എ.എസ് ശ്രീകുമാര്‍
ഐക്യ കേരളം ഇന്ന് 68-ാം ജന്‍മദിനം ആഘോഷിക്കുകയാണ്. മലയാളികളുടെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായി 1956 നവംബര്‍ ഒന്നിനാണ് ഐക്യ കേരളം യാഥാര്‍ത്ഥ്യമായത്. തിരുവിതാംകൂറും കൊച്ചിയും മലബാറും കൂട്ടിച്ചേര്‍ത്ത് മലയാളം സംസാരിക്കുന്നവര്‍ക്കായി അന്ന് കേരള സംസ്ഥാനം നിലവില്‍ വന്നു. ഈ നവംബര്‍ ഒന്നിന് നാം മറ്റൊരു കേരളപ്പിറവി ദിനം ആചരിക്കുകയാണ്. സമസ്ത മേഖലകളിലും പ്രൗഢിയുടെ സന്ദേശം അറിയിച്ചുകൊണ്ട് കേരളം വളരുന്നു… മഹാകവി പാലാ നാരായണന്‍ നായര്‍ ചൊല്ലിയതുപോലെ…
‘കേരളം വളരുന്നു, പശ്ചിമഘട്ടങ്ങള്‍
കേറിയും കടന്നും ചെന്നന്ന്യമാം ദേശങ്ങളില്‍…’
ഭാഷയുടെ, സംസ്‌കാരത്തിന്റെ, സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേയ്ക്ക് മലയാളി എത്തിച്ചേര്‍ന്നിട്ട് 64 വര്‍ഷമാകുന്നു. വയനാട് വനങ്ങള്‍, ആലപ്പുഴയിലെ സമൃദ്ധമായ കായലുകള്‍, കുട്ടനാടിന്റെ നെല്‍വയലുകള്‍, അതിരപ്പള്ളി വെള്ളച്ചാട്ടം, മുന്നാറിലെ അതിശയകരമായ ഹില്‍ സ്‌റ്റേഷനുകള്‍, ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പടിഞ്ഞാറ് ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന കടല്‍, കിഴക്കു ഭാഗത്ത് പഞ്ചിമഘട്ട മലനിരകള്‍… അങ്ങനെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഭൂപ്രകൃതിയിലെ പ്രത്യേകതകളാലും മാനവിക ഐക്യത്താലും കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ ആണ്.
മണ്‍സൂണിനു പേരുകേട്ടതാണ് കേരളം. ഇന്ത്യയില്‍ ആദ്യം മഴ ലഭിക്കുന്ന സംസ്ഥാനവും ഇതുതന്നെ. മറ്റ് സംസ്ഥാനങ്ങളില്‍ ജൂലൈയില്‍ മഴ ലഭിക്കുമ്പോള്‍ കേരളത്തില്‍ ജൂണ്‍ ആദ്യ വാരത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു പ്രധാന മതമാണ് ഹിന്ദുമതം, അതിനാല്‍ 1,60,650 ലധികം ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. നിധിയുടെ കലവറകള്‍ നിറഞ്ഞ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രമാണത്.
ആയുര്‍വേദത്തെ പാരമ്പര്യ ചികിത്സാ രീതിയായി കണക്കാക്കി വരുന്ന സംസ്ഥാനമാണ് കേരളം. ലോകത്തിലെ ആദ്യത്തെ ആയുര്‍വേദ റിസോര്‍ട്ടായ സോമതീരത്തിന്റെ ആസ്ഥാനമാണിത്. ആയുര്‍വേദ ചികിത്സകള്‍ക്കായി വിദേശികള്‍ പോലും കേരളത്തില്‍ പതിവായി എത്താറുണ്ട്. സ്ത്രീകളുടെയും പുരുഷന്റെയും അനുപാതം 0.99-ല്‍ കൂടുതലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. പോണ്ടിച്ചേരിയും കേരളത്തോടൊപ്പം ഈ ്സ്ഥാനത്ത് നില്‍ക്കുന്നു. കേരളത്തില്‍ 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകളാണുള്ളത്. ഇത് ദേശീയ കണക്കായ 0.940 നെക്കാള്‍ ഉയര്‍ന്നത്. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ 20 ശതമാനം ഉപയോഗിക്കുന്നതും കേരളത്തിലെ ജനങ്ങളാണ്.
2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിന്റെ സാക്ഷരതാ നിരക്ക് 93.91 ശതമാനമാണ്. മൊത്തം രാജ്യത്തെ സാക്ഷരതാ നിരക്കാണെങ്കില്‍ 74.04 ശതമാനവും. കോട്ടയം ജില്ലയിലെ ഗ്രാമീണ മേഖലയിലെ സാക്ഷരതാ നിരക്ക് 97.17 ശതമാനമാണ്. നഗരപ്രദേശങ്ങളില്‍ പത്തനംതിട്ടയിലാണ് കൂടുതല്‍, 97.42 ശതമാനം. വിവിധ മതങ്ങളുടെ കേന്ദ്രം കൂടിയാണ് കേരളം. വിവിധ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഐക്യത്തിലും സമാധാനത്തിലും ഒരുമിച്ച് ജീവിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി കേരളം നിലനില്‍ക്കുന്നു. അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം.
മഞ്ഞള്‍, കറുവപ്പട്ട, അശ്വഗന്ധ, ബ്രഹ്‌മി, ഏലം, കുരുമുളക് തുടങ്ങിയ ഔഷധ ഗുണങ്ങളുള്ള സസ്യങ്ങള്‍ കേരളത്തില്‍ ധാരാളമായി കാണപ്പെടുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ നാട് കൂടിയാണ് കേരളം. കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. വിദേശരാജ്യങ്ങളില്‍പ്പോലും പ്രശസ്തിയാര്‍ജ്ജിച്ചതാണ് കേരളത്തിലെ തേയില, ഏലം, കുരുമുളക് തുടങ്ങിയവ. ലോകത്ത് റബ്ബര്‍ ഉത്പാദിപ്പിക്കുന്ന നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം റബ്ബറിന്റെ 90 ശതമാനത്തിലധികവും ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ 5.45 ഹെക്ടര്‍ ഭൂമി റബ്ബര്‍ കൃഷിക്ക് ഉപയോഗിക്കുന്നു. ഭൂപ്രകൃതി കനിഞ്ഞ് സമ്മാനിച്ചതാണ് ഈ നേട്ടം.
കേരളത്തിന്റെ നട്ടെല്ലാണ് സാക്ഷരത. നാടിന്റെ വികസനത്തിന്റെ അനിവാര്യ ഘടകമായി സാക്ഷരത കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ പരിഷ്‌കരണ ബില്ലുകള്‍ നടപ്പാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. 1958-ലെ കേരള വിദ്യാഭ്യാസ നിയമത്തിന്റെ വിദ്യാഭ്യാസ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ജോസഫ് മുണ്ടശേരിയാണ്. കേരളത്തില്‍ ഏകദേശം 7.70 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലം തെങ്ങ് കൃഷിക്കായി ഉപയോഗിക്കുന്നു. തേങ്ങ ഉത്പാദനം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കേരളം എന്ന പേര് പോലും ഈ ഒരു പ്രസിദ്ധിയില്‍ നിന്ന് ഉയര്‍ത്തിയെടുത്തതാണ്. ‘കേര’ എന്നാല്‍ തെങ്ങ് എന്നാണ് അര്‍ത്ഥം.
കേരളത്തിലെ സ്‌കൂളുകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ), ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഐ.സി.എസ്.ഇ), കേരള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് അല്ലെങ്കില്‍ നിയോസ് എന്നിവയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. സാക്ഷരതാ പദ്ധതിയായ അതുല്യത്തിലൂടെ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യത്തെ സംസ്ഥാനമായി 2016 ജനുവരിയില്‍ കേരളം മാറി. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (എസ്.ആര്‍.എസ്) സര്‍വേ പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് ആയിരം ജനനങ്ങളില്‍ 10 ആണ്.
നല്ല വാര്‍ത്തകള്‍ക്കിടയില്‍ അല്‍പം നിറം മങ്ങിയ ഒരു പ്രശസ്തി കൂടി കേരളത്തിനു സ്വന്തമാണ്. പ്രതിവര്‍ഷം ഒരാള്‍ 8 ലിറ്ററിലധികം മദ്യം ഉപയോഗിക്കുന്ന നാടാണ് കേരളമെന്ന് ബി.ബി.സി പഠനം പറയുന്നു. പ്രതിശീര്‍ഷ ഉപഭോഗം പഞ്ചാബിനേക്കാളും ഹരിയാനയേക്കാളും കൂടുതലാണ്. കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി) നടത്തുന്ന 337 ഓളം മദ്യക്കടകള്‍ കേരളത്തിലുണ്ട്.
എ.ഡി 52-ല്‍ യേശുക്രിസ്തുവിന്റെ 12 അപ്പൊസ്തലന്മാരില്‍ ഒരാളായ സെന്റ് തോമസാണ് പാലയൂരിലെ സെന്റ് തോമസ് സിറോമലബാര്‍ കത്തോലിക്കാ പള്ളി സ്ഥാപിച്ചത്. എ.ഡി 629 ല്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി കേരളത്തിലെ കൊടുങ്ങല്ലൂരിലെ മേത്തലയിലെ ചേരമാന്‍ ജുമാ മസ്ജിദാണ്. മാലിക് ദീനറാണ് ഇത് നിര്‍മ്മിച്ചത്. കൊച്ചിയിലുള്ള പരദേശി സിനഗോഗാണ് ഏറ്റവും പഴയ സജീവ സിനഗോഗ്. കൊച്ചി ജൂത സമൂഹത്തിലെ ഏഴ് സിനഗോഗുകളില്‍ ഒന്നാണിത്. 1567 ല്‍ നിര്‍മ്മിച്ചതാണിത്.
മൊത്തം ആഗോള കയര്‍ കയറ്റുമതിയുടെ 60 ശതമാനം വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ആദ്യത്തെ കയര്‍ ഫാക്ടറി 1859-ല്‍ ആലപ്പുഴയിലാണ് ആരംഭിച്ചത്. ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം 64 വര്‍ഷവും അമേരിക്കയിലേത് 77 വര്‍ഷവുമാണ്. എന്നാല്‍ കേരളത്തില്‍ 75 വര്‍ഷമാണ് ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം.
ലോകത്തിലെ ഏറ്റവും പഴയ തേക്ക് മരങ്ങള്‍ കേരളത്തിലാണ്. മലപ്പുറത്തെ നിലമ്പൂര്‍ തേക്ക് പ്ലാന്റേഷന്‍ 2.31 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് മരങ്ങള്‍ ഇവിടെയുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലബാര്‍ ജില്ലയുടെ കളക്ടറായിരുന്ന കൊനോലിയാണ് 1840-കളില്‍ നിലമ്പൂര്‍ പട്ടണത്തിന് ചുറ്റും തോട്ടം സ്ഥാപിച്ചത്. ഈ പ്രദേശത്ത് നട്ട ആദ്യത്തെ തേക്ക് മരമാണ് കന്നിമരം. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കും ഇതുതന്നെ.
2016 ഫെബ്രുവരിയില്‍ ഇന്ത്യയുടെ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമെന്ന പദവി കേരളത്തിന് നല്‍കി. 100% മൊബൈല്‍ കണക്റ്റിവിറ്റിയും 75 ശതമാനം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുമുള്ള രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലികോം സാക്ഷരതയുള്ളത് കേരളത്തിലാണ്. നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് പ്രോഗ്രാമിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് കീഴില്‍ ഗ്രാമങ്ങളും പഞ്ചായത്ത് സംവിധാനങ്ങളും ഉള്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനം കൂടിയാണിത്. മൊബൈല്‍ ഉപയോഗത്തിന്റെ ഉയര്‍ന്ന നിരക്ക് കൂടാതെ, ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോക്താക്കളും പ്രവര്‍ത്തന ബാങ്ക് അക്കൗണ്ടുകളും കേരളത്തിലുണ്ട്.
ലോകത്തിലെ ആദ്യത്തെ ശിശു സൗഹാര്‍ദ്ദ സംസ്ഥാനമാണ് കേരളം. 2002 ഓഗസ്റ്റിലാണ് ഈ പദവി കേരളത്തിനു ലഭിച്ചത്. ലോകാരോഗ്യ സംഘടനയും യൂണിസെഫും സ്‌പോണ്‍സര്‍ ചെയ്ത ബേബി ഫ്രണ്ട്‌ലി സംരംഭം 1992-ല്‍ ആരംഭിക്കുകയും 1993-ല്‍ കേരളത്തില്‍ അംഗീകരിക്കുകയും ചെയ്തു. ആരോഗ്യകരമായ വികസനം നിലനിര്‍ത്തുന്നതിന് അത്യാവശ്യമായ മുലയൂട്ടല്‍ രീതികളില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ആശുപത്രികള്‍ക്കും ആരോഗ്യ വിദഗ്ധര്‍ക്കും പരിശീലനം നല്‍കുന്നു. 80 ശതമാനം ആശുപത്രികളും സ്വകാര്യമേഖലയുള്‍പ്പെടെ സംസ്ഥാനത്ത് ശിശു സൗഹാര്‍ദ്ദപരമാണ്.
മഹാകവി വള്ളത്തോള്‍ ‘വന്ദിപ്പിന്‍ മാതാവിനെ’ എന്ന കവിത എഴുതിയത് ഐക്യകേരളപ്പിറവിക്ക് ഏതാണ്ട് നാലു ദശകം മുമ്പാണ്. 1956 നവംബര്‍ ഒന്നിന് അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കൃതമായപ്പോള്‍ തലസ്ഥാനത്ത് ഔപചാരിക വിളംബരം നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുവാനുള്ള ഭാഗ്യവും മഹാകവിക്കു ലഭിച്ചു. ഐക്യകേരളം സ്വപ്നം കണ്ടത് കവികള്‍ മാത്രമല്ല. സ്വാതന്ത്ര്യദാഹികളും ദേശസ്‌നേഹികളും ഭാഷാപ്രേമികളും ഭരണാധികാരികളും എല്ലാം ആ മംഗള മുഹൂര്‍ത്തത്തെ മനസ്സില്‍ താലോലിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പിന്നിട്ട 67 വര്‍ഷങ്ങള്‍ കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്.
ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ഭൂപരിഷ്‌കരണം തുടങ്ങി രാജ്യത്തിന് തന്നെ കേരളത്തില്‍ നിന്ന് പകര്‍ത്താന്‍ ഉതകുന്ന ഒരുപാട് മാതൃകകള്‍ നാം സൃഷ്ടിച്ചു. പ്രളയത്തില്‍ തകര്‍ന്നു പോയെങ്കിലും സാഹോദര്യത്തിന്റേയും ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടേയും കെട്ടുറുപ്പില്‍ മനസുകൊണ്ടെങ്കിലും ഒരു നവ കേരളം സൃഷ്ടിക്കാന്‍ നമുക്കാവണം.
”പച്ചയാം വിരിപ്പിട്ട സഹ്യനില്‍ത്തലവെച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വയുഗ്മത്തെക്കാത്തു
കൊള്ളുന്നു കുമാരിയും ഗോകര്‍ണേശനുമമ്മേ”
മാന്യ വായനക്കാര്‍ക്ക് നേര്‍കാഴ്ചയുടെ കേരളപ്പിറവി ദിനാശംസകള്‍…