വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരത്തെടുപ്പിൽ വിധി നിർണയിക്കുന്ന സ്വിംഗ് സ്റ്റേറ്റുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിൻ്റെ മുന്നേറ്റം. ഈ മുന്നേറ്റം തുടർന്നാൽ 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാൻ ട്രംപിന് കഴിയും.
നിലവിൽ 2 14 ഇലക്ടറൽ വോട്ടുകളുമായി ട്രംപ് മുന്നേറ്റം തുടരുന്നു. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമാകും.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്‌റ്റേറ്റുകളിൽ ആറിലും ട്രംപ് തന്നെയാണ് മുന്നിൽ. അരിസോന, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ, ജോർജിയ, നോർത്ത് കാരോലൈന എന്നിവിടങ്ങളിൽ ട്രംപ് മുന്നേറുകയാണ്. മിഷിഗനിൽ കമല തുടക്കത്തിൽ മുന്നേറ്റം കാഴ്ചവെച്ചുവെങ്കിലും പിന്നീട് ട്രംപ് അത് മറികടക്കുകയായിരുന്നു. നേവാഡയിലെ ഫല സൂചനകൾ കൂടി പുറത്തുവരാനുണ്ട്.
ചാഞ്ചാടുന്ന ഏഴുസംസ്‌ഥാനങ്ങളിലും (കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നായിരുന്നു സർവേ ഫലം. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്‌റ്റേറ്റ്സ്. സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴിൽ ആറും ട്രംപിനൊപ്പമാണെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, ഇതുവരെ പുറത്തുവന്ന ഫലസൂചനകൾ പ്രകാരം 21 സംസ്‌ഥാനങ്ങളിൽ ട്രംപ് മുന്നേറുകയാണ്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.