ജോയി കുറ്റിയാനി
ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ കോറല്‍ സ്പ്രിംഗ്‌സ് ആരോഗ്യമാതാ ഫൊറോന ദേവാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പന്ത്രണ്ട് അത്മായര്‍ തിളക്കമാര്‍ന്ന വിജയത്തോടെ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തലശേരി അതിരൂപതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സിന്റെ മാസ്റ്റേഴ്‌സ് ഇന്‍ തിയോളജി പ്രോഗ്രാമില്‍ കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി നടത്തിയ ശ്രമകരമായ പഠനത്തിനൊടുവിലാണ് രൂപതയ്ക്കുതന്നെ അഭിമാനിക്കാവുന്ന ഈ നേട്ടം ഇവര്‍ കൈവരിച്ചത്.
ഇടവകയുടെ മുന്‍ വികാരിയും ഇപ്പോള്‍ ചിക്കാഗോ രൂപതയുടെ വികാരി ജനറാളുമായ തോമസ് കടുകപ്പിള്ളില്‍ അച്ചന്റെ വലിയൊരു സ്വപ്നമായിരുന്നു ദൈവശാസ്ത്രത്തില്‍ ആഴമായ അറിവുനേടിയ അത്മായരിലൂടെ ഇടവകയെ കൂടുതല്‍ ദൈവാനുഭവത്തിലേക്ക് വളര്‍ത്തുക എന്നത്.
അദ്ദേഹത്തിന്റെ പരിശ്രമഫലമായി ആരംഭിച്ച മാസ്റ്റേഴ്‌സ് ഇന്‍ തിയോളജി പ്രോഗ്രാമിനെ പിന്നീട് ഇടവക വികാരിയായി എത്തിയ റവ.ഫാ. ജോണ്‍സ്റ്റി തച്ചാറ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് പുളിക്കല്‍ എന്നിവര്‍ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇടവകയ്ക്ക് ചരിത്ര നേട്ടമായി. റെജിമോന്‍ സെബാസ്റ്റ്യന്‍ ഈ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന്റെ കോര്‍ഡിനേറ്ററായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചു.
2021 ഒക്‌ടോബര്‍ 24-നു ഇടവക ദേവാലയത്തില്‍ ദിവ്യബലിയോടുകൂടി ആരംഭിച്ച വര്‍ണ്ണാഭമായ ബിരുദദാന ചടങ്ങില്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ജോണ്‍സ്റ്റി അച്ചന്റെ അഭാവത്തില്‍ ഫാ. തോമസ് പുളിക്കല്‍ നേതൃത്വം കൊടുത്ത ചടങ്ങില്‍ കോറല്‍സ്പ്രിംഗ്‌സ് സെന്റ് ആന്‍ഡ്രൂസ് കത്തോലിക്കാ പള്ളി അസിസ്റ്റന്റ് വികാരി ഐസക്ക് അരിക്കാപ്പള്ളി അച്ചനും സന്നിഹിതനായിരുന്നു.
ഇടവകയിലെ മതബോധന രംഗത്തും ഗായകസംഘത്തിലും ഭക്ത സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ബോസി മൈക്കിള്‍, സിജി ജോസഫ്, ഡെയ്‌സി ജോഷി, ദീപ സെബാസ്റ്റ്യന്‍, ജോണി അങ്ങാടിയത്ത്, ലാലി പാറത്തലയ്ക്കല്‍, മാത്യു വല്ലൂര്‍, റെജിമോന്‍ സെബാസ്റ്റ്യന്‍, ഷൈനി ആന്റണി, സുമ ലോന്ത്, ട്രീസ ജോയി, വത്സമ്മ ഏബ്രഹാം എന്നിവര്‍ അഭിവന്ദ്യ പിതാവില്‍ നിന്ന് ബിരുദം ഏറ്റുവാങ്ങി.
തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ- പേട്രന്‍ അഭിവന്ദ്യ ഡോ. ജോസഫ് പാംപ്ലാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ടോം ഓലിക്കരോട്ട്, മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജോജി കാക്കരമറ്റം, ചിക്കാഗോ രൂപതാ വികാരി ജനറാള്‍ റവ.ഫാ. തോമസ് കടുകപ്പള്ളില്‍ എന്നിവര്‍ വീഡിയോ സന്ദേശങ്ങളിലൂടെ ബിരുദധാരികള്‍ക്ക് ആശംസകള്‍ അറിയിച്ചു. ജോണി അങ്ങാടിയത്ത് നന്ദി പറഞ്ഞു.