വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സ്ഥാനാർഥികൾ ഇതുവരെ ചെലവഴിച്ചത് 12 000 കോടി രൂപലോകത്തിലെത്തന്നെ ഏറ്റവും നീണ്ട തിരഞ്ഞെടുപ്പുപ്രചാരണമാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേത്. ഇത്തവണ തിരഞ്ഞെടുപ്പിന് 721 ദിവസംമുൻപേ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. എന്നാൽ, അമേരിക്കൻ തിരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും ചെറിയ പ്രചാരണസമയങ്ങളിലൊന്നാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിന്റേത്-107 ദിവസം. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ജോ ബൈഡൻ ജൂലായിൽ പിന്മാറിയതിനാൽമാത്രമാണ് കമല ആ സ്ഥാനത്തെത്തിയത് എന്നതാണുകാരണം.
പ്രചാരണകാലത്തിന്റെ നീളംപോലെത്തന്നെയാണ് പ്രചാരണഫണ്ടും. 2020-ലെ തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാർഥികൾ ചെലവിട്ടത് 410 കോടി ഡോളറെന്ന് (34,440 കോടി രൂപ) ഫെഡറൽ ഇലക്ഷൻ കമ്മിഷൻ. ഇത്തവണ ഒക്ടോബർ 16 വരെ ഡെമോക്രാറ്റുകൾ സമാഹരിച്ചത് 105 കോടി ഡോളർ (8834 കോടി രൂപ). ചെലവിട്ടത് 88.3 കോടി ഡോളർ (7429 കോടി രൂപ). റിപ്പബ്ലിക്കൻ പാർട്ടിക്കുകിട്ടിയത് 56.5 കോടി ഡോളർ (4753 കോടി രൂപ). 5.26 കോടി ഡോളറൊഴിച്ച് മുഴുവനും ചെലവാക്കിയെന്നും കണക്ക്
നാലുവർഷംകൂടുമ്പോൾ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണത്. 1845-ലാണ് ഇങ്ങനൊരു തീയതി നിയമംമൂലം ഉറപ്പിച്ചത്. അതിനുകാരണമായതാകട്ടെ കൃഷിയും. പ്രധാന ഉപജീവനമാർഗം കൃഷിയായതിനാൽ കൊയ്ത്തുകഴിയുന്ന നവംബർമാസം തിരഞ്ഞെടുപ്പിന് തിരഞ്ഞെടുത്തു. ജനങ്ങളിൽ ഭൂരിഭാഗംവരുന്ന ക്രിസ്ത്യാനികൾക്ക് പള്ളിയിൽ പോകേണ്ടതിനാൽ ഞായറാഴ്‌ച ഒഴിവാക്കി. ചന്തദിവസമായതിനാൽ ബുധനാഴ്ചയും. പോളിങ് ബൂത്തുകൾ വളരെ അകലെയായിരുന്നതിനാൽ പലർക്കും ഒരുദിവസമൊക്കെ യാത്രചെയ്തുവേണമായിരുന്നു എത്താൻ. അതുകൂടി കണക്കിലെടുത്താണ് ചൊവ്വാഴ്ച നിശ്ചയിച്ചത്.