എ.എസ് ശ്രീകുമാര്‍
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ ആവോളം ഏറ്റുവാങ്ങി അവരുടെ ദൃശ്യാസ്വാദന ബോധത്തെ ഗന്ധപൂരിതമാക്കി നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ജീവിത സ്പന്ദനങ്ങളും കലാപരമായ കഴിവുകളും വൈവിധ്യമാര്‍ന്ന റിയാലിറ്റി ഷോകളിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ മുമ്പിലെത്തിച്ച് ജൈത്രയാത്ര തുടരുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികാഘോഷങ്ങളുടെ വിസ്മയ വേദിയില്‍ വച്ച് കര്‍മഭൂമിയിലെ മികച്ച സംഘാടകനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജി വര്‍ഗീസ് ആദരിക്കപ്പെട്ടു.
ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ സി.ഇ.ഒ ബിജു സഖറിയയുടെ നേതൃത്വത്തില്‍ നൂറോളം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്ത ആഘോഷ നിര്‍ഭരമായ ചടങ്ങില്‍ പ്രമുഖ നര്‍ത്തകിയും നടിയുമായ ആശാ ശരത്, ഫ്‌ളോറിഡയില്‍ നിന്നുള്ള ജോര്‍ജി വര്‍ഗീസിന് ‘സോഷ്യല്‍ വിഷണറി അവാര്‍ഡ്’ സമ്മാനിച്ചു.
ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് തുടങ്ങിയ സംഘടനകളുടെ ചുമതലക്കാരനായി തുടങ്ങി നിരവധി സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ, പുഞ്ചിരിക്കുന്ന സാമീപ്യമാണ് ജോര്‍ജി വര്‍ഗീസ്. പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ നിന്ന് അമേരിക്ക എന്ന തന്റെ കര്‍മ ഭൂമിയിലേക്ക് സ്വപ്നങ്ങള്‍ അലങ്കരിച്ച് നടന്നു കയറിയ വ്യത്യസ്തനായ വ്യക്തിത്വമാണ് ജോര്‍ജി വര്‍ഗീസ്.
വൈ.എം.സി.എ എന്ന ആഗോള പ്രസ്ഥാനത്തിലൂടെയാണ് ജോര്‍ജി വര്‍ഗീസ് തന്റെ പൊതു പ്രവര്‍ത്തന രംഗത്തേക്കുള്ള തിളക്കമാര്‍ന്ന സപര്യയ്ക്ക് തുടക്കം കുറിച്ചത്. ആ പ്രസ്ഥാനത്തിലൂടെ മനുഷ്യ നന്മയ്ക്കും നീതിക്കുമൊപ്പം നിലനില്‍ക്കാനും തന്റെ ചുറ്റുമുള്ളവരോടു ചേര്‍ന്നു നിന്നുകൊണ്ട് അവര്‍ക്കായി സ്‌നേഹ സ്വാന്ത്വനം ചെരിയാനുള്ള മനസ്സാണ് ജോര്‍ജി വര്‍ഗീസ് എന്ന മനുഷ്യസ്‌നേഹിയുടെ വിലപ്പെട്ട സംഭാവന.
നന്മയുള്ള മനുഷ്യനെന്ന് എല്ലാ അര്‍ത്ഥത്തിലും നിര്‍വചിക്കപ്പെടാന്‍ യോഗ്യതയുള്ള ജോര്‍ജി വര്‍ഗീസ് കുട്ടനാട്ടിലെ നെല്‍ക്കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ട് വിത്തു വിതച്ച്, കൊയ്ത്തു നടത്തി നാട്ടിലെ കാര്‍ഷിക രംഗത്തും തന്റേതായ മുദ്രകള്‍ ചാര്‍ത്തിയിട്ടുണ്ട്.
അമേരിക്കന് മലയാളി സമൂഹത്തിന്റെ ഓസ്‌കര്‍ സ്റ്റാര്‍ നൈറ്റായി മാറിയ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു കമ്മ്യൂണിറ്റി ഹീറോസിനെ ആദരിച്ച ചടങ്ങ്. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററിലായിരുന്നു പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിച്ച വര്‍ണാഭമായ ആഘോഷം വിവിധ പരിപാടികളോടെ അരങ്ങേറിത്.
ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാ-സാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണിനിരന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി അണിയിച്ചൊരുക്കിയ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ സിക്‌സ്ത് ആനിവേഴ്‌സറി ആഘോഷരാവ് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് വേറിട്ടൊരു ദൃശ്യാനുഭവമായി മാറി.