ഹൂസ്റ്റന്‍: മിസ്സോറി സിറ്റി മേയര്‍ പദമലങ്കരിച്ചുകൊണ്ട് ഇന്ത്യന്‍ സമൂഹത്തിന്റെ വിശേഷിച്ച് മലയാളികളുടെ അഭിമാന ഭാജനമായ റോബിന്‍ ഇലക്കാട്ട് വിജയത്തിന്റെ തുടര്‍ ചരിത്രം കുറിച്ചിരിക്കുന്നു. യോലാന്‍ഡാ ഫോര്‍ഡിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
അമേരിക്കയിലെ ഏറ്റവും നല്ല നഗരമായി മിസ്സൂറിയെ വളര്‍ത്തിയെടുക്കുവാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് റോബിന്‍ ഇലക്കാട്ട് പറഞ്ഞു. മലയാളികള്‍ക്ക് മാത്രമല്ല ഈ വിജയത്തില്‍ അഭിമാനമുള്ളത്. അമേരിക്കന്‍ ജനതയും ഏഷ്യന്‍ സമൂഹവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
മിസ്സോറി സിറ്റിയിലെ എല്ലാ വോട്ടര്‍മാരുമാരുടെയിടയിലും കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് നേടിയെടുത്ത വിശ്വാസം അദ്ദേഹത്തിന്റെ വിജയ സാദ്ധ്യതകള്‍ വര്‍ധിപ്പിച്ചു. എവിടെയും അദ്ദേഹത്തിന്റെ സാന്നിധ്യം പ്രകടമായിരുന്നു. അദ്ദേഹം തന്റെ വിജയത്തെ കാണുന്നത് എല്ലാവരുടെയും കൂടെ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ദൈവം അത്ഭുതം പ്രവര്‍ത്തിക്കും എന്നാണ്. കഴിഞ്ഞ രണ്ടു വര്‍ഷം ലോകം കോവിഡിന്റെ പിടിയില്‍ അമര്‍ന്നപ്പോള്‍ ആര്‍ക്കും എപ്പോഴും തന്റെ സമയവും സാന്നിധ്യവും അദ്ദേഹം ഉറപ്പാക്കി. സ്വന്തം വീട്ടില്‍ ചിലവഴിക്കേണ്ട സമയം പോലും കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി.
റോബിന്‍ ഇലക്കാട്ടിന്റെ നയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തലാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണായമായത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രത്യേകിച്ച് മലയാളികള്‍ ധാരാളം നിവസിക്കുന്ന മിസ്സോറി സിറ്റിയെ അമേരിക്കയിലെ തന്നെ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
രണ്ടു വര്‍ഷം കൊണ്ട് നഗരത്തിനുണ്ടായ അസൂയാര്‍ഹമായ നേട്ടങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടായിരുന്നു റോബിന്റെ പ്രചാരണം. പൊതുജനാരാഗ്യം, വിദ്യാഭ്യാസം, സുരക്ഷാ, അടിസ്ഥാന വികസന മേഖലകളില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. മിസ്സോറി സിറ്റിയുടെ നികുതി നിരക്കുകള്‍ ചെറിയ തോതിലെങ്കിലും കുറയ്ക്കുവാന്‍ സാധിച്ചുവെന്നതും തന്റെ രണ്ടാം വട്ട വിജയത്തിന് കാരണമായി.
കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റേയും ഏലിയാമ്മയുടേയും സീമന്ത പുത്രനായ റോബിന്‍ ചെറുപ്പത്തില്‍ തന്നെ അമേരിക്കയിലെത്തി. സ്‌കൂള്‍ വിദ്യാഭ്യാസം ചിക്കാഗോയിലായിരുന്നു. ബിരുദാനന്തര ബിരുദത്തിനുശേഷം ന്യൂയോര്‍ക്കിലും താമസിച്ചശേഷമാണ് ടെക്‌സസിലെ മിസ്സൂറി സിറ്റിയില്‍ സ്ഥിരതാമസമാക്കുന്നത്. താഴെ തട്ടില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ റോബിന്‍ ആദ്യം കോളനി ലെയ്ക്ക്‌സ് ഹോം ഓണേഴ്‌സ് അസോസിയേഷന്‍ ബോര്‍ഡ് അംഗമായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
പിന്നീട് സിറ്റിയുടെ പാര്‍ക്ക്‌സ് ബോര്‍ഡില്‍ അംഗവും വൈസ് ചെയര്‍മാനുമായി. അതിനു ശേഷമാണ് കൗണ്‍സിലിലേക്ക് മത്സരിച്ച് മികച്ച വിജയം നേടിയത്. മൂന്നു തവണ അത് ആവര്‍ത്തിച്ചു. കൗണ്‍സില്‍മാനെന്ന നിലക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. സൈഡ് വാക്ക് റിപ്പയര്‍ പ്രോഗ്രാം, ബജറ്റ് നിയന്ത്രണം, പോലീസ് മിനി സ്‌റ്റേഷനും ഫയര്‍ സ്‌റെഷയം സ്ഥാപിക്കല്‍ തുടങ്ങിയവ അവയില്‍ പെടുന്നു.
2009ല്‍ മിസ്സോറി സിറ്റി കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ വംശജനും റോബിന്‍ ഇലക്കാട്ടാണ്. പിന്നീട് 2011ലും 2013ലും തുടര്‍ച്ചായി സിറ്റി കൗണ്‍സിലിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുകയും ഓരോ പ്രാവശ്യവും ഭൂരിപക്ഷം വര്‍ദ്ധിക്കുകയും ചെയ്തു. യുവത്വത്തിന്റെ പ്രസരിപ്പും കര്‍മ്മോത്സുകതയും കാഴ്ചവച്ചുകൊണ്ടുള്ള റോബിന്റെ പ്രവര്‍ത്തനം ഏറെ ജനസമ്മതി നേടുകയും ചെയ്തു.
ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഹൂസ്റ്റണിലെ സ്ഥാപകരിലൊരാളായ റോബിന്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോര്‍ത്തമേരിക്കയുടെ (കെ.സി.വൈ.എല്‍) സ്ഥാപക പ്രസിഡന്റാണ്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ റ്റീന ആണ് ഭാര്യ. ലിയ, കേറ്റ്‌ലിന്‍ എന്നിവര്‍ മക്കള്‍.