ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി സ്ഥാനമേറ്റ സോമനാഥ് ഘോഷ് ഐഎഫഎസിനു ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ (എഎഇഐഒ) ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് സ്വീകരണം നല്‍കുകയും ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റേയും മറ്റ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റും, അമേരിക്കയും ചേര്‍ന്ന് നടത്തുന്ന വിവിധ ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ പ്രൊജക്ടുകളില്‍ എഎഇഐഒ മുന്‍കൈ എടുക്കുമെന്നും, ഇന്ത്യയുടെ സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതിയില്‍ സഹകരിക്കണമെന്നും കോണ്‍സല്‍ ജനറല്‍ നിര്‍ദേശിച്ചു.
ഇന്ത്യന്‍ ഐടി സഹമന്ത്രി ഡോ. രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ എഎഇഐഒയുമായി സഹകരിച്ച് ഐടി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് എന്നീ രംഗങ്ങളില്‍ വിവിധ പ്രൊജക്ട് പ്ലാനുകള്‍ തയറാക്കിക്കൊണ്ടിരിക്കുകയാണെന്നും എഎഇഐഒ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു.
അസോസിയേഷന്‍ മില്‍വോക്കിയിലെ വിസ്‌കോണ്‍സിനില്‍ നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന പുതിയ ചാപ്റ്ററിന്റെ ഉദ്ഘാടനത്തിനായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ ക്ഷണിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു.
ഐഐടി കാണ്‍പൂര്‍ ഗ്രാജ്വേറ്റും, ഐ.എഫ്.എസ് ഓഫീസറുമായ സോമനാഥ് ഘോഷിന് അമേരിക്കയിലെ ഒമ്പത് സംസ്ഥാനങ്ങളുടെ ചുമതലയുണ്ട്.
എന്‍ജിനീയേഴ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ എഎഇഐഒ ഈ ഒമ്പത് സംസ്ഥാനങ്ങളിലും ചാപ്റ്ററുകള്‍ ആരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aaeiousa.org സന്ദര്‍ശിക്കുക.