വാഷിംഗ്ടൺ: യുക്രെയ്നിലെ റഷ്യൻ യുദ്ധനീക്കങ്ങളെ സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി നാല് ഇന്ത്യൻ സ്ഥാപനങ്ങളുൾപ്പെടെ 400നടുത്ത് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് 120 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ഉപരോധം ഏർപ്പെടുത്തി. 270 എണ്ണം ഉപരോധം നേരിടേണ്ടി വരിക ട്രഷറി ഡിപ്പാർട്ട്മെന്റിൽ നിന്നാകും. ബാക്കി കമ്പനികൾക്കും വ്യക്തികൾക്കുമെതിരായ നടപടി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിൽ നിന്നാണ്.
2023 മാർച്ചിനും 2024 മാർച്ചിനും ഇടയിൽ റഷ്യ ആസ്ഥാനമായുള്ള കമ്പനികൾക്ക് 700-ലധികം ഷിപ്പ്മെൻ്റുകൾ അയച്ച അസെൻഡ് ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് നാല് ഇന്ത്യൻ കമ്പനികളിൽ ഒന്ന്. രണ്ട് ലക്ഷം ഡോളർ മൂല്യം വരുന്ന കയറ്റുമതികളാണിവ. കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും യു എസ് നിർമിത എയർക്രാഫ്റ്റിന്റെ ഘടകങ്ങളും ഇതിൽ ഉൾപ്പെടും.
ട്രാൻസാണ് മറ്റൊരു ഇന്ത്യൻ കമ്പനി. 2023 ജൂണിനും 2024 ഏപ്രിലിനുമിടയിൽ മൂന്ന് ലക്ഷം ഡോളറിന്റെ ഇടപാടാണ് ട്രാൻസ്, റഷ്യൻ ഏവിയേഷൻ കമ്പനിയുമായി നടത്തിയിരിക്കുന്നത്. റഷ്യക്ക് സാങ്കേതിക സഹായങ്ങൾ എത്തിച്ച് നൽകിയതാണ് ഉപരോധിക്കപ്പെട്ട മറ്റൊരു കമ്പനിയായ TSMD ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്. 4.3 ലക്ഷം ഡോളറിന്റെ ഇടപാടാണ് റഷ്യയുമായി ഇവർക്കുണ്ടായിരുന്നത്. 1.4 മില്യൺ ഡോളർ മൂല്യം വരുന്ന കയറ്റുമതികൾ നടത്തിയ ഫുട്രിവോ ഇന്ത്യയാണ് മറ്റൊരു കമ്പനി.
ഇന്ത്യ, ചൈന, മലേഷ്യ, തായ്ലൻഡ്, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാമുള്ള സ്ഥാപനങ്ങൾ ഉപരോധം നേരിടുന്നവയുടെ പട്ടികയിലുണ്ട്. റഷ്യയുടെ യുദ്ധ നീക്കങ്ങൾ ബലപ്പെടുത്താനായി വിവിധ രാജ്യങ്ങളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നത് തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. റഷ്യയുടെ സൈനിക-വ്യാവസായിക താവളങ്ങൾക്കുള്ള പിന്തുണ ഇല്ലാതാക്കാൻ ഉപരോധമാണ് പോംവഴിയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം.
റഷ്യയുടെ യുദ്ധനീക്കങ്ങളെ മൂന്നാംലോക രാജ്യങ്ങൾ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കുന്നു. ഇതിനായി ഭാവിയിലും കടുത്ത നടപടികൾ സ്വീകരിക്കാനാണ് യുഎസ് തീരുമാനം. ഇത്തരത്തിലുള്ള കയറ്റുമതിക്കോ ഇറക്കുമതിക്കോ കൂട്ടുനിൽക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. 2023ലും ഏതാനും ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.