വാഷിംഗ്ടൺ : നാലു വർഷം മുമ്പ് നവംബർ മാസത്തിലെ ഇതേ ചൊവ്വാഴ്ച അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണൽ പൂർത്തിയാകാൻ കാത്തുനിൽക്കാതെ വൈറ്റ് ഹൗസിനു മുന്നിൽ ജനത്തെ അഭിസംബോധന ചെയ്‌ത് ഡൊണൾഡ് ട്രംപ് സ്വയം വിജയി ആയി ആഘോഷം തുടങ്ങി. എന്നാൽ പ്രധാന സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പായിരുന്നു ഇത്. , അന്തിമ കണക്ക് വന്നപ്പോൾ 306 ഇലക്‌ടറൽ വോട്ട് നേടി ജോ ബൈഡൻ പ്രസിഡൻ്റായി. 232 വോട്ടുമായി ട്രംപ് തോറ്റു. അവിടെയും ട്രംപ് വഴങ്ങിയില്ല. പ്രസിഡൻ്റിനെ ഔദ്യോഗികമായി ഇലക്ടറൽ കോളജ് പ്രതിനിധികൾ തിരഞ്ഞെടുക്കുന്ന 2021 ജനുവരിയിൽ നടന്ന കാപ്പിറ്റോൾ ഹിൽ കലാപം ചരിത്രത്തിലെ കറുത്ത ഏടായി ഇന്നും നിൽക്കുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ട്രംപിന്റെ അനുയായികൾ കാപ്പിറ്റോൾ ഹിൽ കയ്യേറി. കലാപം അടിച്ചമർത്തി ബൈഡൻ ഔദ്യോഗികമായി പ്രസിഡൻ്റായും കമല ഹാരിസ് വൈസ് പ്രസിഡന്റായും പ്രഖ്യാപിക്കപ്പെട്ടു. വർഷം നാല് കഴിഞ്ഞു. ഇത്തവണയും അമേരിക്കയിൽ വാശിയേറിയ പോരാട്ടമാണ്. ഇംപീച്ച്മെൻ്റ് നടപടികൾ അടക്കം നേരിട്ട് ട്രംപ് ഒരു വട്ടം കൂടി പ്രസിഡന്റ് പദത്തിലേറുമോ. അതോ കമല ഹാരിസ് ചരിത്രം കുറിച്ച് പ്രസിഡൻ്റാകുന്ന ആദ്യ വനിതയാകുമോ? അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇത്തവണയും സവിശേഷത ഏറെയാണ്. ഡെമോക്രാറ്റുകൾ ജയിച്ചാൽ വൈസ് പ്രസിഡൻ്റ് പദവിയിൽനിന്ന് പ്രസിഡന്റ് പദവിയിലേക്ക് കമലയുടെ പ്രമോഷൻ. ഇന്ത്യക്കും അത് അഭിമാനമുഹൂർത്തമാകും. 2016-ൽ ഹിലരി ക്ലിൻ്റ് സാധിക്കാത്തത് കമലയ്ക്ക് കഴിയുമോ? അതോ മുൻ പ്രസിഡന്റ് ട്രംപ് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രസിഡന്റായി വീണ്ടും .ധികാരത്തിൽ തിരിച്ചെത്തുമോ?. റിപ്പബ്ലിക്കൻസ് ഇത്തവണ വിജയം പിടിച്ചെടുക്കാൻ കൊതിക്കുമ്പോൾ അധികാരം നിലനിർത്താനുള്ള പോരാട്ടത്തിലാണ് ഡെമോക്രാറ്റുകൾ.
1854-ലിലാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിതമായത്. പാർട്ടിയുടെ ചിഹ്നം ആന. നിറം ചുവപ്പ്. തികഞ്ഞ യാഥാസ്ഥിതികരും ദേശീയവാദികളുമാണ് റിപ്പബ്ലിക്കൻസ്. 1792- ലാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിതമായത്. ചിഹ്നം കഴുത. നീല നിറം. പൊതുവേ പുരോഗമനപരമായ നിലപാടുകളും എല്ലാ വംശജരേയും ഉൾക്കൊള്ളുന്ന സമീപനവും കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള നടപടികളെ ഒക്കെ പിന്തുണക്കുന്നവരുമാണ് ഡെമോക്രാറ്റുകൾ. യു.എസ്സിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇതിൽ ഏതെങ്കിലും ഒരു പാർട്ടിയുടെ പക്ഷത്തായിരിക്കും. അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ് സ്റ്റേറ്റസ് ഓഫ് അമേരിക്കയിൽ ആകെ 50 സ്റ്റേറുകളാണുള്ളത്. അതിൽ 43 സംസ്ഥാനങ്ങളും പരമ്പരാഗതമായി ഇതിൽ ഏതെങ്കിലും ഒരു പാർട്ടിക്കൊപ്പമാണ് നിലയുറപ്പിച്ച് പോരുന്നത്. ബാക്കി ഏഴ് സംസ്ഥാനങ്ങൾ. പൊതുവെ സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഈ സംസ്ഥാനങ്ങൾ രണ്ട് കൂട്ടരേയും മാറിമാറി തുണച്ചിട്ടുണ്ട്. ഫലത്തിൽ യഥാർഥ ഇലക്ഷൻ ഫലം ഈ ഏഴു സംസ്ഥാനങ്ങൾ നിർണയിക്കും.
ജനപ്രതിനിധി സഭയിൽ 535 സീറ്റും സെനറ്റിൽ 100 സീറ്റുമാണുള്ളത്. ദേശീയ തലസ്ഥാന പ്രദേശമായ വാഷിങ്‌ടൺ ഡിസിക്ക് സംസ്ഥാന പദവിയില്ലെങ്കിലും മൂന്ന് ഇലക്‌ടറൽ കോളജ് പ്രതിനിധികളുണ്ടാകും. അങ്ങനെ ആകെ 538 ഇലക്ടറൽ കോളജ് വോട്ടുകളാണുള്ളത്. ഈ ഇലക്ടറൽ കോളജിലേക്ക് ജയിച്ചുവരുന്ന പ്രതിനിധികൾ ഓരോരുത്തരും പ്രസിഡന്റിന് വോട്ട് ചെയ്യും. അതിൽ 270 വോട്ട് കിട്ടുന്നയാൾ പ്രസിഡന്റായി ജയിച്ച് വൈറ്റ് ഹൗസിലെത്തും. ഇതാണ് പൊതുസങ്കൽപം. ജനങ്ങൾ പ്രസിഡൻ്റ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്യുകയെങ്കിലും അവർ യഥാർഥത്തിൽ തിരഞ്ഞെടുക്കുന്നത് തങ്ങളുടെ സംസ്ഥാനത്തെ ഇലക്‌ടറൽ കോളജ് പ്രതിനിധികളെയാണ്. ഇന്ത്യയിലെ പോലെയല്ലെന്ന് ചുരുക്കം.