(ജോര്‍ജ് തുമ്പയില്‍)
കോണ്‍ഫറന്‍സ് തുടങ്ങിയ സമയം മുതല്‍ തീരുന്ന സമയം വരെയും ക്രച്ചസില്‍ ഏന്തിയേന്തി നടന്നുവരുന്ന ഐ.പി.സി.എന്‍.എയുടെ പണസഞ്ചി സൂക്ഷിപ്പുകാരന്‍ ഷിജോ പൗലോസിന്റെ കാര്യം തന്നെയാണ് പ്രതിപാദിക്കുന്നത്.
ഒക്‌ടോബര്‍ 23 തിങ്കളാഴ്ച ആയിരുന്നു സംഭവം. വീട്ടിലൊരു കൊച്ചുപണി ഉണ്ടായിരുന്നു. കൊച്ചെന്ന് പറഞ്ഞാല്‍ കൊച്ച് തന്നെ. ഒരാണി അടിച്ചതാണ്. ഒരാണി വരുത്തിയ വിനയേ…അടിച്ചിടത്ത് കൊണ്ടില്ല. കൊണ്ടത് കണംകാലിന്റെ ഭാഗത്ത്. (കുതിവള്ളിക്ക് ആണി കൊണ്ടു എന്നതാണ് ഈ കാലടിക്കാരന്റെ സ്‌ളാംഗ്).
അതുംപോരാഞ്ഞ് മോള്‍ മറിയ പറഞ്ഞതിപ്രകാരം: ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്ത്രീജനങ്ങളെ ഉപദ്രവിക്കാന്‍ ഇതുപോലൊരു പ്രയോഗം ഉണ്ട്- കുതിവള്ളിക്ക് വെട്ടുകൊണ്ടവര്‍ ഏറെ. ഇങ്ങനെ കൊണ്ടാല്‍ ഛര്‍ദ്ദിച്ച് ഊപ്പാട് വരും. achilles tendon എന്നാണത്രേ പേര്. മറിയയെ ലേഖകനും പരിചയമുണ്ട്. MCN-ല്‍ ജോലി ചെയ്തിരുന്ന സമയത്ത് ലിവിംഗ്സ്റ്റണിലെ സ്റ്റുഡിയോയില്‍ ഷിജോയ്‌ക്കൊപ്പം മറിയയും കൊച്ചു സഹോദരി മെരീസയും വന്നിരുന്ന കാലം. UMDNJ യില്‍ ജോലിക്കുപോകുന്ന ഭാര്യ ബിന്‍സി, കുഞ്ഞുങ്ങളെ നോക്കാന്‍ ഷിജോയെ പറഞ്ഞേല്‍പിച്ചാണ് പോകാറ്. ന്യൂസ് കാസ്റ്റിലും വീഡിയോ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അതീവ സമര്‍ത്ഥനായ ഷിജോയുണ്ടോ വിടുന്നു. കുഞ്ഞുങ്ങളേയും കൂട്ടി സ്റ്റുഡിയോയിലെത്തും. അതാണ് ഷിജോ!
ആണി കൊണ്ട് വേണ്ടാത്തിടത്ത്. അതും ട്രഷറര്‍ ആയ കോണ്‍ഫറന്‍സ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ. നേരേ ഓടി ആശുപത്രിയിലേക്ക്. പിന്നെ എക്‌സ്‌റേ, സി.റ്റി തുടങ്ങിയ അത്യാവശ്യ സംഗതികള്‍.
ആശുപത്രിയില്‍ നിന്നും റിസള്‍ട്ട് വന്നു. ഇനി 10 ദിവസത്തേക്ക് കാല്‍ നിലത്ത് കുത്തരുത്. പോരേ പൂരം!
അന്നു മുതല്‍-പത്താം ദിവസമാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.
പണസഞ്ചി ഇല്ലാതെ എന്തൊരു കോണ്‍ഫറന്‍സ്?
ഉടന്‍തന്നെ തന്റെ ഉറ്റ സുഹൃത്തായ ഡോ. ഷിറാസിനെ കണ്ടു. അദ്ദേഹവും പറഞ്ഞു: കാല്‍ നിലത്ത് കുത്തരുത്. – പത്തോ ഇരുപതോ ദിവസം വീട്ടില്‍ തന്നെ ഇരുന്നോ.
കോണ്‍ഫറന്‍സിന്റെ വിവരം ഡോ. ഷിറാസിനറിയാം. അദ്ദേഹം ആന്റി ബയോട്ടിക്കിന്റെ ഡോസ് കൂട്ടിക്കൊടുത്തു.
എയര്‍ലൈന്‍സിന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു. പിന്നെ എങ്ങിനെ മയാമിയില്‍ എത്തുമെന്നതായി ചിന്ത. ഗായകന്‍ ജെംസണേയും സുഹൃത്ത് ഹരിയേയും കൂട്ടി വണ്ടി ബുക്ക് ചെയ്തു. യാത്രയിലുടനീളം റെസ്റ്റ് എടുത്തു. 24 മണിക്കൂറെടുത്തു മയാമിയിലെത്താന്‍. (തിരികെ വരാന്‍ അരുണിനേയും കൂട്ടി).
മയാമിയിലെത്തി. എല്ലാവരേയും പോലെ കുളിച്ച് കുട്ടപ്പനായി രംഗത്തും. നല്ലതല്ലാതെ മറ്റൊന്നും കോണ്‍ഫറന്‍സില്‍ കേട്ടതേയില്ല -ഷിജോയെപ്പറ്റി. ഏന്തിയേന്തിയുള്ള നടപ്പിനെപ്പറ്റി ഒട്ടേറെ ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ന്നിമേഷനായി ഷിജോയുടെ മറുപടി- കുതിവള്ളിക്ക് ആണി കൊണ്ടു!
ഒരു ലക്ഷം ഡോളര്‍ വരെയെങ്കിലും പണസഞ്ചിയില്‍ തിട്ടൂരമുള്ള വ്യക്തി (ട്രഷറര്‍ ആയിരുന്ന ലേഖകന് പോലും പ്രാപ്യമാകാതിരുന്ന പദവി). എളിമയെന്ന് പറഞ്ഞാല്‍ എളിമയോട് എളിമ. മുഖത്ത് നോക്കി ആരെന്ത് പറഞ്ഞാലും മുഖം കറക്കാതെയുള്ള മറുപടി. എപ്പോഴും സുസ്‌മേരവദനന്‍.
‘ഷിജോസ് ട്രാവല്‍ ഡയറി’യിലൂടെയും ഏഷ്യാനെറ്റിന്റെ അവിഭാജ്യഘടകമായ ക്യാമറയിലൂടെയും, മറ്റ് വീഡിയോ പ്രോഗാമുകളിലൂടെയും ഏവര്‍ക്കും സുപരിചിതന്‍. കുറുക്കുവഴികള്‍ അറിയില്ലെങ്കിലും പണസഞ്ചിയില്‍ പണം നിക്ഷേപിക്കുവാന്‍ ഏതറ്റം വരെ പോകണമെന്ന് അറിയാവുന്ന അമേരിക്കയിലെ ഏക ഖജാന്‍ജി.
ഇന്നേയ്ക്ക് പതിനാറ് ദിവസങ്ങളായിരിക്കുന്നു. എല്ലാം ശുഭമായിരിക്കുന്നു എന്ന് ന്യൂജേഴ്‌സി ടേണ്‍ പൈക്കില്‍ നിന്നും ഷിജോയുടെ മറുപടി.
ഷിജോ പൗലോസിന് ഇതല്ലാതെ മറ്റെന്ത് വരാന്‍!?