വാഷിങ്ടൺ: ഡെമോക്രാറ്റിക് സ്‌ഥാനാർഥിയായ കമല ഹാരിസ് തപാൽ വോട്ടു ചെയ്‌തു. ഡെമോക്രാറ്റ് പ്രചാരണ സംഘം തിരഞ്ഞെടുപ്പു രാത്രി വാഷിങ്ടനിലെ ഹോവഡ് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന പാർട്ടിയിൽ കമല പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയും
മുൻ പ്രസിഡന്റുമായ ട്രംപ് തിരഞ്ഞെടുപ്പു ദിനമായ ഇന്ന് മിഷിഗൻ സംസ്ഥാനത്ത് പ്രചാരണം നടത്തും. ഗ്രാൻഡ് റാപിഡ്‌സിലെ പ്രസംഗവും യോഗവും അവസാന മണിക്കൂർ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പതിവാണ്. ഫ്ലോറിഡയിലെ പോളിങ് സേറ്റേഷനിലെത്തിയാണ് ട്രംപ് ഇന്ന് വോട്ടു ചെയ്യുന്നത്. നേരത്തേ വോട്ടു ചെയ്യുമെന്നു പറ ഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. ട്രംപിന്റെ പ്രചാരണ സംഘം ഫ്ലോറിഡയിലെ പാം ബീച്ചിൽ ഇന്നു രാത്രി പാർട്ടി സംഘടിപ്പിക്കുന്നുണ്ട്.
ദേശീയതലത്തിലും ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നു പറയാം. തിരഞ്ഞെടുപ്പു തലേന്നും അതേ നിലയാണ്. അരിസോന, നെവാഡ, ജോർ ജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ് അഥവാ ബാറ്റിൽ ഗ്രൗണ്ട് സ്‌റ്റേറ്റ്സ്. ഇവി ടെയുള്ള ഇലക്ടറൽ കോളജ് വോട്ടുകളാകും വിജയിയെ നിർണയിക്കുക. അരിസോന 11, നെവാഡ 6, ജോർജിയ 16, നോർത്ത് കാരോലൈന 16, പെൻ സിൽവേനിയ 19, മിഷിഗൻ 15, വിസ്കോൻസെൻ 10 എന്നിങ്ങനെയാണ് ഇലക്ടറൽ കോളജ് വോട്ടെണ്ണം.
ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമായി. നിർണായക സംസ്‌ഥാനങ്ങളിൽ നോർത്ത് കാരോലൈനയിലും ജോർജിയയിലുമാണ് വോട്ടെടുപ്പ് ആദ്യം പൂർത്തിയാകുക. പ്രാദേശിക സമയം വൈകിട്ട് 7ന് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ആദ്യ ഫലങ്ങൾ അറിഞ്ഞുതുടങ്ങും.