ഡോ. അഡ്വ. മാത്യു വൈരമണ്‍
മൂന്നാം ലോകമഹായുദ്ധം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ സംഭവിക്കുമെന്ന ഭീതിയിലാണ് ലോക ജനങ്ങള്‍ കഴിയുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ഉണ്ടായി. അതിന്റെ ഭവിഷ്യത്തുകള്‍ ലോക ജനത അനുഭവിച്ചു. ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാകുന്നത് ലോക ജനതയ്ക്ക് നല്ലതല്ല. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കോവിഡ് നിമിത്തം ലക്ഷക്കണക്കിനാളുകള്‍ മരണമടഞ്ഞു. ഇനി ഒരു ലോകമഹായുദ്ധം ഉണ്ടായാല്‍ അതു വലിയ വിപത്ത് ഉണ്ടാക്കും.
റഷ്യ-യുക്രെയിന്‍, ഉത്തര-ദക്ഷിണ കൊറിയകള്‍, ഇസ്രായേല്‍ പാലസ്തീന്‍ സാഹചര്യങ്ങള്‍ ലോകത്തെ ഏതു നേരവും ആണവയുദ്ധത്തിലേക്കു തള്ളിവിടാന്‍ പര്യാപ്തമാണ്. 2023 ഒക്‌ടോബര്‍ 7-ന് ആരംഭിച്ച ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം അവസാനിക്കാതെ വളരെ വിപുലമാവുകയാണ് ചെയ്യുന്നത്. ഇസ്രായേല്‍-ഹമാസ് ആക്രമണം ലെബനനിലുള്ള ഹിസ്ബുല്ലയിലേക്കും തുടര്‍ന്ന് ഇറാനുമായിട്ടുള്ള സംഘര്‍ഷത്തിലേക്കും പ്രവേശിച്ചിരിക്കുകയാണ്. ഒക്‌ടോബര്‍ 7-ലെ ആക്രമണത്തില്‍ ഹമാസ് 1200-ല്‍ പരം ആളുകളെ കൊല്ലുകയും 250-ല്‍ പരം ആളുകളെ ബന്ദികളാക്കി കൊണ്ടു പോവുകയും ചെയ്തു.
ഹമാസിന്റെ പെട്ടെന്നുള്ള ആക്രമണം ഇസ്രായേലിനെ ഞെട്ടിച്ചു കളഞ്ഞു. വളരെയധികം സൂക്ഷ്മ നിരീക്ഷണ ശേഷിയുണ്ടായിരുന്ന ഇസ്രായേലില്‍ ഇത് എങ്ങനെ സംഭവിച്ചു എന്നുള്ളത് അത്ഭുത വിഷയമായിട്ടിരിക്കുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇസ്രായേല്‍-ഹമാസ് ആക്രമണം അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല, ബന്ദികളെ മോചിപ്പിക്കുവാനും സാധിച്ചിട്ടില്ല. ഇതിനകം ചില ബന്ദികള്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. ഹമാസിനെ പരോക്ഷമായി സഹായിക്കുന്നത് ഇറാനാണ്. അതുപോലെ ലെബനനിലുള്ള ഹിസ്ബുല്ലയെയും ഇറാന്‍ സഹായിക്കുന്നു.
ലെബനന്‍ ഒരു ക്രിസ്തീയ രാജ്യമായിരുന്നു. എന്നാല്‍ മുസ്ലീം കുടിയേറ്റം നിമിത്തം അത് ഒരു മുസ്ലീം രാജ്യമായി തീര്‍ന്നു. പഴയകാലത്തെ പല ക്രിസ്ത്യന്‍ രാജ്യങ്ങളും പില്‍ക്കാലത്ത് മുസ്ലീം രാജ്യങ്ങളായി തീര്‍ന്നു. അതിന് ഉദാഹരണങ്ങളാണ് സിറിയയും തുര്‍ക്കിയും. ഏ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ഏഴു ക്രിസ്തീയ സഭകള്‍ തുര്‍ക്കിയിലായിരുന്നു. ആ സഭകളെ കുറിച്ചു വേദപുസ്തകത്തിലെ വെളിപ്പാട് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇറാന്റെ പിന്തുണയുള്ള ഷിയമിലിറ്റന്റുകളാണ് ഹിസ്ബുല്ല. അവരുടെ താവളം ലെബനനാണ്. പല രാജ്യങ്ങളും അമേരിക്കയും ഹിസ്ബുല്ലയെ തീവ്രവാദ സംഘടനയായിട്ടാണ് പരിഗണിക്കുന്നത്. 1975-ല്‍ ലെബനനില്‍ നടത്തിയ സിവില്‍ യുദ്ധത്തില്‍ കൂടെയാണ് ഹിസ്ബുല്ല രൂപീകൃതമായത്.
ഇറാന്‍-ഇസ്രായേല്‍ പ്രോക്‌സ് കോണ്‍ഫ്‌ളിക്‌റ്റെന്നൊക്കെ മുമ്പു പറഞ്ഞിരുന്ന ‘നിഴല്‍ യുദ്ധം’ ഇപ്പോള്‍ നേര്‍ക്കു നേര്‍ പോരാട്ടമായി വളര്‍ന്നിരിക്കുന്നു. ഇരു രാജ്യങ്ങളും ആണവശക്തിയായി മാറിയിരിക്കുന്നതിനാല്‍ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാവുന്ന ഒരു യുദ്ധമായി വളരുമെന്ന ഭീതിയിലാണ് ലോകം. ഇസ്രായേല്‍ ഗാസയില്‍ ആക്രമണങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇറാനുമായുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുക്കപ്പെട്ടിരുന്നു. ഇറാനില്‍ വച്ച് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയഹ് കൊല്ലപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള നില വളരെ വഷളാക്കി. ഡമാസ്‌ക്കസിലെ ഇറാനിയന്‍ എംബസിക്കു നേര്‍ക്കുള്ള ഇസ്രായേല്‍ ആക്രമണം അതിനു തിരിച്ചടിയായി.
ഇറാന്റെ ഡ്രോണ്‍ മിസൈല്‍ ആക്രമണങ്ങള്‍, ഇറാനിലെ ഇസ്ഫഹാന്‍ എയര്‍ബേസിലെ ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ഒറ്റപ്പെട്ട ആക്രമണം നടന്നെങ്കിലും അവയൊന്നും സൈനിക ഭാഷയില്‍ പറഞ്ഞാല്‍ എക്‌സലേറ്റ് ചെയ്തില്ല, അഥവാ രൂക്ഷമായില്ല. പക്ഷേ, ഹിസ്ബുല്ല നേതാവിനെ വധിച്ചതോടെ ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള ആക്രമണത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ഇറാനിലെ മൂന്നു പ്രവിശ്യകളിലെ സൈനികത്താവളങ്ങളെ ലക്ഷ്യമിട്ടു ഇസ്രായേല്‍ തിരിച്ചടിച്ചു. ആക്രമണം വര്‍ദ്ധിച്ചാല്‍ വലിയ യുദ്ധം ഉണ്ടാകുമെന്ന ഭീതിയിലാണ് ലോകജനത.
ഇസ്രായേല്‍ രാഷ്ട്രം രൂപീകൃതമായ 1948 മുതല്‍ ഈജിപ്റ്റിന്റെ നേതൃത്വത്തിലുള്ള മുസ്ലീം രാജ്യങ്ങള്‍ ചേര്‍ന്നായിരുന്നു ഇസ്രായേലിനെ ആക്രമിച്ചത്. എന്നാല്‍ പല പ്രാവശ്യം പരാജയപ്പെട്ടതോടെ നേരിട്ടുള്ള ആക്രമണത്തില്‍ നിന്ന് അവര്‍ പിന്മാറി. ഇപ്പോള്‍ ഇറാന്‍, ഹമാസ് ഹിസ്ബുല്ല വഴി പരോക്ഷമായി ഇസ്രായേലുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആ നിഴല്‍ യുദ്ധത്തിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍ അത് ലോകജനതയെ ബാധിക്കാന്‍ ഇടയുണ്ട്. മഹാവ്യാധിയും യുദ്ധവും ലോകത്തിന്റെ ഒരു ഭാഗത്തു സംഭവിച്ചാല്‍ അതു മറ്റു രാജ്യങ്ങളില്‍ ഉള്ളവരെയും ബാധിക്കുന്നതായിട്ടു നമുക്ക് മനസ്സിലായിട്ടുണ്ട്. ഉദാഹരണത്തിന് ചൈനയിലെ വുഹാനില്‍ ആരംഭിച്ച കോവിഡ്-19 വളരെ വേഗത്തിലാണ് മറ്റു രാജ്യങ്ങളിലും വ്യാപിച്ചത്.
രണ്ടു ലോകമഹായുദ്ധങ്ങള്‍ നിമിത്തം ലോകജനത വളരെ കഷ്ടത്തിലും ദുരിതത്തിലുമായി. അനേകായിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. അതിനാല്‍ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കുന്നതാണ് മാനവരാശിയുടെ നിലനില്‍പ്പിന് നല്ലത്.