സൈമണ്‍ വളാച്ചേരില്‍
(നേര്‍കാഴ്ച ചീഫ് എഡിറ്റര്‍)
ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പബ്‌ളിക് സേഫ്റ്റി-ലോ അപ്‌ഡേറ്റ്‌സ്, സെല്‍ഫ് ഡിഫന്‍സ് സൗജന്യ ക്ലാസുകള്‍ പ്രായഭേദമെന്യേ ഏവര്‍ക്കും വിജ്ഞാനപ്രദമായി. മാഗിന്റെ ആസ്ഥാന മന്ദിരമായ കേരള ഹൗസിലായിരുന്നു ഈ ബോധവല്‍ക്കരണ പരിപാടി നടന്നത്.
അമേരിക്കന്‍ നിയമ സംവിധാനത്തിലും നിയമം നടപ്പാക്കുന്നതിലും സാധാരണ പൗരന്മാര്‍ക്കും വലിയ പങ്കുണ്ടെന്നും നിയമബോധം വളരെ അനിവാര്യമാണെന്നുമുള്ള കാഴ്ചപ്പാടില്‍, ഹൂസ്റ്റണ്‍ മെട്രോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അവാര്‍ഡ് ജേതാവായ പോലീസ് ഓഫീസര്‍ മനോജ് പൂപ്പാറയിലും, സ്വയരക്ഷക്കുള്ള പരിശീലനം നമ്മുടെ ആത്മവിശ്വാസവും അച്ചടക്കവും വളര്‍ത്തുന്നതോടൊപ്പം നമ്മുടെ ലക്ഷ്യങ്ങളിലേക്കെത്താനുള്ള ആര്‍ജ്ജവവും സ്വാഭിമാനവും ഉയര്‍ത്തുന്നുവെന്ന ബോധ്യത്തോടെ ദിവാന്‍ കളരിയിലെ ഇന്‍സ്ട്രക്ടറും ആയോധനകലയിലെ പരിശീലകനുമായ രാജുമോന്‍ നാരായണനും ക്ലാസുകളെടുത്തു.
പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മനോജ് പൂപ്പാറയിലും രാജുമോന്‍ നാരായണനും ഉത്തരം നല്‍കി. സാമാന്യ നിയമങ്ങളെക്കുറിച്ചാണ് പ്രധാനമായും മനോജ് പൂപ്പാറയില്‍ അറിവുകള്‍ പകര്‍ന്നത്. ആംബര്‍ അലര്‍ട്ട്, സില്‍വര്‍ അലര്‍ട്ട്, ഡി.ഡബ്‌ളിയു.ഐ, ഡി.യു.ഐ എന്നിങ്ങനെയുള്ള കേസുകള്‍ ഉണ്ടായാല്‍ നമ്മള്‍ എന്തു ചെയ്യണം, പോലീസിലെ വിവിധ തലങ്ങളില്‍ വ്യക്തികളുടെ ഉത്തരവാദിത്വം, സ്പീഡ് ലിമിറ്റ് ഉള്ളപ്പോള്‍ നമ്മെ പുള്ളോവര്‍ ചെയ്യുകയാണെങ്കില്‍ അതിനെ തരണം ചെയ്യുന്നതിനുള്ള നിയമങ്ങള്‍ എന്നിവയെക്കുറിച്ച് മനോജ് പൂപ്പാറയില്‍ വിശദീകരിച്ചു.
കോണ്‍സ്റ്റബിള്‍, ഷെറീഫ് തുടങ്ങി പോലീസിലെ വിവിധ പദവികളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ്, ട്രാഫിക് നിയമങ്ങള്‍, കുട്ടികളെ നിയമബോധമുള്ളവരായി വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള ഉത്തരവാദിത്വം, ചൈല്‍ഡ് മിസ്സിങ് കേസുകള്‍ വര്‍ധിക്കാനുള്ള കാരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനമുള്ളതായി.
തുടര്‍ന്ന് ‘മലയാളി വോട്ടേഴ്‌സ് പ്രോജക്ട്’ എന്ന സൗഹൃദ കൂട്ടായ്മയുടെ പ്രവര്‍ത്തകരായ ഡോ. സബീന ചെറിയാനും റീന ജോണും ചേര്‍ന്ന് വോട്ടിങ് അപ്‌ഡേറ്റ്‌സിനെപ്പറ്റി ക്ലാസെടുത്തു. സാമ്പിള്‍ ബാലറ്റ് കാട്ടി വോട്ടുചെയ്യുന്നത് എങ്ങിനെയെന്ന് ഇരുവരും വിശദീകരിച്ചു. തിരഞ്ഞെടുപ്പുകളില്‍ മലയാളി സമൂഹത്തെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുക, എന്തുകൊണ്ട് വോട്ട് ചെയ്യണം എന്നതിനെപ്പറ്റി ബോധവല്‍ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2016-ല്‍ തുടങ്ങിയതാണ് മലയാളി വോട്ടേഴ്‌സ് പ്രോജക്ട്.
അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിതാ ഷെരീഫായ വര്‍ഷ രാജുമോന്റെ സാന്നിധ്യം ശ്രദ്ധേയമായി. പെണ്‍കുട്ടികള്‍ ആരും കടന്നുവരാത്ത ഈ മേഖലയിലേയ്ക്ക് അവരെ കൊണ്ടുവരെണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് വര്‍ഷ രാജുമോന്റെ വാക്കുകള്‍ സഹായകരമായി. തന്റെ കരിയറില്‍ തിളങ്ങുന്ന ഈ വനിതാ ഷെരീഫ് മലയാളികള്‍ക്ക് അഭിമാനമാണ്.
പിന്നീട് നടന്ന, ദിവാന്‍ കളരിയിലെ ഇന്‍സ്ട്രക്ടര്‍ രാജുമോന്‍ നാരായണന്റെ ഡെമോണ്‍സ്‌ട്രേഷന്‍ ഏറെ ഗുണകരമായി. ഒരാള്‍ നമ്മെ ആക്രമിക്കാനെത്തിയാല്‍ എപ്രകാരം പ്രതിരോധിക്കണമെന്നതിനെക്കുറിച്ചുള്ള ടെക്‌നിക്കുകള്‍ അദ്ദേഹം ഷെയര്‍ ചെയ്തു. പ്രോഗ്രാമിന്റെ മറ്റൊരു ഹൈലൈറ്റായിരുന്നു ഈ സെല്‍ഫ് ഡിഫന്‍സ് ക്ലാസ്.
മാത്യൂസ് മുണ്ടയ്ക്കല്‍ (മാഗ് പ്രസിഡന്റ്), സുജിത് ചാക്കോ (ജോയിന്റ് ട്രഷറര്‍), അനില സന്ദീപ് (വിമെന്‍സ് ഫോറം), ലതീഷ് കൃഷ്ണന്‍ (പ്രോഗ്രം കോ-ഓര്‍ഡിനേറ്റര്‍), ജോജി ജോസഫ് എന്നിവര്‍ പരിപാടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു.