരേദിവസം വന്നതിനാല്‍ നമുക്കിതൊരു ‘ഫെസ്റ്റിവല്‍ ഫ്യൂഷന്‍’ ആയി ആഘോഷിക്കാം. ഹാലോവീന്‍ ആത്മാക്കളുടെ ദിനമാണെങ്കില്‍, തിന്മയുടെ മേല്‍ നന്മയുടെ ആഘോഷത്തെ ദീപങ്ങള്‍ തെളിച്ച് ഉത്സവമാക്കുന്നതാണ് ദീപാവലി.
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരാഘോഷത്തിന്റെ ഗൃഹാതുരമായ തുടര്‍ച്ചയ്ക്ക് വേണ്ടിത്തന്നെ. അതേ, ഹാലോവീന്‍ എത്തിക്കഴിഞ്ഞു ഈ ഒക്‌ടോബര്‍ 31-ന്. ഹാലോവീന്‍ വലിയൊരു പങ്കുവയ്ക്കലാണ്. ജനഹൃദയങ്ങളില്‍ നന്മയുടെ പ്രകാശം പരത്തിക്കൊണ്ട് ദീപാവലിയും അന്നുതന്നെയാണ്. നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ കൊളുത്തി വച്ച് വരവേറ്റു എന്നതുള്‍പ്പെടെ ദീപാവലിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. എല്ലാം തിന്മയ്ക്കുമേല്‍ നന്മ അന്തിമ വിജയം നേടുമെന്ന പൊതുതത്വത്തില്‍ ഊന്നയുള്ളവയാണ്.
ഹാലോവീന്റെ പിറവിക്ക് രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കെല്‍റ്റിക് ആഘോഷമായ ‘സോ ഇന്നിന്റെ’ ആധുനിക രൂപമാണ് ഹാലോവീന്‍. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ അയര്‍ലണ്ട്, യു.കെ, വടക്കന്‍ ഫ്രാന്‍സ് എന്നീ പ്രദേശങ്ങളില്‍ ജീവിച്ചിരിക്കുന്നവരാണ് കെല്‍റ്റുകള്‍. ആംഗ്ലോ സാക്‌സണുകളുടെ വരവിന് മുമ്പ് ബ്രിട്ടനില്‍ ജിവിച്ചിരുന്ന കുടിയേറ്റക്കാരുടെ അവസാന ഗ്രൂപ്പാണിവര്‍.
നവംബര്‍ ഒന്നാം തീയതിയാണ് കെല്‍റ്റുകള്‍ പുതുവര്‍ഷം ആഘോഷിച്ചിരുന്നത്. വേനല്‍ക്കാലത്തിന്റെ അവസാനവും വിളവെടുപ്പുകാലവുമായിരുന്നു ഇത്. കനത്ത മഴയും തണുപ്പിന്റെയും ഇരുണ്ട ദിനങ്ങളുടെ തുടക്കവും. മനുഷ്യര്‍ക്ക് ഈ സമയം മരണം സംഭവിച്ചിരുന്നുവത്രേ. ശരത്കാലത്തിന്റെ അവസാന നാളുകളിലാണ് പഞ്ഞ ദിവസങ്ങളിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചു വയ്ക്കുന്നതും തണുത്തുറഞ്ഞ മഴക്കാലം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതും.
ഒക്‌ടോബര്‍ 31-ാം തീയതി രാത്രിയാണ് കെല്‍റ്റുകള്‍ സോ ഇന്‍ ആഘോഷിച്ചിരുന്നത്. പുതുവര്‍ഷ ദിനത്തില്‍ ജീവിച്ചിരിക്കുന്നവരുടെ ലോകവും മരിച്ചവരുടെ ലോകവും തമ്മിലുള്ള അതിര് അവ്യക്തമാവുകയും ഇല്ലാതാവുകയും ചെയ്യുമെന്ന് കെല്‍റ്റുകള്‍ വിശ്വസിച്ചിരുന്നു. അന്ന് ആ സോ ഇന്‍ ആഘോഷരാവില്‍ പ്രേതങ്ങള്‍ ഭൂമിയിലേയ്ക്ക് മടങ്ങിവരും. അവര്‍ പലവിധ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യും.
ഇവയെ അകറ്റുന്നതിനു വേണ്ടി വലിയ അഗ്നികുണ്ഡങ്ങള്‍ സൃഷ്ടിക്കുകയും മൃഗങ്ങളെ, ചിലപ്പോള്‍ മനുഷ്യരെ പോലും ബലിനല്‍കി ദൈവത്തിന്റെ സഹായം തേടുകയും ചെയ്യും. ഹാലോവീന്‍ രാത്രിയില്‍ പ്രേതാത്മാക്കള്‍ ഭൂമിയിലെത്തുന്നത്, ജീവിച്ചിരുന്നപ്പോള്‍ തങ്ങളുടെ ശത്രുക്കളായിരുന്നവരോട് പ്രതികാരം ചെയ്യാന്‍ കൂടിയാണത്രേ. അതുകൊണ്ട് ക്രിസ്ത്യാനികള്‍ മുഖംമൂടി ധരിച്ച് പ്രത്യേക വസ്ത്രങ്ങളണിഞ്ഞ് തിരിച്ചറിയാനാവാത്ത വിധം വേഷ പ്രച്ഛന്നരാവുകയും ചെയ്തിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഹാലോവീന്‍ അമേരിക്കയിലെത്തുന്നത്. പുതിയ കുടിയേറ്റക്കാരുടെ പ്രളയകാലമായിരുന്നു അന്ന് അമേരിക്കയില്‍. അയര്‍ലണ്ടിലെ ഉരുളക്കിഴങ്ങ് കൃഷി തകര്‍ച്ചയിലാവുകയും കര്‍ഷകര്‍ ക്ഷാമത്തിന്റെ കടുത്ത വേലിയേറ്റത്തില്‍ മുങ്ങുകയും ചെയ്തതോടെ അവര്‍, 1846 കാലഘട്ടത്തില്‍ അമേരിക്കയിലേയ്ക്ക് കുടിയേറി. ഇതോടെ ഹാലോവീന്‍ ആചാരങ്ങള്‍ അമേരിക്കയിലെമ്പാടും ഊട്ടിയുറപ്പിക്കപ്പെട്ടു.
ഐറിഷ്, ഇംഗ്ലീഷ് പാരമ്പര്യങ്ങള്‍ ഉള്‍ക്കൊണ്ട് അമേരിക്കക്കാരും ഹാലോവീന്‍ വസ്ത്രങ്ങള്‍ ധരിച്ച് വീടുവീടാന്തരം കയറിയിറങ്ങി ഭക്ഷണവും പണവും ആവശ്യപ്പെടുകയും ചെയ്തു. ഈ രീതിയാണ് ഇന്നത്തെ ‘ട്രിക്ക് ഓര്‍ ട്രീറ്റ് ‘. യുവതികള്‍ വിശ്വസിച്ചിരുന്നത് ഹാലോവീന്‍ ആഘോഷങ്ങള്‍ തങ്ങളുടെ ഭാവി വരനെ സമ്മാനിക്കുമെന്നാണ്.
ഇന്ന് അയര്‍ലണ്ടില്‍ ഒരാചാരം നിലനില്‍ക്കുന്നുണ്ട്. അവിടുത്തെ പ്രധാന ഹാലോവീന്‍ ഭക്ഷണമാണ് ബ്രാംബ്രാക്ക്. ഇത് പഴങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന കേക്കാണ്. ബേക്ക് ചെയ്യുന്നതിനു മുമ്പ് മോതിരമോ നാണയമോ മറ്റ് ആകര്‍ഷക വസ്തുക്കളോ കേക്കിനുള്ളില്‍ നിക്ഷേപിക്കും. കേക്ക് വിതരണം ചെയ്യുകയും ചെയ്യും. മോതിരവും മറ്റും അടങ്ങിയ കേക്ക് ലഭിക്കുന്നയാള്‍ അടുത്ത ഹാലോവീനു മുമ്പ് തങ്ങളുടെ ജീവിതപങ്കാളിയാവുമെന്നാണ് വിശ്വാസം.
1800-കളുടെ അവസാനം ഹാലോവീന്‍ സാമൂഹിക കൂട്ടായ്മയിലൂടെ ഒരു ഹോളിഡേ ആക്കി മാറ്റാന്‍ അമേരിക്കയില്‍ നീക്കമുണ്ടായി. ആ നൂറ്റാണ്ട് കഴിഞ്ഞതോടെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഹാലോവീന്‍ പാര്‍ട്ടികള്‍ സര്‍വസാധാരണമായി. വിവധയിനം കളികളിലും ഭക്ഷണത്തിലും വിഭിന്നമായ വസ്ത്രധാരണത്തിലും ഹാലോവീന്‍ ആഘോഷങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഹാലോവീന്റെ അന്ധവിശ്വാസപരവും മതപരവുമായ പ്രയോഗരീതികളില്‍ മിക്കവയും നഷ്ടമായി.
മാറ്റങ്ങള്‍ തുടര്‍കഥയായി. 1920-കളിലും 1930-കളിലും ഹാലോവീന്‍ കൂടുതല്‍ ലൗകികമായെങ്കിലും സാമുദായിക കേന്ദ്രീകൃതമായ ഹോളിഡേ ആയിതുടര്‍ന്നു. ഘോഷയാത്രകളും വിരുന്നു കൂട്ടങ്ങളും വിനോദ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍ ചില മത വിഭാഗങ്ങളിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഹാലോവീന്‍ ആഘോഷങ്ങളുടെ നിറം കെടുത്തി. എങ്കിലും 1950-കളില്‍ ഇത് നിയന്ത്രണ വിധേയമാക്കി.
അങ്ങനെ യുവജനതയെയും കേന്ദ്രീകരിച്ചുള്ള ആഘോഷമായി ഹാലോവീന്‍ മാറി. ഈ കാലത്താണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ട്രിക്ക് ഓര്‍ ട്രീറ്റിംഗ് പുനസൃഷ്ടിക്കപ്പെട്ടത്. ഇന്ന് ഹാലോവീന്‍ ആഘോഷം പൊടിപൊടിക്കാനായി അമേരിക്കക്കാര്‍ ആറു ബില്യണ്‍ ഡോളര്‍ ഓരോ വര്‍ഷവും പൊട്ടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ഹാലോവീന്‍ ദിനത്തില്‍ വേഷപ്രച്ഛന്നരാവുന്ന പതിവിന് യൂറോപ്യന്‍-കെല്‍റ്റിക് വേരുകള്‍ ഉണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശൈത്യകാലം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതും ഭയാനകവുമായിരുന്നു. ക്ഷാമകാലമായിരുന്നു അത്. കൊടിയ തണുപ്പിന്റെ ഭാവി ദിനങ്ങള്‍ തങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നവര്‍ ഭയപ്പെട്ടു. ഹാലോവീന്‍ വേളയില്‍ ഭൂമിയിലെത്തുന്ന പ്രേതങ്ങളുമായി ഏറ്റുമുട്ടേണ്ടിവരുമെന്ന ഭീതി ജനങ്ങള്‍ക്കുണ്ടായിരുന്നു. അതിനീലവര്‍ വീടുവിട്ടിറങ്ങിയിരുന്നില്ല. പ്രേതങ്ങള്‍ തിരിച്ചറിയാതിരിക്കാനായി അവര്‍ മുഖംമൂടി ധരിച്ചു. ഇവരെ കാണുന്ന പ്രേതങ്ങള്‍ തങ്ങളുടെ സഹ പ്രേതങ്ങളാണെന്ന് തെറ്റിദ്ധരിക്കുമത്രേ. പ്രേതങ്ങള്‍ വീടിനുള്ളില്‍ കയറുന്നത് തടയാനും അവയെ അകറ്റാനും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി വീടിനു പുറത്തു വയ്ക്കുമായിരുന്നു.
ഹാലോവീന്‍ ആഘോഷരാത്രിയില്‍ മത്തങ്ങ കൊണ്ട് പല പല ശില്പങ്ങള്‍ ഉണ്ടാക്കി അതില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കുക അമേരിക്കയില്‍ പതിവാണ്. സോ ഇന്‍ ശൈലി അനുസരിച്ച് മരത്തിന്റെ വലിയ വേരുകളില്‍ കൊത്തുപണികള്‍ ചെയ്ത് അതില്‍ റാന്തല്‍ വിളക്ക് കത്തിച്ചു വച്ചിരുന്നു. സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉള്ള പ്രവേശനത്തിനായി ശുദ്ധീകരിക്കപ്പെടാന്‍ നില്‍ക്കുന്ന ആത്മാക്കളെ ഓര്‍മിക്കുന്നതിനു വേണ്ടിയായിരുന്നു ഈ കാഴ്ച വിളക്ക്. 1837 മുതലാണ് അമേരിക്കയില്‍ മത്തങ്ങ ശില്പങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്. ഇതാകട്ടെ വിലവെടുപ്പുത്സവത്തിന്റെ പ്രതീകം കൂടിയാണ്.
ആപ്പിള്‍ വിളവെടുപ്പിന്റെ സമയത്താണ് ഹാലോവീന്‍ ഹോളിഡേ എത്തുക. പഞ്ചസാര ലായനിയിലും സിറപ്പിലും മുക്കിയ കാന്‍ഡി ആപ്പിളുകള്‍ ഹാലോവീന്‍ വിരുന്നുകളില്‍ സുലഭമാണ്. ഒരു കാലത്ത് കാന്‍ഡി ആപ്പിളുകള്‍ കുട്ടികള്‍ക്ക് യഥേഷ്ടം നല്‍കുമായിരുന്നു. എന്നാല്‍ ചില ദുഷ്ടശക്തികള്‍ ഈ ആപ്പിളുകള്‍ക്കുള്ളില്‍ ബ്ലേഡുകളും മൊട്ടുസൂചികളും ഒളിപ്പിച്ചു വയ്ക്കുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഭയം മൂലം ഈ ആചാരം ദുര്‍ബലപ്പെട്ടു. ഇത്തരത്തിലുള്ള ആപ്പിളുകള്‍ കഴിച്ചതു മൂലം അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
ഹാലോവീന്‍ നിഗൂഢതകളും അത്ഭുതങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒരു ആഘോഷമാണ്. അതേ സമയം ഇത് സ്‌നേഹക്കൂട്ടായ്മയുടേയും കച്ചവടത്തിന്റെയും ദൈവ വിശ്വാസത്തിന്റെയും മണ്‍മറഞ്ഞു പോയ ഒരു പാപമ്പര്യത്തിന്റയും മധുരോദാരമായ ഭക്ഷണത്തിന്റെയും വിനോദത്തിന്റെയും ജീവ കാരുണ്യ പ്രവൃത്തികളുടെയും ഉത്സവമാണ്. മത്തങ്ങയില്‍ തെളിയിച്ച മെഴുകുതിരി വെട്ടത്തില്‍ നമുക്കെല്ലാം മറന്ന് ഉല്ലസിക്കാം… ഹാപ്പി ഹാലോവീന്‍…
ദീപാവലി
കേരളത്തില്‍ ദീപാവലി ആത്മീയതയുടെ പരിവേഷമുളള ഒരു ദിനം തന്നെയാണ്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുന്നു. കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ ദീപാവലി ദിവസം വാവുല്‍സവമായി വന്‍ വിശേഷമായിട്ടാണ് കൊണ്ടാടുന്നത്. വാവുല്‍സവത്തോടെ വടക്കന്‍ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്കു കൊടിയേറുകകൂടിയാണ്.
കേരളത്തിലെ വിഷ്ണുക്ഷേത്രങ്ങളിലും ദീപാവലിയാഘോഷം പ്രധാനമാണ്. ഉത്തരേന്ത്യയിലാണ് ദീപാവലി ആഘോഷങ്ങള്‍ക്കു പ്രാധാന്യം കൂടുതല്‍. വീടുകളും തെരുവുകളും ദീപങ്ങള്‍ കൊണ്ടലങ്കരിച്ചും, മധുരം വിതരണം ചെയ്തു പടക്കം പൊട്ടിച്ചും ഉത്തരേന്ത്യക്കാര്‍ ദീപാലി കെങ്കേമമാക്കുന്നു. കര്‍ണാടക ആന്ധ്ര തുടങ്ങിയ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ദീപാവലി പ്രധാനമാണ്. ദീപാവലി ആഘോഷം അഞ്ചു ദിവസം നീണ്ടു നില്‍ക്കും. ഇന്ത്യയിലെയും നേപ്പാളിലെയും വിളവെടുപ്പു സീസണ്‍ ദീപാവലിയോടു കൂടി അവസാനിക്കും. വിളവെടുപ്പിനു ലക്ഷ്മി ദേവി നല്‍കിയ അനുഗ്രഹം വരാനിരിക്കുന്ന വിളവെടുപ്പുകള്‍ക്കെല്ലാം നല്‍കണമെന്ന പ്രാര്‍ഥനയോടെയാണ് ആഘോഷങ്ങള്‍ അവസാനിക്കുന്നത്.
ഇന്ത്യ ഉത്സവങ്ങളുടെ രാജ്യമാണ്. ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനുഷ്യ മനസ്സിനെ ഈശ്വരസ്മരണയിലേക്ക് തിരിച്ചുവിടുക എന്നതാണ് ഉത്സവങ്ങളുടെ യഥാര്‍ഥ ലക്ഷ്യം. ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്, പ്രകാശത്തിന്റെ ഉത്സവമാണ്. പ്രകാശമാവട്ടെ നന്മയുടെയും അറിവിന്റെയും പ്രതീകവും. നമ്മുടെയുള്ളില്‍ അറിവിനെ ഉണര്‍ത്തുകയാണ് ദീപാവലിക്ക് വിളക്കുകൊളുത്തുമ്പോള്‍ നാം ചെയ്യുന്നത്.
ഒരു തിരിയുടെ നാളത്തില്‍നിന്ന് ആയിരം തിരി കൊളുത്തിയാലും ആദ്യത്തെ തിരിയുടെ പ്രകാശത്തിന് ഒരു കുറവും വരുന്നില്ല. നമ്മുടെഅറിവ് എത്രമാത്രം മറ്റുള്ളവര്‍ക്കു നാം പകര്‍ന്നുകൊടുത്താലും അത് അല്പംപോലും കുറയുന്നില്ലെന്ന് ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതാണ് അറിവിന്റെ മഹത്വം. ഒരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന നല്ല ചിന്തകളും, അയാളുടെ സല്‍പ്രവൃത്തികളും മറ്റുള്ളവരെയും സ്വാധീനിക്കുന്നു. ഉത്സവവേളകളില്‍ എല്ലാവരും ഒരു പോലെ ചിന്തിക്കുന്നു. എല്ലാവരും ഒരുമിച്ച് ഈശ്വരസ്മരണയില്‍ മുഴുകുന്നു. ഒന്നിച്ചു കീര്‍ത്തനങ്ങള്‍ പാടുന്നു. ഒന്നിച്ച് ആഹ്ലാദിക്കുന്നു. അതിന്റെ തരംഗങ്ങള്‍ ചുറ്റും വ്യാപിക്കുന്നു. മറ്റുള്ളവരിലും സന്തോഷവും ഈശ്വരസ്മരണയും ഉണര്‍ത്താന്‍ അതിനു കഴിയുന്നു.
ഒരു കഥ ഓര്‍ക്കുകയാണ്. ഒരു വനത്തിനോടുചേര്‍ന്ന് ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ വഴിവിളക്കുകള്‍ഒന്നുമില്ല. അതുകാരണം രാത്രികാലങ്ങളില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ പിടിച്ചുപറിക്കുന്നത് സ്ഥിരം സംഭവമായി. ചിലപ്പോള്‍ കൊലപാതകങ്ങളും നടന്നു.
നാട്ടുകാര്‍ പല തവണ മേലധികാരികളെ നേരില്‍ക്കണ്ട് വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ അപേക്ഷിച്ചിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല. ഇരുട്ടിന്റെ മറവിലെ കുറ്റകൃത്യങ്ങള്‍ക്കു യാതൊരു കുറവും സംഭവിച്ചതുമില്ല. ഒരു ദിവസം അവിടെയുള്ള താമസക്കാരില്‍ ഒരാളിനു തോന്നി, തന്റെ വീടിനു മുന്നില്‍ ഒരു റാന്തല്‍വിളക്ക് കത്തിച്ചുവെച്ചാലോ എന്ന്. അത്രയും സ്ഥലത്ത് പ്രകാശംകിട്ടുമല്ലോ! സന്ധ്യയായപ്പോള്‍ അദ്ദേഹം തന്റെ വീടിനുമുന്നില്‍ വഴിയോടുചേര്‍ന്ന് ഒരു റാന്തല്‍വിളക്കു കത്തിച്ചു. അത് വഴിയിലൂടെപോകുന്നവര്‍ക്ക് പ്രകാശം നല്കി. ഇതുകണ്ടപ്പോള്‍ അടുത്ത വീട്ടുകാരനും തന്റെ വീടിനുമുന്നില്‍ ഒരു റാന്തല്‍
വിളക്കുകത്തിച്ചുവെച്ചു. ഇതുകണ്ട അടുത്ത വീട്ടുകാരും അതുതന്നെചെയ്തു. അങ്ങനെ ആ ഗ്രാമത്തിലെ എല്ലാ വീട്ടുകാരും വീടിനുമുന്നില്‍ റാന്തല്‍വിളക്കുവെച്ചു. അതോടെ ആ ഗ്രാമത്തിലാകെ പ്രകാശം നിറഞ്ഞു. കൊള്ളയും കൊലയും ഇല്ലാതെയായി. കള്ളന്മാരുടെശല്യവും കുറഞ്ഞു. ഒരാളില്‍നിന്നാരംഭിച്ച സത്പ്രവൃത്തി ആ നാട്ടില്‍ മുഴുവന്‍ വലിയ പരിവര്‍ത്തനത്തിനു കാരണമായി. വ്യക്തിമനസ്സിലുണ്ടാകുന്ന മാറ്റങ്ങള്‍ സമൂഹത്തിലും പരിവര്‍ത്തനംസൃഷ്ടിക്കും.
ഉത്സവങ്ങള്‍ യഥാര്‍ഥത്തില്‍ മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കാനും നന്മയിലേയ്ക്ക് ഉണര്‍ത്താനുമുള്ള അവസരങ്ങളാകണം. എന്നാല്‍, ഇന്ന് ഇതു സാധിക്കുന്നുണ്ടോ എന്നത് നമ്മള്‍സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഉത്സവത്തിന്റെ പേരില്‍ ധാരാളം പണം ദുര്‍വിനിയോഗം ചെയ്യുമ്പോഴും, മനുഷ്യ മനസ്സുകളെ ദുഷിപ്പിക്കുന്ന പരിപാടികള്‍നടക്കുമ്പോഴും ഈ ലക്ഷ്യം പരാജയപ്പെടുകയാണ്.
ദീപാവലിയെ സാധാരണയായി ശ്രീകൃഷ്ണനുമായിട്ടും ശ്രീരാമനുമായിട്ടും ബന്ധപ്പെടുത്താറുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചപ്പോള്‍ ‘എന്റെ ദുഖം ലോകത്തിന്റെ സുഖമായിത്തീരട്ടെ’ എന്ന് നരകാസുരന്‍ പ്രാര്‍ഥിച്ചുവെന്നു പറയപ്പെടുന്നു. സ്വയം കഷ്ടപ്പാടുകളനുഭവിക്കുമ്പോഴും മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനുംവേണ്ടി പ്രാര്‍ഥിക്കുവാനും അതിനായിപ്രയത്‌നിക്കാനുമുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിയണം. അതിനുള്ള പ്രചോദനമാകട്ടെ ഈ ദീപാവലിക്ക് നാം കൊളുത്തുന്ന നന്‍മയുടെ നിറദീപങ്ങള്‍.
ജ്ഞാനദീപം പ്രദീപ്തമാക്കുന്ന ഉത്സവദിവസമായ ദീപാവലി നാളില്‍ പ്രകാശമില്ലാത്ത ഒരിടവും ഉണ്ടാകരുതെന്നാണ് വിശ്വാസം. ഐശ്വര്യദേവതയായ മഹാലക്ഷ്മി എല്ലാ വീടുകളിലും സന്ദര്‍ശിക്കുമെന്നും നിറമനസോടെ സ്വീകരിക്കുന്ന ഭവനങ്ങളില്‍ ഭവാനി ആ വര്‍ഷം മുഴുവന്‍ അധിവസിച്ച് സമ്പത്തും ഐശ്വര്യവും നല്‍കുന്നുവെന്നാണ് ഐതിഹ്യം. ഭവാനിയാണല്ലോ ഭവനങ്ങളുടെ ഐശ്വര്യം നിലനിര്‍ത്തുന്നത്.
വ്യാപാരികള്‍ കച്ചവടത്തിന്റെ അഭിവൃദ്ധിക്കായി കടകള്‍ അലങ്കരിച്ച് ദീപപ്രഭയാല്‍ രാത്രിയും തുറന്നുവയ്ക്കാറുള്ളത് ഇതുകൊണ്ടാണ്. സംസ് കാരത്തിന്റെ സംരക്ഷണവും പോഷണവുമാണല്ലോ ആഘോഷങ്ങളുടെ മുഖ്യധര്‍മ്മം. ദീപാവലി ആഘോഷത്തിലൂടെയും ആ ധര്‍മം നിറവേറ്റപ്പെടുന്നു.
”ഹാപ്പി ദീപാവലി & ഹാപ്പി ഹാലോവീന്‍…”