ന്യൂയോർക്ക്: ഒരാൾ മരിക്കുകയും 80ലധികം പേർ ആശുപത്രിയിലാകുകയും ചെയ്ത മക്ഡൊണാൾഡ്സ് ഭക്ഷ്യവിഷബാധയുടെ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുഎസ് രോഗപ്രതിരോധ വകുപ്പ്. ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായ ക്വാർട്ടർ പൗണ്ടേഴ്സ് ബർഗറിലെ ഉള്ളിയായിരുന്നു യഥാര്‍ത്ഥ പ്രശ്നക്കാരൻ എന്നാണ് കണ്ടെത്തൽ.
ഒക്ടോബർ 22നാണ് യുഎസിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ആളുകൾക്ക് മക്ഡൊണാൾഡ്സിലെ ബർഗർ കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ഏൽക്കുന്നത്. ഇവരെല്ലാവരും കഴിച്ചത് ക്വാർട്ടർ പൗണ്ടേഴ്സ് എന്ന ബീഫ് പാറ്റി ബർഗറായിരുന്നു. ഇവയിൽ ഉപയോഗിച്ചിരുന്ന ഉള്ളിയിലെ ഇ കോളി ബാക്ടീരിയയാണ് വില്ലനായത്. ഭക്ഷ്യവിഷബാധ ഉണ്ടായ ശേഷം യുഎസ് ഭക്ഷ്യവകുപ്പ് അധികൃതർ കമ്പനിക്ക് ഉള്ളി വിതരണം ചെയ്ത വിതരണക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഒരാൾ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
അതേസമയം, മെനുവിൽ നിന്ന് മാറ്റിവെച്ചിരുന്ന ക്വാർട്ടർ പൗണ്ടേഴ്സ് ബർഗ്ഗറിനെ മക്ഡൊണാൾഡ്സ് ഇപ്പോൾ ഉൾപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഉള്ളി മാറ്റിവെച്ചാണ് ഇനിമുതൽ ബർഗർ വിതരണം ചെയ്യുക.അസുഖം ബാധിച്ച മേഖലകളിലെ റെസ്റ്റോറൻ്റുകൾ ഈ ഉള്ളി ഇല്ലാതെ ബർഗറുകൾ വിതരണം ചെയ്യുമെന്നും അവർ പ്രസ്താവിച്ചു. കൊളറാഡോ, കൻസാസ്, യൂട്ടാ, വ്യോമിംഗ്, ഐഡഹോ, അയോവ, മിസോറി, മൊണ്ടാന, നെബ്രാസ്ക, നെവാഡ, ന്യൂ മെക്സിക്കോ, ഒക്ലഹോമ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടെ, യു.എസ്. റെസ്റ്റോറൻ്റുകളുടെ ഏകദേശം അഞ്ചിലൊന്നിൽ നിന്നും ക്വാർട്ടർ പൗണ്ടറിനെ മക്ഡൊണാൾഡ് നീക്കം ചെയ്തിരുന്നു.