വാഷിങ്ടണ്‍: പസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഇത്തവണ ഫലം ലഭിക്കാന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത രീതികളും വോട്ടെടുപ്പ് സമയത്തിലെ വ്യതിയാനങ്ങള്‍ക്കും അപ്പുറം കമല ഹാരിസും ഡൊണാള്‍ഡും ട്രംപും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മത്സരം ആയത് കൊണ്ട് കൂടിയാണ് ഫലം വരാന്‍ ദിവസങ്ങള്‍ എടുക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കൂടാതെ യു.എസ് തിരഞ്ഞെടുപ്പ് പ്രക്രിയയെ സങ്കീര്‍ണമാക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ വേറെയുമുണ്ട്. ഇന്ത്യയില്‍ ഉള്ളത് പോലെ ഒരു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യുഎസില്‍ ഇല്ലെന്നതാണ് അതിലെ പ്രധാന കാര്യം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം ഏകീകരിക്കുക എന്നത് വിവിധ സംസ്ഥാനങ്ങളുടെയും മറ്റ് ചുമതലക്കാരുടെയും അധികൃതരുടെയും ചുമതലയാണ്.
അതുകൊണ്ട് തന്നെ ആദ്യ ഫല സൂചനകള്‍ക്കായി ജനങ്ങളും ലോകമെമ്പാടുമുള്ള ആളുകളും പ്രധാനമായും ഉറ്റുനോക്കുന്ന അമേരിക്കന്‍ മാധ്യമങ്ങളെയാണ്. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സമയത്താണ് പോളിങ് തുടങ്ങുന്നതും അവസാനിക്കുന്നതും. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്ത് ആറ് ടൈം സോണുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ പെട്ടെന്നൊരു ഫലം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും ബുധനാഴ്ച രാത്രിയോടെ ആദ്യ ഫല സൂചനകള്‍ വന്നേക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് യഥാസമയം പൂര്‍ത്തിയായി ഫല സൂചനകള്‍ വരുമ്പഴേക്കും ഇനിയും വൈകാനാണ് സാധ്യത. കാരണം തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഘടകം ആവുമെന്ന് വിലയിരുത്തുന്ന ഏഴ് സ്വിങ് സ്റ്റേറ്റുകളിലെ ഫലം ചിലപ്പോള്‍ വൈകിയേക്കും. അങ്ങനെയെങ്കില്‍ കണക്ക് കൂട്ടുന്ന വേഗതയില്‍ എത്താന്‍ ഇടയില്ല എന്നതാണ് പ്രധാന ആശങ്ക. ആകെ 93 ഇലക്ട്രല്‍ വോട്ടുകളാണ് ഈ സ്വിങ് സ്റ്റേറ്റുകളില്‍ ആകെയുള്ളത്. അതില്‍ തന്നെ ഇരു പാര്‍ട്ടികളും ഏതാണ്ട് തുല്യ സാധ്യതയാണ് നിലവില്‍ കല്‍പ്പിക്കപ്പെടുന്നത്.
2020-ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 3-നായിരുന്നു നടന്നത്. എന്നാല്‍ പെന്‍സില്‍വേനിയയിലെ ഫലം വ്യക്തമായതിന് ശേഷം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ട്രംപിനെ പരാജയപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ പ്രഖ്യാപിക്കാന്‍ നാല് ദിവസത്തോളം എടുത്തുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. അതേനില തന്നെയാവുമോ ഇക്കുറിയും എന്നാണ് ഇനി കണ്ടറിയേണ്ടത്.
കഴിഞ്ഞ തവണ ട്രംപിന് ലീഡ് ഉണ്ടായിരുന്നു എന്നാണ് വിവിധ സര്‍വേകള്‍ തുടക്കത്തില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം എല്ലാം മാറി മറിയുകയായിരുന്നു. ആദ്യഘട്ടത്തില്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രവചിച്ച ട്രംപ് അവസാനം സ്വിങ് സ്റ്റേറ്റുകളില്‍ നേരിയ വ്യത്യാസത്തിന് പിന്നോട്ട് പോയതോടെ ഭരണം നഷ്ടമാവുകയും ജോ ബൈഡനു വഴിമാറുകയുമായിരുന്നു.
ഇത്തവണ പക്ഷേ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം പ്രവചിക്കാത്ത സര്‍വേ ഫലങ്ങളാണ് വന്നിരുന്നത്. എങ്കിലും നേരിയ മുന്‍തൂക്കം ആദ്യ ഘട്ടത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനാണ് നല്‍കിയത്. എന്നാല്‍ വോട്ടെടുപ്പ് ദിവസത്തോട് അടുക്കവേ കമലയുമായുള്ള അകലം ഡൊണാള്‍ഡ് ട്രംപ് കുറച്ചു വരുന്ന പ്രവണതയാണ് കണ്ടിരുന്നത്. അതിനാല്‍ തന്നെ ഇത്തവണത്തെ ആദ്യഫല സൂചനകള്‍ നിര്‍ണായകമാണ്.