Sunday, December 22, 2024

HomeAmericaവിജയപ്രതീക്ഷ ഉയർത്തിമലയാളി സ്ഥാനാർഥികൾ

വിജയപ്രതീക്ഷ ഉയർത്തി
മലയാളി സ്ഥാനാർഥികൾ

spot_img
spot_img

വാഷിങ്ടൻ: ജോ ബൈഡൻ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ ദേശീയ തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തി യു.എസ് ജനത. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുകയാണ്.
റിപ്പബ്ലിക്കൻ സംസ്ഥാനമായ ടെക്‌സസ് ഗ്രോഗ് ഏബട്ടിന് മൂന്നാമതൊരു അവസരം കൂടി ഗവർണർ പദവി അലങ്കരിക്കുന്നതിനു നൽകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഹൂസ്റ്റൺ നഗരത്തിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ആറ് മലയാളി സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നു. അമേരിക്കയിലെ മറ്റൊരു നഗരത്തിലും ഇത്രയധികം മലയാളികളോ ഇന്ത്യക്കാരോ മത്സര രംഗത്തില്ലെന്നത് ഹൂസ്റ്റനെ വ്യത്യസ്ഥമാക്കുകയാണ്. ഫോർട്ട്‌ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ -3 ജഡ്ജ് ജൂലി മാത്യു, ഫോർ സ്റ്റേറ്റ് റെപ്പ് ഡിസ്ട്രിക്ട് 76 ഡാൻ മാത്യൂസ്, ഫോർ 240 ജുഡീഷ്യൽ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ഫോർ ജസ്റ്റിസ് ഓഫ് ദ പീസ് പക്റ്റ്-2 ജെയ്‌സൺ ജോസഫ് എന്നിവരാണ് ആസന്നമായ തിരഞ്ഞെടുപ്പിൽ മൽസരരംഗത്തുള്ള മലയാളികൾ.
ഇല്ലിനോയിയിലെ വിൽ കൗണ്ടി ട്രഷറർ ആയി മലയാളിയായ രാജ് പിള്ളയും വിജയപ്രതീക്ഷയിലാണ്.

കെ.പി. ജോർജ്
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്കാണ് പത്തനംതിട്ട സ്വദേശിയായ കെ.പി. ജോർജ് വീണ്ടും മൽസരിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ അസാദ്യമെന്നു കരുതിയ വിജയം സ്വന്തമാക്കിയ ആത്മധൈര്യവുമായാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി രണ്ടാം വട്ടവും തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. പത്തനംതിട്ടയിലെ കൊക്കാത്തോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അമേരിക്കയിൽ എത്തി മൂന്നു പതിറ്റാണ്ട് പിന്നിട്ടു. ഫോർട്ട് ബെൻഡ് കൗണ്ടിയുടെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തന മികവ്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ജനകീയമായ മുന്നേറ്റം കാഴ്ചവച്ചു. വാക്‌സിനേഷൻ നിരക്കിൽ കൗണ്ടി സംസ്ഥാനത്ത് ഒന്നാമത് എത്തിയത് ജോർജിന്റെ പ്രവർത്തനമികവുകൊണ്ടാണ്. കോവിഡ് പരിശോധന, രോഗികളുടെ ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകി. പ്രതിസന്ധിയിലായവർക്ക് പ്രത്യേക സഹായങ്ങളും നൽകി. ഫോർട്ട്‌ബെൻഡ് സ്‌കൂൾ അധ്യാപികയായ ഷീബയാണ് ഭാര്യ. രോഗിത്, ഹെലൻമേരി, സ്‌നേഹ എന്നിവരാണ് മക്കൾ.

റോബിൻ ഇലക്കാട്ട്
മിസോറി സിറ്റി മേയർ സ്ഥാനത്തേക്ക് രണ്ടാം വട്ടവും മൽസരത്തിനു ഇറങ്ങുന്ന മലയാളിയാണ് റോബിൻ ഇലക്കാട്ട്. കഴിഞ്ഞ രണ്ടു വർഷം മിസോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളർത്തിയെടുത്ത, മലയാളികളുടെ മാത്രമല്ല ഏഷ്യൻ വംശജരുടെ അഭിമാനയായി മാറിയ റോബിൻ രണ്ടാം വട്ടവും മേയർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞു ഒന്നും പ്രതീക്ഷിക്കുന്നില്ല. കോട്ടയം ജില്ലയിലെ കുറുമുള്ളൂർ ഗ്രാമത്തിലാണ് റോബിൻ ജനിച്ചത്. നാൽപതു വർഷമായി യുഎസിലെത്തിയിട്ട്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആരോഗ്യമേഖലയിലായിരുന്നു ജോലി. സ്വന്തമായി ബിസിനസുമുണ്ട്. 2009 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിൽ മെമ്പറായി. 2011 ലും 2013 ലും എതിരില്ലാതെ കൗൺസിൽ സ്ഥാനാർഥിയായി ജയിച്ചു. എങ്കിലും 2015 ൽ രാഷ്ട്രീയ ജീവിതത്തിൽനിന്ന് ചെറിയൊരു ഇടവേളയെടുത്തു. പിന്നീട് അഞ്ചുവർഷത്തിന് ശേഷം 2020 ലാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ച് മിസോറി മേയറായത്. ഭാര്യ ടിന ചങ്ങനാശ്ശേരി സ്വദേശിയാണ്. യുഎസിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നു. മക്കൾ: ലിയ, കെയ്റ്റിലിൻ.

ജഡ്ജി ജൂലി മാത്യു
ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടികളിൽ ഒന്നായ ഫോർട്‌ബെൻഡ് കൗണ്ടി മൂന്നാം നമ്പർ കോർട്ട് ജഡ്ജി ജൂലി മാത്യു ഇതു രണ്ടാം തവണയാണ് മൽസരത്തിനു ഇറങ്ങുന്നത്. മലയാളികൾ ഉൾപ്പെട്ട ഇന്ത്യക്കാർ ഏറെയുള്ള ഫോട്‌ബെൻഡ് കൗണ്ടിയിൽ ഡെമോക്രാറ്റിക് ടിക്കറ്റിൽ ഇത്തവണ അനായാസ ജയം നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 15 വർഷത്തെ നിയമ പരിജ്ഞാനവും നാലുവർഷം ജഡ്ജായി ഇരുന്ന അനുഭവ സമ്പത്തുമായിട്ടാണ് ഇത്തവണ ജൂലി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. കോടതികൾ ജനങ്ങൾക്കുവേണ്ടി ആയിരിക്കണം എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. തന്റെ കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനം കൊണ്ട് അവർ അത് തെളിയിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ. പത്താം വയസിൽ ഫിലഡൽഫിയയിൽ എത്തിയ ജൂലി സ്‌കൂൾ വിദ്യാഭ്യാസം അവിടെ പൂർത്തിയാക്കി. പെൻസിൽവാനിയ സ്‌റ്റേറ്റിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. പ്രാക്ടീസ് ആരംഭിച്ചു. 2002ൽ ഹൂസ്റ്റനിൽ എത്തി ടെക്‌സസ് ലോ ലൈസൻസ് കരസ്ഥമാക്കി പ്രാക്ടീസ് തുടങ്ങി. 2018ൽ തിരഞ്ഞെടുപ്പിലൂടെ 58 ശതമാനം വോട്ടു നേടി ടെക്‌സസിലെ ആദ്യ ഏഷ്യൻ അമേരിക്കൻ ജഡ്ജായി. ഫോട്‌ബെൻഡ് കൗണ്ടിയിലെ എല്ലാവിധ കേസുകളും കൈകാര്യം ചെയ്യുന്ന കൗണ്ടി കോർട്ട് 3 ലെ ജഡ്ജിയാണ് ജൂലി മാത്യു. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശി തോമസ് ഡാനിയേലിന്റെയും സൂസമ്മ തോമസിന്റെയും മകളാണ്. വ്യവസായിയായ കാസർകോട് വാഴയിൽ ജിമ്മി മാത്യുവാണു ഭർത്താവ്. അലീന, അവാ, സോഫിയ എന്നിവർ മക്കളും.

ഡാൻ മാത്യൂസ്
ടെക്‌സസ് ഡിസ്ട്രിക്ട് 76ൽ നിന്നും സ്‌റ്റേറ്റ് റപ്രസെന്ററ്റീവ് ആയാണ് മലയാളിയായ ഡാൻ മാത്യൂസ് മൽസരിക്കുന്നത്. എൻജിനിയറും വ്യവസായിയും ക്രിസ്ത്യൻ സുവിശേഷകനുമായ ഡാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാണ്. നിയമവിരുദ്ധ കുടിയേറ്റം തടയുക, അതിർത്തിക്കപ്പുറത്തുനിന്നുള്ള ക്രിമിനിലുകളേയും മയക്കുമരുന്നും തടയുക, പ്രോപ്പർട്ടി ടാക്‌സ് കുറയ്ക്കുക, തിരഞ്ഞെടുപ്പിലെ വോട്ടിംഗ് തട്ടിപ്പ് തടയുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഓയിൽ, ഗ്യാസ് വ്യവസായ രംഗത്ത് 23 വർഷം പ്രവർത്തിച്ച ഡാൻ കെമിക്കൽ എൻജിനീയറിംഗിൽ ബിരുദവും എംബിഎയും നേടിയിട്ടുണ്ട്. ക്രിസ്ത്യൻ അസംബ്ലീസ് ഓഫ് ഹൂസ്റ്റൺ ചർച്ചിലെ അംഗമാണ്. ഇന്ത്യയിൽ ജനിക്കുകയും സാംബിയയിൽ ജീവിക്കുകയും ചെയ്തിട്ടുള്ള ഡാൻ 33 വർഷമായി ടെക്‌സസിൽ താമസിക്കുന്നു. 2016ൽ സ്റ്റാഫോർഡ് ക്രിസ്ത്യൻ സെന്റർ സ്ഥാപിച്ചു. വിവിധ സംഘടനകളുടെ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നു. ഡെയ്‌സിയാണ് ഭാര്യ. ക്രിസ്റ്റഫർ, മെലഡി എന്നിവർ മക്കളാണ്.

സുരേന്ദ്രൻ കെ പട്ടേൽ
240–ാം ജുഡീഷ്യൽ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി ആയാണ് മലയാളിയായ സുരേന്ദ്രൻ കെ പട്ടേൽ മൽസരിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ ലേബലിൽ ആണു മൽസരം. എല്ലാവർക്കും തുല്യനീതി എന്നതാണ് സുരേന്ദ്രൻ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. സിവിൽ, ക്രിമിനൽ, ലേബർ, ഇൻഡ്രസ്ട്രിയൽ ലോ എന്നീ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിയാണ്. കേരളത്തിൽ ജനിച്ച സുരേന്ദ്രൻ 1996 മുതൽ കേരളത്തിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2007ൽ ആണ് ഭാര്യയോടൊപ്പം അമേരിക്കയിൽ എത്തുന്നത്. റജിസ്‌റ്റേഡ് നഴ്‌സായ ഭാര്യയ്ക്ക് മെഡിക്കൽ സെന്ററിൽ ജോലി ലഭിച്ചു. പിന്നീട, അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ ആകൃഷ്ടനായ സുരേന്ദ്രൻ 2009ൽ ബാർ എക്‌സാം പാസായി. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റൺ ലോ സെന്ററിൽ നിന്നും എൽഎൽഎം ബിരുദം കരസ്ഥമാക്കി. കഴിഞ്ഞ തവണ ഫാമിലി കോർട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ സുരേന്ദ്രൻ പട്ടേൽ റൺ ഓഫിൽ എത്തിയിരുന്നു.

ജെയ്‌സൺ ജോസഫ്
ടെക്‌സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജസ്റ്റീസ് ഓഫ് ദി പീസ് പിസിടി–2 ആയിട്ടാണ് ജെയ്‌സൺ ജോസഫ് മൽസരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാണ് ഈ മലയാളി. ‘നീതിക്കും സമാധാനത്തിനും ഞാൻ നിങ്ങളുടെ ശബ്ദമായിരിക്കും, നിങ്ങൾ എല്ലാവരുടയും നല്ലൊരു നാളേയ്ക്കായി ഞാൻ ഒപ്പമുണ്ടാകും’–ജെയ്‌സൺ ജോസഫ് പറഞ്ഞു. സാമൂഹ്യനീതി തുല്യതയോടെ എല്ലാവർക്കും, നിയമവും ഭരണഘടനാപരമായ അവകാശങ്ങളും ഉയർത്തിപ്പിടിക്കും, സമഗ്രതയിലും ആശ്രയത്വത്തിലും അധിഷ്ഠിതമായ നേതൃത്വം തുടങ്ങിയ കാര്യങ്ങളാണ് ജെയ്‌സൺ മുന്നോട്ടുവയ്ക്കുന്നത്.

രാജ് പിള്ള
ഇല്ലിനോയിയിലെ വിൽ കൗണ്ടി ട്രഷറർ ആയാണ് മലയാളിയായ രാജ് പിള്ള ജനവിധി തേടുന്നത്. റിപ്പബ്ലിക്കൻ ലേബലിലാണ് രാജ് പിള്ള മൽസരിക്കുന്നത്. ഇല്ലിനോയിയിലെ നാലാമത്തെ വലിയ കൗണ്ടിയാണ് വിൽ കൗണ്ടി. തിരഞ്ഞെടുക്കപ്പെട്ടാൽ ടാക്‌സ് നൽകുന്ന എല്ലാവരുടേയും ഓരോ ഡോളറിനുംസംരക്ഷണം നൽകുമെന്നു അദ്ദേഹം ഉറപ്പു നൽകുന്നു. അഴിമതിയില്ലാതാക്കി പ്രവർത്തനത്തിൽ പൂർണ്ണ സുതാര്യതക്ക് മുൻഗണന നൽകുമെന്നും രാജ് പിള്ള വ്യക്തമാക്കുന്നു.കഴിഞ്ഞ 17 വർഷമായി അക്കൗണ്ടന്റ് രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയുമാണ്. 2019 മുതൽ ഹാർമർ ഫിനാൻഷ്യൽ സൊല്യൂഷൻസിൽ സീനിയർ ഡയറക്ടർ ഓഫ് ക്ലൈന്റ് സർവീസ് ആണ്. മുൻ യുഎസ് നേവി ഉദ്യോഗസ്ഥനായ രാജ് പിള്ള പബ്ലിക്ക് അക്കൗൻഡന്റുമാണ്. കൗണ്ടി ട്രഷറർ സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യ ഇന്ത്യൻ അമേരിക്കനാണ്. ഭാര്യ ദേവ്‌ന നഴ്‌സായി ജോലി ചെയ്യുന്നു. മൂന്നു മക്കളാണുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments